നഗരങ്ങളിൽ വാടകയ്ക്ക് താമസിക്കുന്നവർക്കും മികച്ച സാമ്പത്തിക ഭദ്രത കൈവരിക്കാൻ സാധിക്കും. വരുമാനത്തിന്റെ ഒരു ഭാഗം ചിലവാക്കും മുൻപ് നിക്ഷേപിക്കുക, ചെലവുകൾ നിയന്ത്രിക്കുക, എമർജൻസി ഫണ്ട് കരുതുക, നിക്ഷേപങ്ങളിൽ വൈവിധ്യം കൊണ്ടുവരുക തുടങ്ങിയ സാമ്പത്തിക ശീലങ്ങളിലൂടെ ആർക്കും സമ്പത്ത് കെട്ടിപ്പടുക്കാം.
നഗരങ്ങളില്‍ ജീവിക്കുന്നവരെ സംബന്ധിച്ച് അവരുടെ മാസ വരുമാനത്തിന്റെ വലിയൊരു പങ്കും പോകുന്നത് വീട്ടുവാടകയ്ക്കാണ്. എന്നാല്‍ ജീവിതകാലം മുഴുവന്‍ വാടകക്കാരനായി തുടരണോ അതോ സ്വന്തമായി ഒരു സമ്പാദ്യം കെട്ടിപ്പടുക്കണോ എന്നത് നിങ്ങളുടെ വരുമാനത്തെ മാത്രം ആശ്രയിച്ചല്ല ഇരിക്കുന്നത്. പകരം, നേരത്തെ തന്നെ തുടങ്ങുന്ന മികച്ച സാമ്പത്തിക ശീലങ്ങളാണ് ഒരാളെ സമ്പന്നനാക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.
ചിട്ടയായ നിക്ഷേപം, കൃത്യമായ ബജറ്റിംഗ്, നിക്ഷേപങ്ങളിലെ വൈവിധ്യവല്‍ക്കരണം എന്നിവയിലൂടെ മാസവരുമാനത്തെ വലിയൊരു സമ്പാദ്യമാക്കി മാറ്റാമെന്ന് ഇന്‍വെസ്റ്റ്മെന്റ് പ്രൊഫഷണലുകളും ഫിന്‍ടെക് വിദഗ്ധരും സാക്ഷ്യപ്പെടുത്തുന്നു. ഇതിനായി നിങ്ങളുടെ ജീവിതത്തില്‍ പകര്‍ത്തേണ്ട കുറച്ച് സാമ്പത്തിക ശീലങ്ങൾ നോക്കാം.
ചെലവാക്കും മുന്‍പ് നിക്ഷേപിക്കുക
സമ്പാദിക്കുക എന്നത് ഒരു ലക്ഷ്യം എന്നതിലുപരി ഒരു ശീലമാക്കി മാറ്റണം. ശമ്പളം കിട്ടിയാല്‍ അത്യാവശ്യമല്ലാത്ത കാര്യങ്ങള്‍ക്കായി ചെലവാക്കുന്നതിന് മുന്‍പ് തന്നെ വരുമാനത്തിന്റെ 25 മുതല്‍ 30 ശതമാനം വരെ നിക്ഷേപിക്കാന്‍ ശീലിക്കുക. എല്ലാ മാസവും അക്കൗണ്ടില്‍ നിന്ന് തനിയെ പണം നിക്ഷേപിക്കപ്പെടുന്ന രീതി തിരഞ്ഞെടുക്കുന്നത് സാമ്പത്തിക അച്ചടക്കം വളര്‍ത്താന്‍ സഹായിക്കും. മാസാന്ത്യം ചെലവുകള്‍ കഴിഞ്ഞ് മിച്ചം വരുന്ന തുകയല്ല, മറിച്ച് തുടക്കത്തില്‍ തന്നെ സ്ഥിരമായി മാറ്റിവെക്കുന്ന തുകയാണ് സമ്പത്തായി മാറുന്നത്.
വാടകയും വീട്ടുചെലവുകളും നിയന്ത്രിക്കുക
കയ്യില്‍ കിട്ടുന്ന ശമ്പളത്തിന്റെ 30 ശതമാനത്തില്‍ കൂടുതല്‍ തുക വാടകയ്ക്കായി ചെലവാക്കരുതെന്ന് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു. ബാക്കി വരുന്ന തുക ആഡംബരങ്ങള്‍ക്കായി കളയാതെ നിക്ഷേപിക്കാന്‍ ഉപയോഗിക്കണം. ലഭിക്കുന്ന വരുമാനം കൃത്യമായി നിക്ഷേപിക്കാന്‍ തയ്യാറായാല്‍ വാടകയ്ക്ക് താമസിക്കുന്നത് ഒരിക്കലും സമ്പാദിക്കുന്നതിന് ഒരു തടസമാകില്ല.
