ഓരോ വര്‍ഷവും പോളിസി പുതുക്കുന്നതിന് പകരം മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ ഒന്നിച്ചെടുക്കാവുന്നതാണ് മള്‍ട്ടി ഇയര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്ലാനുകള്‍. പ്രീമിയത്തില്‍ വലിയ ഇളവുകള്‍, പ്രീമിയം വര്‍ദ്ധനവില്‍ നിന്ന് സംരക്ഷണം, തടസമില്ലാത്ത പരിരക്ഷ എന്നിവയാണ് ഇതിന്റെ പ്രധാന നേട്ടങ്ങള്‍.
ചികിത്സാ ചെലവുകള്‍ റോക്കറ്റ് പോലെ കുതിക്കുമ്പോള്‍ സാധാരണക്കാരന്റെ പോക്കറ്റ് ചോരാതെ കാക്കാന്‍ 'മള്‍ട്ടി ഇയര്‍' ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്ലാനുകള്‍ വിപണിയില്‍ സജീവമാകുന്നു. ഓരോ വര്‍ഷവും പോളിസി പുതുക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാം എന്ന് മാത്രമല്ല, വലിയ സാമ്പത്തിക ലാഭവും ഇത്തരം ദീര്‍ഘകാല പ്ലാനുകള്‍ വാഗ്ദാനം ചെയ്യുന്നു.
എന്താണ് മള്‍ട്ടി ഇയര്‍ പ്ലാന്‍?
സാധാരണയായി ഒരു വര്‍ഷത്തേക്കാണ് നമ്മള്‍ ഇന്‍ഷുറന്‍സ് എടുക്കാറുള്ളത്. എന്നാല്‍ മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള കാലയളവിലേക്ക് ഒന്നിച്ച് പോളിസി എടുക്കുന്നതിനെയാണ് മള്‍ട്ടി ഇയര്‍ പ്ലാന്‍ എന്ന് വിളിക്കുന്നത്.
നേട്ടങ്ങള്‍ ഇങ്ങനെ:
വന്‍ ഡിസ്‌കൗണ്ട്: ദീര്‍ഘകാലത്തേക്ക് ഒന്നിച്ച് പോളിസി എടുക്കുന്നവര്‍ക്ക് കമ്പനികള്‍ പ്രത്യേക ഇളവുകള്‍ നല്‍കുന്നു. രണ്ട് വര്‍ഷത്തെ പ്ലാനുകള്‍ക്ക് 10 ശതമാനം വരെയും, മൂന്ന് വര്‍ഷമോ അതില്‍ കൂടുതലോ ഉള്ള പ്ലാനുകള്‍ക്ക് 20 ശതമാനം വരെയും പ്രീമിയത്തില്‍ കുറവ് ലഭിക്കും.
പ്രീമിയം ലോക്ക്- ഇന്‍: ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇടയ്ക്കിടെ പ്രീമിയം തുക വര്‍ദ്ധിപ്പിക്കാറുണ്ട്. എന്നാല്‍ ഒരു മള്‍ട്ടി ഇയര്‍ പ്ലാന്‍ എടുത്താല്‍, ആ കാലയളവിലേക്ക് പ്രീമിയം തുക മാറില്ല. അതായത് ചികിത്സാ ചെലവുകള്‍ കൂടിയാലും നിങ്ങളുടെ പ്രീമിയം കൂടാതെ തന്നെ ലോക്ക് ചെയ്യപ്പെടും.
പ്രായം ബാധകമല്ല: പ്രായം കൂടുന്തോറും പ്രീമിയം കൂടുന്നതാണ് ഇന്‍ഷുറന്‍സ് രീതി. എന്നാല്‍ മള്‍ട്ടി ഇയര്‍ പ്ലാന്‍ എടുക്കുമ്പോള്‍, പോളിസി തുടങ്ങുന്ന സമയത്തെ പ്രായത്തിന്റെ അടിസ്ഥാനത്തിലുള്ള കുറഞ്ഞ പ്രീമിയം തുടര്‍ന്നുള്ള വര്‍ഷങ്ങളിലും നിലനില്‍ക്കും.
തുടര്‍ച്ചയായ പരിരക്ഷ: ഓരോ വര്‍ഷവും പുതുക്കാന്‍ മറന്നുപോകുന്നത് മൂലം പോളിസി ലാപ്‌സ് ആകാനുള്ള സാധ്യത ഇത്തരം പ്ലാനുകളില്‍ ഇല്ല. നോ ക്ലെയിം ബോണസ് ആനുകൂല്യങ്ങളും തടസമില്ലാതെ ലഭിക്കും.
പണമടയ്ക്കാന്‍ തവണ വ്യവസ്ഥകള്‍
ഒറ്റയടിക്ക് വലിയ തുക അടയ്ക്കാന്‍ പ്രയാസമുള്ളവര്‍ക്കായി മാസതവണകളായോ മൂന്ന് മാസത്തിലൊരിക്കലോ പണമടയ്ക്കാനുള്ള സൗകര്യവും ഇപ്പോള്‍ ഒട്ടുമിക്ക കമ്പനികളും നല്‍കുന്നുണ്ട്.
ഓരോ വര്‍ഷവും തുക പുതുക്കപ്പെടും
മള്‍ട്ടി ഇയര്‍ പ്ലാനുകളില്‍ ഇന്‍ഷുറന്‍സ് തുക ഓരോ വര്‍ഷവും പുതുക്കപ്പെടും. ഉദാഹരണത്തിന് 5 ലക്ഷം രൂപയുടെ പോളിസി മൂന്ന് വര്‍ഷത്തേക്ക് എടുത്താല്‍, ഓരോ വര്‍ഷവും 5 ലക്ഷം രൂപ വീതം ചികിത്സയ്ക്കായി ലഭിക്കും. ഒരു വര്‍ഷം തുക ചിലവാക്കിയാലും അടുത്ത വര്‍ഷം അത് വീണ്ടും റീസെറ്റ് ചെയ്യപ്പെടും
യുവാക്കള്‍ക്ക് ഇരട്ടി ലാഭം
ചെറുപ്പത്തില്‍ തന്നെ ഇത്തരം പ്ലാനുകള്‍ എടുക്കുന്നതാണ് ബുദ്ധി എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കുറഞ്ഞ പ്രായത്തില്‍ പ്രീമിയം വളരെ കുറവായിരിക്കും. ഈ കുറഞ്ഞ നിരക്ക് 5 വര്‍ഷത്തേക്ക് ലോക്ക് ചെയ്യാമെന്നതാണ് പ്രധാന നേട്ടം. കൂടാതെ, ഗുരുതര രോഗങ്ങള്‍ക്കുള്ള വെയിറ്റിംഗ് പിരീഡ് ആരോഗ്യവാനായിരിക്കുമ്പോള്‍ തന്നെ പൂര്‍ത്തിയാക്കാനും ഇത് സഹായിക്കും.


