പെട്ടെന്നൊരു ആവശ്യം വന്നപ്പോഴാണ് ബോബി ഒരു ഫിന്‍ടെക് കമ്പനിയില്‍ ഓണ്‍ലൈനായി വായ്പയ്ക്ക് അപേക്ഷിച്ചത്. സാലറി സ്ലിപ്പും അക്കൗണ്ട് സ്റ്റേറ്റ്‌മെന്റും ഒന്നും ആവശ്യപ്പെട്ടില്ല. വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ വിവരങ്ങളാണ് കമ്പനി ആവശ്യപ്പെട്ടത്. ഏതാണ്ട് നാല് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വായ്പ നിരസിച്ച് കൊണ്ടുള്ള ഹ്രസ്വ സന്ദേശം ബോബിക്ക് കിട്ടി !

വായ്പ നിരസിച്ചതിന് കാരണമെന്താണെന്ന് വണ്ടറടിച്ച ബോബി കമ്പനിയുടെ കസ്റ്റമര്‍ കെയറില്‍ വിളിച്ചന്വേഷിച്ചു. സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും മറ്റും ബോബി പലപ്പോഴായി കടം വാങ്ങിയിട്ടുണ്ടെന്നും അതൊന്നും കൃത്യമായി തിരിച്ച് കൊടുത്തിട്ടില്ലെന്നും കമ്പനി മനസ്സിലാക്കിയിരിക്കുന്നു. അതിനാല്‍ താങ്കളുടെ അപേക്ഷ അനുകൂലമായി കൈകാര്യം ചെയ്യാന്‍ പറ്റുന്നില്ല. മെസ്സഞ്ചറിലും വാട്‌സ്ആപ്പിലും ഒക്കെയായി ബോബിയുടെ സാമൂഹിക ഇടപാടുകളും പെരുമാറ്റങ്ങളുമാണ് കമ്പനി അക്കൗണ്ട് സ്റ്റേറ്റ്‌മെന്റിനേക്കാള്‍ വായ്പ കൊടുക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ അടിസ്ഥാനമാക്കിയത്.

സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് ഓരോരുത്തരുടേയും സാമ്പത്തിക സ്വഭാവം കൃത്യമായി അവലോകനം ചെയ്ത് ധനകാര്യ കമ്പനികള്‍ക്കും ബാങ്കുകള്‍ക്കും കൊടുക്കുന്ന സേവനം ആഗോളാടിസ്ഥാനത്തില്‍ വളര്‍ന്ന് കയറുകയാണ്. ബിഗ് ഡേറ്റാ അനലറ്റിക്‌സ്, നിര്‍മിത ബുദ്ധി, സ്വയം പഠിച്ചെടുക്കുന്ന അല്‍ഗോരിതംസ് എന്നൊക്കെ വിളിപ്പേരുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത സാങ്കേതിക വിദ്യകളാണ് ഇതിന്റെ പിന്നില്‍.

അക്ഷരാര്‍ത്ഥത്തില്‍ ഭൂലോകത്തെ മൊത്തത്തില്‍ ഒരു ഡിജിറ്റല്‍ ഗ്രാമമാക്കി മാറ്റിയിരിക്കുന്നു. ഗ്രാമത്തില്‍ ആര് ആരാണെന്ന് എല്ലാവര്‍ക്കും അറിയാം, എല്ലാവരുടേയും ഇടപാടുകളും അറിയാം. അതായത് ഭാവിയിൽ ചിലപ്പോൾ നിങ്ങളുടെ ഒരു ഫേസ്ബുക്ക് പോസ്റ്റ് മതി ലോൺ കിട്ടാതെ പോകാൻ എന്ന് അർത്ഥം.

ബിഗ് ഡേറ്റയുടെ ആരാധകരാകുന്ന ബാങ്കുകൾ

പുതിയ സംവിധാനങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുക ഇതുവരെ ക്രെഡിറ്റ് കാര്‍ഡോ വായ്പകളോ എടുത്തിട്ടില്ലാത്ത ചെറുപ്പക്കാരെയാണ്. ക്രെഡിറ്റ് ഹിസ്റ്ററി ഇല്ലാത്തതിനാല്‍ സിബില്‍ പരതിയാല്‍ ഇവരുടെ ക്രെഡിറ്റ് സ്‌കോര്‍ മൈനസ് ഒന്ന് എന്ന് കാണാം. അപ്പോള്‍ പിന്നെ ആളെ മനസ്സിലാക്കാന്‍ സോഷ്യല്‍ മീഡിയ തന്നെ ആശ്രയം. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിറഞ്ഞ് നില്‍ക്കുന്ന ഇവരെല്ലാം രഹസ്യവും പരസ്യവുമായ എല്ലാ വിവരങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ടാകും. മെഗാ ബൈറ്റ് കണക്കിന് ടെക്സ്റ്റ് മെസ്സേജുകളും മറ്റ് വിവരങ്ങളും നിമിഷം കൊണ്ട് പരതിയെടുത്ത് കാച്ചി കുറുക്കി കൃത്യമായ  വിവരം കമ്പനികള്‍ക്ക് ലഭിക്കും.

