Asianet News MalayalamAsianet News Malayalam

ക്രിപ്റ്റോകറൻസി ബിൽ ഉടൻ എത്തും: പാർലമെന്റിൽ ചോദ്യത്തിന് മറുപടി നൽകി അനുരാഗ് താക്കൂർ

ക്രിപ്റ്റോകറൻസിയുമായി ബന്ധപ്പെട്ട ഇടപാടുകൾ പ്രോസസ്സ് ചെയ്യുന്നതിൽ നിന്ന് 2018 ൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ ബി ഐ) ബാങ്കുകളെ വിലക്കിയിരുന്നു.

cryptocurrency bill soon
Author
new Delhi, First Published Feb 9, 2021, 3:39 PM IST

ദില്ലി: ക്രിപ്റ്റോകറൻസി ബിൽ അന്തിമമാക്കാനുള്ള ശ്രമത്തിലാണെന്നും ഉടൻ കേന്ദ്ര മന്ത്രിസഭയുടെ പരി​ഗണനയ്ക്ക് അയയ്ക്കുമെന്നും രാജ്യസഭയിലെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു.

ക്രിപ്റ്റോകറൻസിയുമായി ബന്ധപ്പെട്ട ഇടപാടുകൾ പ്രോസസ്സ് ചെയ്യുന്നതിൽ നിന്ന് 2018 ൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ ബി ഐ) ബാങ്കുകളെ വിലക്കിയിരുന്നു. എന്നാൽ, കഴിഞ്ഞ വർഷം മാർച്ചിൽ സുപ്രീം കോടതി നിരോധനം നീക്കി.

"ബിറ്റ്കോയിനുകളുടെയും മറ്റ് ക്രിപ്റ്റോകറൻസികളുടെയും പ്രശ്നം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. റിസർവ് ബാങ്ക് പുറപ്പെടുവിച്ച സർക്കുലറിന് പരിമിതികളുണ്ട്. രാജ്യത്ത് ക്രിപ്റ്റോകറൻസി തടയുന്നതിനുള്ള ബിൽ കൊണ്ടുവരാൻ എന്തെങ്കിലും നിർദ്ദേശമുണ്ടോ എന്ന് അറിയാൻ ഞാൻ ആഗ്രഹിക്കുന്നു, ”കർണാടകയിൽ നിന്നുള്ള ഭാരതീയ ജനതാ പാർട്ടി പാർലമെന്റ് അംഗം കെ സി രാമമൂർത്തി രാജ്യസഭയിൽ ചോദിച്ചു.

ക്രിപ്റ്റോകറൻസികൾ കറൻസികളോ ആസ്തികളോ അല്ലെന്നും അവ ആർബിഐയുടെയും സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) യുടെയും നേരിട്ടുള്ള റെഗുലേറ്ററി പരിധിക്ക് പുറത്താണ്. അതിനാൽ ഈ വിഷയത്തിൽ സർക്കാർ ബിൽ കൊണ്ടുവരുമെന്നും അനുരാ​ഗ് താക്കൂർ മറുപടിയായി പറഞ്ഞു.

"ആർബിഐ, സെബി മുതലായ നിയന്ത്രണ സംവിധാനങ്ങൾക്ക് ക്രിപ്റ്റോകറൻസികളെ നേരിട്ട് നിയന്ത്രിക്കുന്നതിനുള്ള നിയമപരമായ ചട്ടക്കൂട് ഇല്ല, കാരണം അവ കറൻസികളോ ആസ്തികളോ തിരിച്ചറിയാവുന്ന ഉപയോക്താവ് നൽകുന്ന സെക്യൂരിറ്റികളോ കമ്മോഡിറ്റിയോ അല്ല. നിലവിലുള്ള നിയമങ്ങൾ വിഷയം കൈകാര്യം ചെയ്യാൻ പര്യാപ്തമല്ല. സർക്കാർ ഒരു മന്ത്രാലയതല സമിതി രൂപീകരിച്ചിരുന്നു. പ്രസ്തുത സമിതി സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ഈ വിഷയത്തിൽ കാബിനറ്റ് സെക്രട്ടറി അധ്യക്ഷനായ സെക്രട്ടറിമാരുടെ സമിതിയും റിപ്പോർട്ട് നൽകിയിട്ടുണ്ട്. ബിൽ അന്തിമരൂപം നൽകി ഉടൻ മന്ത്രിസഭയിലേക്ക് അയയ്ക്കും. സർക്കാർ ഉടൻ ബിൽ കൊണ്ടുവരും, ”താക്കൂർ പറഞ്ഞു.


 

Follow Us:
Download App:
  • android
  • ios