എമർജൻസി ഫണ്ട്
കുറഞ്ഞത് ആറ് മാസത്തെ വീട്ടുചെലവുകള്‍ക്കെങ്കിലും ആവശ്യമായ തുക പെട്ടെന്ന് പണമാക്കി മാറ്റാന്‍ കഴിയുന്ന രീതിയില്‍ മാറ്റിവെക്കുന്നതാണ് നല്ലത്. ജോലി പോവുകയോ വിപണിയില്‍ തകര്‍ച്ച ഉണ്ടാവുകയോ ചെയ്യുമ്പോള്‍ നിങ്ങളുടെ ദീര്‍ഘകാല നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്നത് ഒഴിവാക്കാന്‍ ഇത് സഹായിക്കും.
നിക്ഷേപ മാർഗങ്ങൾ
സേവിങ്‌സ് അക്കൗണ്ടുകള്‍, സ്വര്‍ണ്ണം, ഓഹരികള്‍ എന്നിവയെ മാത്രം ആശ്രയിക്കുന്ന രീതി നിക്ഷേപകര്‍ മാറ്റണം. നേരിട്ട് വസ്തുവകകള്‍ വാങ്ങാതെ തന്നെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിന്ന് മികച്ച വരുമാനം നേടാനുള്ള വഴികള്‍ ഇന്നുമുണ്ട്. റിയല്‍ എസ്റ്റേറ്റ് പിന്‍ബലമുള്ള സെക്യുവേര്‍ഡ് നോണ്‍- കണ്‍വെര്‍ട്ടബിള്‍ ഡിബഞ്ചറുകള്‍, സെബിയുടെ നിയന്ത്രണത്തിലുള്ള ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടുകള്‍ തുടങ്ങിയവ ഇതിനായി പരിഗണിക്കാവുന്നതാണ്.
ചെലവുകള്‍ ട്രാക്ക് ചെയ്യാം, നിക്ഷേപം ഓട്ടോമാറ്റിക് ആക്കാം
ഓരോ രൂപയും എവിടേക്കാണ് പോകുന്നതെന്ന് കൃത്യമായി മനസിലാക്കുന്നിടത്താണ് സാമ്പത്തിക അച്ചടക്കം തുടങ്ങുന്നത്.
50-30-20 റൂൾ: വരുമാനത്തെ അവശ്യ ചെലവുകള്‍, അത്യാവശ്യമല്ലാത്ത ചെലവുകള്‍, സമ്പാദ്യം എന്നിങ്ങനെ തരംതിരിക്കാന്‍ ഈ ബജറ്റിംഗ് രീതി ഉപയോഗിക്കാം.
എസ് ഐ പി ആരംഭിക്കുക
വാടക, ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍, ഇഎംഐകള്‍, മറ്റ് സബ്‌സ്‌ക്രിപ്ഷനുകള്‍ എന്നിവ ഓരോ വര്‍ഷവും വിലയിരുത്തണം. നിങ്ങള്‍ കൃത്യമായി വാടക അടയ്ക്കുന്ന രേഖകള്‍ വെറുമൊരു ചെലവിന്റെ കണക്കല്ല, മറിച്ച് നിങ്ങളുടെ സാമ്പത്തിക അച്ചടക്കത്തിന്റെ തെളിവ് കൂടിയാണ്.
വര്‍ഷത്തിലൊരിക്കല്‍ നിക്ഷേപങ്ങള്‍ കണക്കു കൂട്ടാം
അടിക്കടി നിക്ഷേപങ്ങളില്‍ മാറ്റം വരുത്തുന്നതിന് പകരം വര്‍ഷത്തിലൊരിക്കല്‍ മാത്രം നിങ്ങളുടെ പോര്‍ട്ട്‌ഫോളിയോ അവലോകനം ചെയ്യുക. ഓഹരികള്‍, കടപ്പത്രങ്ങള്‍, മറ്റ് ആസ്തികള്‍ എന്നിവയിലെ നിക്ഷേപങ്ങള്‍ വര്‍ഷത്തിലൊരിക്കല്‍ മാത്രം വിലയിരുത്തി ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നത് അനാവശ്യമായ ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കാനും ദീര്‍ഘകാലാടിസ്ഥാനത്തില്‍ മികച്ച നേട്ടം നല്‍കാനും സഹായിക്കും.
ഉയര്‍ന്ന ശമ്പളം ലഭിക്കുന്നത് കൊണ്ട് മാത്രം ഒരാള്‍ സമ്പന്നനാകണമെന്നില്ല. മറിച്ച് വര്‍ഷങ്ങളോളം തുടരുന്ന കൃത്യമായ സാമ്പത്തിക ശീലങ്ങളാണ് അതിന് ആധാരം. സ്ഥിരമായി നിക്ഷേപിക്കുക, വീട്ടുചെലവുകള്‍ നിയന്ത്രിക്കുക, വൈവിധ്യമാര്‍ന്ന നിക്ഷേപങ്ങള്‍ നടത്തുക തുടങ്ങിയ ശീലങ്ങളിലൂടെ എല്ലാവർക്കും മികച്ച സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ സാധിക്കും.


