വിവാഹമോചനം ജോയിന്റ് ഭവന വായ്പയുടെ ബാധ്യത അവസാനിപ്പിക്കുന്നില്ല. നിയമപരമായി രണ്ട് പങ്കാളികളും വായ്പ തിരിച്ചടയ്ക്കാൻ ബാധ്യസ്ഥരാണ്. വീഴ്ച വരുത്തുന്നത് ഇരുവരുടെയും സിബിൽ സ്കോറിനെ ബാധിക്കും. വസ്തുവിന്റെ ഉടമസ്ഥാവകാശം നിശ്ചയിക്കുന്നത് ആധാരമാണെന്നോർക്കുക.
വിവാഹബന്ധം വേർപെടുത്തുന്നതോടെ ദമ്പതികൾ തമ്മിലുള്ള നിയമപരമായ എല്ലാ ബന്ധങ്ങളും അവസാനിക്കുകയാണ്. എന്നാൽ, ഒരുമിച്ചായിരുന്ന സമയത്ത് ഒന്നിച്ചെടുത്ത ഭവന വായ്പയുടെ (Home Loan) ബാധ്യത അങ്ങനെയത്ര പെട്ടെന്ന് അവസാനിക്കുന്നില്ല. വിവാഹമോചനത്തിനു ശേഷം ബാങ്ക് ഇ.എം.ഐ (EMI) ആര് അടയ്ക്കണം, വീട് ആർക്ക് സ്വന്തമാകും, വീട് വിറ്റാൽ പണം എങ്ങനെ വീതിക്കണം തുടങ്ങിയ കാര്യങ്ങളിൽ വലിയ സാമ്പത്തിക ആശയക്കുഴപ്പങ്ങളാണ് സാധാരണയായി ഉണ്ടാക്കാറുള്ളത്. ജോയിന്റ് ഹോം ലോണും (Joint Home Loan) വിവാഹമോചനവുമായി ബന്ധപ്പെട്ട് ദമ്പതികൾ അറിഞ്ഞിരിക്കേണ്ട പ്രധാന നിയമപരമായ വശങ്ങൾ നോക്കാം.
വിവാഹമോചനം ബാങ്കിനെ ബാധിക്കില്ല
വിവാഹമോചനവും അതുമായി ബന്ധപ്പെട്ട കോടതി വിധിയും ദമ്പതികൾ തമ്മിലുള്ള സ്വകാര്യ കരാർ മാത്രമാണ്. അത് വായ്പ നൽകിയ ബാങ്കുമായി നിങ്ങൾ ഉണ്ടാക്കിയ കരാറിനെ ബാധിക്കില്ല. , ഹോം ലോൺ കരാറുകളിൽ രണ്ട് പേരും ‘ജോയിന്റ് ആൻഡ് സെവറൽ ലൈബിലിറ്റി’ (Joint and Several Liability) അനുസരിച്ചാണ് വായ്പയെടുക്കുന്നത്. അതിനാൽ, ഒരാൾ തിരിച്ചടവ് നിർത്തിയാൽ തുക മുഴുവനായി മറ്റേയാളിൽ നിന്ന് ഈടാക്കാൻ ബാങ്കിന് നിയമപരമായ അവകാശമുണ്ട്.
ഇ.എം.ഐ ഒരാൾ മാത്രം അടച്ചാൽ മതിയെന്ന് കോടതി ഉത്തരവിട്ടാലും, കുടിശ്ശിക വരികയാണെങ്കിൽ ബാങ്കിന് രണ്ടാമത്തെയാളെ സമീപിക്കാം. ബാങ്കിൽ നിന്ന് ഔദ്യോഗികമായി ലോൺ റീഫൈനാൻസ് (Refinance) ചെയ്തോ റീസ്ട്രക്ചർ (Restructure) ചെയ്തോ ഒരാളുടെ പേര് ഒഴിവാക്കുന്നത് വരെ രണ്ടുപേരും തിരിച്ചടവിന് ബാധ്യസ്ഥരായിരിക്കും. തിരിച്ചടവ് മുടങ്ങിയാൽ രണ്ടുപേരുടെയും സിബിൽ സ്കോറിനെ (CIBIL Score) അത് സാരമായി ബാധിക്കും.
ബാധ്യതയും വസ്തുവിന്റെ ഉടമസ്ഥാവകാശവും
ലോൺ തിരിച്ചടയ്ക്കുന്നു എന്നതുകൊണ്ട് മാത്രം ഒരാൾ വീടിന്റെ ഉടമയാകണമെന്നില്ല. വസ്തുവിന്റെ രജിസ്ട്രേഷൻ ആധാരം (Title Deed) അനുസരിച്ചാണ് ഉടമസ്ഥാവകാശം നിശ്ചയിക്കപ്പെടുന്നത്. ജോയിന്റ് ലോണിൽ സഹ-അപേക്ഷകനായി (Co-borrower) എന്നതുകൊണ്ട് മാത്രം വസ്തുവിൽ തുല്യ പങ്കാളിത്തം ലഭിക്കില്ല. പങ്കാളികളിലൊരാൾക്ക് വീടിന്റെ പൂർണ ഉടമസ്ഥാവകാശം വേണമെങ്കിൽ, സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ നടപടികളും പൂർത്തിയാക്കി ആധാരം മാറ്റിയെഴുതേണ്ടതുണ്ട്.
അതേസമയം, ഗാർഹിക പീഡന നിരോധന നിയമം (DV Act) അനുസരിച്ച് സ്ത്രീക്ക് വീടിന്റെ ആധാരത്തിൽ പേര് ഇല്ലെങ്കിലും ആ വീട്ടിൽ താമസിക്കാനുള്ള അവകാശമുണ്ട്. ഇനി, വിവാഹമോചനത്തിന് ശേഷം വീട് വിൽക്കാൻ തീരുമാനിച്ചാൽ, വിൽപനയിലൂടെ ലഭിക്കുന്ന പണത്തിൽ നിന്ന് ആദ്യം ബാങ്ക് വായ്പ പൂർണമായും അടച്ചുതീർക്കണം. ശേഷിക്കുന്ന തുക മാത്രമേ ഉടമസ്ഥാവകാശത്തിന്റെ അടിസ്ഥാനത്തിൽ പങ്കുവെക്കാൻ സാധിക്കൂ.വീട് വിൽക്കുമ്പോൾ ലഭിക്കുന്ന ലാഭത്തിന് ക്യാപിറ്റൽ ഗെയിൻസ് ടാക്സ് (Capital Gains Tax) ബാധകമായിരിക്കും.
ലോൺ എടുക്കുമ്പോൾ തന്നെ വസ്തുവിന്റെ ഉടമസ്ഥാവകാശ ശതമാനവും സാമ്പത്തിക പങ്കാളിത്തവും കൃത്യമായി രേഖപ്പെടുത്തുകയാണ് ചെയ്യാവുന്ന ഒരു കാര്യം. ഇ.എം.ഐ അടവുകളെക്കുറിച്ച് വാക്കാലുള്ള കരാറുകളെ മാത്രം ആശ്രയിക്കരുത്. ലോണിൽ നിന്ന് ഒരാളുടെ പേര് മാറ്റുന്നതിന് മുമ്പ് ബാങ്കിന്റെ ഔദ്യോഗിക അനുമതി പത്രം വാങ്ങുക.


