ഉയർന്ന ശമ്പളം വാങ്ങുന്നവർ പോലും ആഡംബര ജീവിതത്തിനും ഡിജിറ്റൽ ലോൺ ആപ്പുകൾക്കും പിന്നാലെ പോയി വലിയ കടക്കെണിയിൽ അകപ്പെടുന്നുവെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. മാസം 2 ലക്ഷം രൂപ ശമ്പളം വാങ്ങുന്ന ഒരാള്‍, ഓരോ മാസവും 3.3 ലക്ഷം രൂപ ഇഎംഐ ആയി അടയ്ക്കേണ്ടി വരുന്ന സാഹചര്യമുണ്ടെന്ന് സെബി അംഗീകൃത നിക്ഷേപ ഉപദേഷ്ടാവായ അഭിഷേക് കുമാര്‍. 

പുറമെ കാണുന്ന ആഡംബര ജീവിതത്തിനപ്പുറം, ശമ്പളക്കാരെ കാത്തിരിക്കുന്നത് വന്‍ കടക്കെണിയാണെന്ന മുന്നറിയിപ്പുമായി സാമ്പത്തിക വിദഗ്ധര്‍. മാസം 2 ലക്ഷം രൂപ ശമ്പളം വാങ്ങുന്ന ഒരാള്‍, ഓരോ മാസവും 3.3 ലക്ഷം രൂപ ഇഎംഐ ആയി അടയ്ക്കേണ്ടി വരുന്ന ഞെട്ടിക്കുന്ന സാഹചര്യം വരെയുണ്ടെന്ന് സെബി അംഗീകൃത നിക്ഷേപ ഉപദേഷ്ടാവായ അഭിഷേക് കുമാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു.

കഴിഞ്ഞ 15 വര്‍ഷത്തെ അനുഭവസമ്പത്തിനിടയില്‍, പുറമെ സമ്പന്നരായി തോന്നിക്കുമെങ്കിലും കടം കയറി ബുദ്ധിമുട്ടുന്ന ഒട്ടേറെപ്പേരെ കണ്ടിട്ടുണ്ടെന്ന് ഇദ്ദേഹം പോസ്റ്റില്‍ കുറിച്ചു. ഡിജിറ്റല്‍ ലോണ്‍ ആപ്പുകളുടെ കടന്നുകയറ്റവും 'പത്രാസ്' കാണിക്കാനുള്ള പ്രവണതയുമാണ് പലരെയും ഈ അവസ്ഥയില്‍ എത്തിക്കുന്നത്.

കടം പെരുകി സിബില്‍ സ്‌കോര്‍ തകരാറിലാകുന്നതോടെ, ഉയര്‍ന്ന പലിശയുള്ള ചെറുകിട ലോണുകള്‍ മാറ്റി കുറഞ്ഞ പലിശയുള്ള ഒറ്റ ലോണാക്കി മാറ്റാനുള്ള അവസരവും ഇവര്‍ക്ക് നഷ്ടപ്പെടുന്നു.

കടക്കെണിയില്‍ നിന്ന് രക്ഷപെടാന്‍ 5 വഴികള്‍ കൂടി അഭിഷേക് കുമാര്‍ നിര്‍ദേശിക്കുന്നു.

1. ചെറിയ ലോണുകള്‍ അവസാനിപ്പിക്കുക: വലിയ ലോണുകളെ നോക്കാതെ, ആദ്യം ഏറ്റവും ചെറിയ 6-7 ലോണുകള്‍ അടച്ചു തീര്‍ക്കുക. ഇത്തരം ചെറിയ കടങ്ങള്‍ മാനസികമായും സാമ്പത്തികമായും വലിയ സമ്മര്‍ദ്ദമുണ്ടാക്കും.

2. ഇഎംഐ ഭാരം കുറയ്ക്കുക: ചെറിയ ലോണുകള്‍ തീര്‍ക്കുന്നതോടെ മാസ തിരിച്ചടവില്‍ വലിയ കുറവുണ്ടാകും. ഉദാഹരണത്തിന്, ചെറിയ കടങ്ങള്‍ തീര്‍ത്താല്‍ 3.3 ലക്ഷത്തിന്റെ ഇഎംഐ 2.5 ലക്ഷത്തിലേക്ക് താഴ്ത്താന്‍ കഴിഞ്ഞേക്കും.

3. ഫിന്‍ടെക് ആപ്പുകളില്‍ നിന്ന് പുറത്തുകടക്കുക: ഏര്‍ലി സാലറി , ക്രേസി ബീ തുടങ്ങിയ ആപ്പുകളില്‍ നിന്നുള്ള ലോണുകള്‍ ഉയര്‍ന്ന പലിശയുള്ളവയാണ്. ഇവ എത്രയും വേഗം അവസാനിപ്പിക്കുക.

4. വലിയ ലോണുകളെ നേരിടുക: കയ്യില്‍ ഒരു തുക വരികയാണെങ്കില്‍ അത് എല്ലാ ലോണുകളിലുമായി വീതിക്കാതെ, ഏറ്റവും വലിയ ഇഎംഐ ഉള്ള ഒരു ബാങ്ക് ലോണ്‍ പൂര്‍ണ്ണമായും അടച്ചു തീര്‍ക്കുക. ഇത് നിങ്ങളുടെ വരുമാനവും കടവും തമ്മിലുള്ള അനുപാതം മെച്ചപ്പെടുത്തും.

5. അക്കൗണ്ടുകള്‍ കൃത്യമായി ക്ലോസ് ചെയ്യുക: ലോണ്‍ അടച്ചു തീര്‍ത്താല്‍ മാത്രം പോരാ, ബാങ്കില്‍ നിന്ന് എന്‍ഒസി വാങ്ങി ആ ക്രെഡിറ്റ് അക്കൗണ്ടുകള്‍ പൂര്‍ണ്ണമായും ക്ലോസ് ചെയ്യണം. ഇല്ലെങ്കില്‍ വീണ്ടും കടമെടുക്കാനുള്ള പ്രലോഭനമുണ്ടാകും.

കടം വെറും കണക്കല്ല, അതൊരു ശീലമാണ്

കടം എന്നത് വെറുമൊരു കണക്കിന്റെ പ്രശ്‌നമല്ല, അതൊരു സ്വഭാവത്തിന്റെ പ്രശ്‌നമാണ്, അഭിഷേക് കുമാര്‍ വ്യക്തമാക്കുന്നു. 'ഇപ്പോള്‍ വാങ്ങൂ, പിന്നീട് പണമടയ്ക്കൂ' തുടങ്ങിയ സൗകര്യങ്ങളും വിരല്‍ത്തുമ്പില്‍ കിട്ടുന്ന ലോണുകളും ഇന്ത്യയിലെ നഗര മധ്യവര്‍ഗത്തിന്റെ സാമ്പത്തിക അച്ചടക്കം തെറ്റിക്കുകയാണ്. കൃത്യമായ പ്ലാനിംഗും അത്യാവശ്യത്തിന് മാത്രം കടമെടുക്കുന്ന ശീലവും ഇല്ലെങ്കില്‍ ആരും ഈ കെണിയില്‍ വീഴാമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.