പുതുതലമുറ ഫിന്‍ടെക് കമ്പനികള്‍ മാത്രമല്ല, പല ബാങ്കുകളും ബിഗ് ഡേറ്റയുടെ ആരാധകരാകുകയാണ്. വായ്പയ്ക്കായി ഓണ്‍ലൈന്‍ അപേക്ഷകള്‍ ടൈപ്പ് ചെയ്യുമ്പോള്‍ ഇറേസ് ചെയ്യുന്നതും മാറ്റി മാറ്റി കൊടുക്കുന്നതുമായ വിവരങ്ങള്‍ ഒരു വിവരശേഖരത്തിലേയ്ക്ക് മാറ്റപ്പെടും. ഇത്തരം വിവരങ്ങള്‍ എല്ലാം കൂടി അനലൈസ് ചെയ്തായിരിക്കും വായ്പ കൊടുക്കണമോ എന്ന തീരുമാനത്തില്‍ എത്തുക.

സ്വകാര്യ വിവരങ്ങള്‍ സത്യസന്ധമായി മനസ്സിലാക്കുന്നതിന് സമൂഹ മാധ്യമങ്ങളിലേക്കുളള എത്തിനോട്ടം ഇനി സംഭവിക്കുക മെഡിക്കല്‍ ഇന്‍ഷുറന്‍സ് മേഖലയിലാണ്. ഒരാള്‍ പുതിയ പോളിസിയ്ക്ക് അപേക്ഷിക്കുമ്പോഴോ നിലവിലുള്ള പോളിസികള്‍ പുതുക്കി എടുക്കാനോ കമ്പനികളെ സമീപിക്കുമ്പോഴാണ് ആദ്യത്തെ കടമ്പ. പോളിസി വേണ്ട വ്യക്തിയ്ക്ക് കമ്പനി അറിയിക്കാതെ എന്തൊക്കെ രോഗങ്ങളുണ്ട്, ഡോക്ടര്‍മാരെ കാണുന്നുണ്ടോ, മരുന്നുകള്‍ വല്ലതും കഴിക്കുന്നുണ്ടോ, ചികിത്സകള്‍ വല്ലതും നടത്തിയിട്ടുണ്ടോ എന്നൊക്കെ സോഷ്യല്‍ മീഡിയയില്‍ പരിശോധന നടത്തും. കമ്പനിയെ ദോഷകരമായി ബാധിക്കുന്ന വിവരങ്ങള്‍ കിട്ടിയാല്‍ പോളിസി നിരസിക്കും.

ഇന്‍ഷുറന്‍സ് ക്ലെയിം സമര്‍പ്പിക്കുമ്പോള്‍ പണം നല്‍കണമോ വേണ്ടയോ എന്ന് കമ്പനികള്‍ തീരുമാനമെടുക്കുന്നത് സോഷ്യല്‍ മീഡിയയില്‍ നടത്തുന്ന ബിഗ് ഡേറ്റാ അനലറ്റിക്‌സിലൂടെയാകുന്ന ദിവസങ്ങള്‍ അടുത്തെത്തിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ നിന്ന് ഒരു പടി കൂടി കടന്ന് ആശുപത്രികളുടെയും സര്‍ക്കാരിന്റെയും പൊതു വിവരശേഖരങ്ങളും ഉപയോഗപ്പെടുത്തിയാല്‍ അതിശയപ്പെടാനില്ല. ഏറ്റവും സുരക്ഷിതമായി സൂക്ഷിക്കുന്ന ക്രെഡിറ്റ് കാര്‍ഡുകളെ സംബന്ധിച്ച വിവരങ്ങള്‍ ഹാക്ക് ചെയ്ത് കൊണ്ട് പോകുമ്പോള്‍ വിവരങ്ങളുടെ വില എത്രമാത്രം വലുതാണെന്ന് മനസ്സിലാക്കാം. 

- സി എസ് രഞ്ജിത് (ലേഖകൻ പ്രമുഖ വ്യക്തിഗത സാമ്പത്തിക കാര്യ വിദഗ്ധനാണ്)