കേന്ദ്ര സർക്കാർ പുതിയതായി വിജ്ഞാപനം ചെയ്ത ഇപിഎഫ് സ്കീം 2026 പ്രകാരം പിഎഫ് തുക പിൻവലിക്കുന്നതിനുള്ള നിയമങ്ങളിൽ വലിയ മാറ്റങ്ങൾ വന്നിരിക്കുകയാണ്. പണം പിൻവലിക്കാനുള്ള വിഭാഗങ്ങൾ ലളിതമാക്കിയെങ്കിലും, അക്കൗണ്ടിൽ 25% ബാലൻസ് നിർബന്ധമാക്കി. ജോലി നഷ്ടപ്പെട്ടാൽ പണം പൂർണ്ണമായി പിൻവലിക്കാൻ ഒരു വർഷം കാത്തിരിക്കണമെന്നതാണ് പ്രധാന മാറ്റം.

കേന്ദ്ര സർക്കാർ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPF) സ്കീം 2026 വിജ്ഞാപനം ചെയ്തതോടെ, പിഎഫ് തുക പിൻവലിക്കുന്നതിനുള്ള നിയമങ്ങളിൽ വലിയ മാറ്റങ്ങൾ വന്നിരിക്കുകയാണ്. പുതിയ ചട്ടങ്ങൾ പണം പിൻവലിക്കുന്നത് കൂടുതൽ എളുപ്പമായെങ്കിലും റിട്ടയർമെന്റ് സേവിങ്സ് സുരക്ഷിതമായി നിലനിർത്താൻ ചില കർശന നിയന്ത്രണങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രധാന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

1. പണം പിൻവലിക്കാൻ കാറ്റഗറികൾ

മുമ്പ് പിഎഫ് അക്കൗണ്ടിൽ നിന്ന് പണം ഭാഗികമായി പിൻവലിക്കാൻ (Advance Withdrawal) നിരവധി കാരണങ്ങൾ കാണിക്കേണ്ടിയിരുന്നു. എന്നാൽ പുതിയ നിയമപ്രകാരം ഇവയെ മൂന്ന് പ്രധാന വിഭാഗങ്ങളായി ചുരുക്കി.

  • അത്യാവശ്യങ്ങൾ (Essential needs): ഗുരുതരമായ രോഗങ്ങൾ, ഉപരിപഠനം, വിവാഹം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
  • വീടുമായി ബന്ധപ്പെട്ടുള്ളവ (Housing needs): വീട് വാങ്ങൽ, നിർമ്മാണം, സ്ഥലം വാങ്ങൽ, ഭവന വായ്പ തിരിച്ചടവ്, വീട് പുതുക്കിപ്പണിയൽ എന്നിവ ഇതിന് കീഴിൽ വരും.
  • പ്രത്യേക സാഹചര്യങ്ങൾ (Special circumstances): സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് വിജ്ഞാപനം ചെയ്യുന്ന അടിയന്തര സാഹചര്യങ്ങൾ.

ഇതോടെ ഓൺലൈൻ പോർട്ടൽ വഴിയുള്ള അപേക്ഷ നടപടികളും പേപ്പർ ജോലികളും വളരെ ലളിതമാകും.

2. അക്കൗണ്ടിൽ 25% ബാലൻസ് നിർബന്ധം

വ്യവസ്ഥകൾക്ക് വിധേയമായി അർഹതപ്പെട്ട തുകയുടെ 100 ശതമാനവും പിൻവലിക്കാൻ അനുവാദമുണ്ടെങ്കിലും, അക്കൗണ്ടിലെ മുഴുവൻ തുകയും അനാവശ്യമായി പിൻവലിക്കാൻ കഴിയില്ല. പുതിയ ചട്ടപ്രകാരം, വരിസംഖ്യക്കാരുടെ ആകെ നിക്ഷേപത്തിന്റെ കുറഞ്ഞത് 25 ശതമാനമെങ്കിലും അക്കൗണ്ടിൽ നിർബന്ധമായും നിലനിർത്തണം. വിരമിക്കുന്ന കാലത്തേക്ക് ഒരു നിശ്ചിത തുകയെങ്കിലും സുരക്ഷിതമായി ഇരിക്കാനാണ് ഈ വ്യവസ്ഥ.

3. ഒരു വർഷം ഒന്നിലധികം തവണ പണം പിൻവലിക്കാം

പഴയ നിയമത്തിൽ ഓരോ ആവശ്യങ്ങൾക്കും ജോലി കാലയളവിൽ ഇത്ര തവണ മാത്രമേ പണം പിൻവലിക്കാവൂ എന്ന പരിധിയുണ്ടായിരുന്നു. എന്നാൽ പുതിയ ഘടനയിൽ, അക്കൗണ്ടിൽ മതിയായ ബാലൻസ് ഉണ്ടെങ്കിൽ ഒരു വർഷത്തിൽ തന്നെ ഒന്നിലധികം തവണ പണം പിൻവലിക്കാൻ അനുവദിക്കും. പ്രത്യേകിച്ച് ചികിത്സാ ആവശ്യങ്ങൾക്ക് ഈ ഇളവ് വലിയ ആശ്വാസമാകും.

4. ജോലി രാജിവെച്ചാൽ പണം കിട്ടാൻ ഒരു വർഷം കാത്തിരിക്കണം!

ജോലി നഷ്ടപ്പെടുകയോ രാജിവെക്കുകയോ ചെയ്യുന്നവർക്ക് വലിയ തിരിച്ചടിയാണ് പുതിയ നിയമം. പഴയ നിയമപ്രകാരം ജോലി ഇല്ലാതെ രണ്ട് മാസം കഴിഞ്ഞാൽ പിഎഫ് തുക പൂർണമായി പിൻവലിച്ച് അക്കൗണ്ട് ക്ലോസ് ചെയ്യാമായിരുന്നു (Final Settlement). എന്നാൽ പുതിയ സ്കീം അനുസരിച്ച് ഈ കാത്തിരിപ്പ് കാലാവധി 12 മാസമായി (ഒരു വർഷം) നീട്ടിയിട്ടുണ്ട്. അതായത് ജോലി പോയാൽ പൂർണമായ സെറ്റിൽമെന്റിനായി ഒരു വർഷം കാത്തിരിക്കേണ്ടി വരും. എന്നാൽ ഈ കാലയളവിൽ ചികിത്സ, വിവാഹം തുടങ്ങിയ ആവശ്യങ്ങൾക്കുള്ള ഭാഗികമായി പണം പിൻവലിക്കാൻ തടസമുണ്ടാകില്ല.

എങ്ങനെ അപേക്ഷിക്കാം?

അർഹരായവർക്ക് ഇപിഎഫ്ഒയുടെ (EPFO) യുണിഫൈഡ് മെമ്പർ പോർട്ടൽ വഴി യുഎൻ (UAN) നമ്പർ ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകൾ വേഗത്തിൽ പ്രോസസ് ചെയ്യുന്നതിനായി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, പാൻ (PAN), കെവൈസി (KYC) രേഖകൾ എന്നിവ കൃത്യമായി അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. പല ആവശ്യങ്ങൾക്കും സെൽഫ് ഡിക്ലറേഷൻ (സ്വയം സാക്ഷ്യപ്പെടുത്തൽ) മതിയെന്നതിനാൽ നടപടികൾ വേഗത്തിലാകും.