ലോണ്‍ തിരിച്ചടച്ചു തീരുന്നതിന് മുന്‍പ് അപേക്ഷകന്‍ മരിച്ചുപോയാല്‍ ബാക്കി തുകയ്ക്ക് എന്ത് സംഭവിക്കും? ആ തുക കുടുംബം അടയ്‌ക്കേണ്ടതുണ്ടോ?

അപ്രതീക്ഷിത സാമ്പത്തിക പ്രതിസന്ധികളില്‍ പലര്‍ക്കും വലിയൊരു ആശ്വാസമാണ് പേഴ്‌സണല്‍ ലോണുകള്‍. മറ്റ് വായ്പകളെ അപേക്ഷിച്ച് വേഗത്തില്‍ ലഭിക്കുമെന്നതും ഈടായി ഒന്നും നല്‍കേണ്ടതില്ല എന്നതും ഇതിന്റെ പ്രത്യേകതയാണ്. എന്നാല്‍, ലോണ്‍ തിരിച്ചടച്ചു തീരുന്നതിന് മുന്‍പ് അപേക്ഷകന്‍ മരിച്ചുപോയാല്‍ ബാക്കി തുകയ്ക്ക് എന്ത് സംഭവിക്കും? ആ തുക കുടുംബം അടയ്‌ക്കേണ്ടതുണ്ടോ?

ജപ്തി സാധ്യമല്ല

പേഴ്‌സണല്‍ ലോണുകള്‍ സുരക്ഷിതമല്ലാത്ത വായ്പകളുടെ ഗണത്തിലാണ് വരുന്നത്. അതായത്, വീടോ വാഹനമോ സ്വര്‍ണ്ണമോ ഒന്നും ഈട് നല്‍കാതെയാണ് ഈ വായ്പ ലഭിക്കുന്നത്. അതിനാല്‍ തന്നെ, വായ്പയെടുത്തയാള്‍ മരിച്ചാല്‍ തിരിച്ചടവ് മുടങ്ങിയെന്ന് കാണിച്ച് കുടുംബത്തിന്റെ വീടോ മറ്റ് വസ്തുവകകളോ ജപ്തി ചെയ്യാന്‍ ബാങ്കിന് നിയമപരമായി അധികാരമില്ല.

ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടോ?

മരണശേഷം ബാങ്കുകള്‍ ആദ്യം പരിശോധിക്കുന്നത് ലോണിന് 'വായ്പ സംരക്ഷണ ഇന്‍ഷുറന്‍സ്' ഉണ്ടോ എന്നാണ്. മിക്ക ബാങ്കുകളും വായ്പ നല്‍കുന്ന സമയത്ത് തന്നെ ചെറിയൊരു പ്രീമിയം തുക ഈടാക്കി ഇന്‍ഷുറന്‍സ് നല്‍കാറുണ്ട്. ഇത്തരം പരിരക്ഷ ഉണ്ടെങ്കില്‍, ബാക്കി തുക ഇന്‍ഷുറന്‍സ് കമ്പനി ബാങ്കിന് നല്‍കും. ഇതോടെ വായ്പ ക്ലോസ് ചെയ്യപ്പെടുകയും കുടുംബത്തിന് ബാധ്യത ഇല്ലാതാവുകയും ചെയ്യും.

ജാമ്യം നിന്നവരും സഹഅപേക്ഷകരും

വായ്പ എടുക്കുമ്പോള്‍ ഒന്നിലധികം പേര്‍ ചേര്‍ന്ന് അപേക്ഷിച്ചിട്ടുണ്ടെങ്കില്‍ , അപേക്ഷകരില്‍ ഒരാള്‍ മരിച്ചാലും മറ്റേയാള്‍ തിരിച്ചടവിന് ബാധ്യസ്ഥനാണ്. അതുപോലെ ലോണിന് ആരെങ്കിലും ജാമ്യം നിന്നിട്ടുണ്ടെങ്കില്‍, അപേക്ഷകന്റെ മരണശേഷം ബാക്കി തുക അടയ്ക്കാന്‍ ജാമ്യക്കാരനോട് ബാങ്കിന് ആവശ്യപ്പെടാം. അവര്‍ പണം അടച്ചില്ലെങ്കില്‍ അത് അവരുടെ ക്രെഡിറ്റ് സ്‌കോറിനെ ദോഷകരമായി ബാധിക്കും.

അവകാശികളുടെ ഉത്തരവാദിത്തം എത്രത്തോളം?

നിയമപരമായ അവകാശികള്‍ (മക്കള്‍, ഭാര്യ/ഭര്‍ത്താവ്) ലോണിന് ഗ്യാരന്റര്‍മാരോ കൂട്ടുഅപേക്ഷകരോ അല്ല എങ്കില്‍ അവര്‍ ആ തുക അടയ്‌ക്കേണ്ടതില്ല. എന്നാല്‍ ഇവിടെ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യമുണ്ട്. മരിച്ച വ്യക്തിയുടെ പേരിലുള്ള നിക്ഷേപങ്ങള്‍, സ്വത്ത്, സ്വര്‍ണ്ണം എന്നിവ അവകാശികള്‍ക്ക് കൈമാറുന്നുണ്ടെങ്കില്‍, ആ സ്വത്തിന്റെ മൂല്യം വരെ ഈടാക്കാന്‍ ബാങ്കിന് സാധിക്കും. ഉദാഹരണത്തിന്, ഒരാള്‍ 5 ലക്ഷം രൂപയുടെ ലോണ്‍ ബാക്കി നില്‍ക്കെ മരിക്കുകയും 3 ലക്ഷം രൂപയുടെ സ്വത്ത് അവശേഷിപ്പിക്കുകയും ചെയ്താല്‍, ആ 3 ലക്ഷം രൂപയില്‍ നിന്ന് കടം ഈടാക്കാന്‍ ബാങ്കിന് സാധിക്കും. എന്നാല്‍ ബാക്കി 2 ലക്ഷം രൂപ നല്‍കാന്‍ അവകാശികള്‍ നിര്‍ബന്ധിതരല്ല.

ഒന്നും ലഭിച്ചില്ലെങ്കില്‍ 'റൈറ്റ് ഓഫ്'

ഇന്‍ഷുറന്‍സ് ഇല്ലാതിരിക്കുകയും, ജാമ്യക്കാരോ സ്വത്തോ ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ബാങ്കുകള്‍ ആ തുക 'റൈറ്റ് ഓഫ്' ചെയ്യുന്നു. അതായത് ബാങ്ക് ആ തുക നഷ്ടമായി കണക്കാക്കി ലോണ്‍ അവസാനിപ്പിക്കും.

കുടുംബാംഗങ്ങള്‍ ശ്രദ്ധിക്കാന്‍:

വായ്പയെടുത്തയാള്‍ മരിച്ചാല്‍ ഉടന്‍ തന്നെ ആ വിവരം ബാങ്കിനെ അറിയിക്കുക.

മരണ സര്‍ട്ടിഫിക്കറ്റ് ബാങ്കില്‍ സമര്‍പ്പിച്ച് രേഖാമൂലം അപേക്ഷ നല്‍കുക.

ലോണ്‍ എടുക്കുമ്പോള്‍ ഒപ്പിട്ട രേഖകള്‍ കൃത്യമായി പരിശോധിക്കുക. വായ്പ തിരിച്ചടയ്ക്കണം എന്ന് പറഞ്ഞ് ബാങ്ക് ജീവനക്കാര്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെങ്കില്‍ നിയമസഹായം തേടാന്‍ മടിക്കരുത്.