വിലകൂടിയ ഗാഡ്ജെറ്റുകളല്ല, മറിച്ച് ആപ്പുകളിലെ ചെറിയ സബ്സ്‌ക്രിപ്ഷനുകളാണ് യുവാക്കളുടെ ശമ്പളം ചോർത്തുന്നത്. 'ആപ്പ് ട്രാപ്പ് ഇക്കണോമി' എന്ന് വിളിക്കുന്ന ഈ പ്രതിഭാസത്തിൽ, ഓട്ടോ-ഡെബിറ്റുകളിലൂടെ നഷ്ടപ്പെടുന്ന പണത്തെക്കുറിച്ച് പലരും ബോധവാന്മാരാകുകയും ഡിജിറ്റൽ ചെലവുകൾ നിയന്ത്രിക്കാൻ തുടങ്ങുകയും ചെയ്തിട്ടുണ്ട്.
വിലകൂടിയ ഗാഡ്ജെറ്റുകളോ ആഡംബര ഷോപ്പിങ്ങോ അല്ല, മറിച്ച് മാസങ്ങളോളം ശ്രദ്ധിക്കപ്പെടാതെ പോകുന്ന ആപ്പുകളിലെ ചെറിയ പേയ്മെന്റുകളാണ് തങ്ങളുടെ ശമ്പളം ചോര്‍ത്തുന്നതെന്ന് യുവാക്കളില്‍ പലരും തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. 99 രൂപയുടെയും 149 രൂപയുടെയും ചെറിയ സബ്സ്‌ക്രിപ്ഷനുകള്‍ മാസാവസാനം കൂടിച്ചേര്‍ന്ന് അക്കൗണ്ട് കാലിയാക്കുന്ന വലിയൊരു ബില്ലായി മാറുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്.
ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്ന ആപ്പുകള്‍, ഒടിടി പ്ലാറ്റ്ഫോമുകള്‍, മ്യൂസിക് സ്ട്രീമിംഗ് സേവനങ്ങള്‍ എന്നിവയ്ക്കായി നല്‍കുന്ന ചെറിയ തുകകള്‍ വരുമാനത്തെ എങ്ങനെ കാര്യമായി ബാധിക്കുന്നുവെന്ന ചര്‍ച്ച ഇപ്പോള്‍ ഓണ്‍ലൈനില്‍ സജീവമാണ്. ഒരു റെഡ്ഡിറ്റ് യൂസറുടെ വെളിപ്പെടുത്തലോടെയാണ് ഈ വിഷയം കൂടുതല്‍ ശ്രദ്ധ നേടിയത്. വലിയ പര്‍ച്ചേസുകളൊന്നും നടത്താതിരുന്നിട്ടും തന്റെ ശമ്പളം എങ്ങോട്ട് പോകുന്നു എന്നറിയാതെ അമ്പരന്ന കഥയാണ് അദ്ദേഹം പങ്കുവെച്ചത്.
വിലപിടിപ്പുള്ള ഗാഡ്ജെറ്റുകള്‍ വാങ്ങിയില്ല, ആഡംബര ഷോപ്പിംഗ് നടത്തിയില്ല, വലിയ ചെലവുകള്‍ ഒന്നും ഉണ്ടായിരുന്നില്ല.എന്നാല്‍ ബാങ്ക് സ്റ്റേറ്റ്‌മെന്റ് സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ് യാഥാര്‍ത്ഥ്യം മനസ്സിലായത്. ഒറ്റയടിക്ക് വലിയ തുകയൊന്നും പോയിട്ടില്ല, പകരം നിരവധി ചെറിയ 'ഓട്ടോ-ഡെബിറ്റുകളാണ്' വില്ലനായത്. സ്വിഗ്ഗി വണ്‍, സൊമാറ്റോ ഗോള്‍ഡ്, നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ പ്രൈം, സ്‌പോട്ടിഫൈ, ജിയോ ഹോട്ട്സ്റ്റാര്‍ തുടങ്ങിയവയായിരുന്നു അത്. ഓരോന്നിനും 200 രൂപയില്‍ താഴെ മാത്രമാണ് നിരക്കെങ്കിലും, എല്ലാം കൂടിച്ചേര്‍ന്നപ്പോള്‍ അതൊരു വലിയ പ്രതിമാസ ചെലവായി മാറിയിരുന്നു. സൗകര്യങ്ങള്‍ക്കുവേണ്ടി എടുക്കുന്ന ഇത്തരം സബ്സ്‌ക്രിപ്ഷനുകള്‍ പതുക്കെപ്പതുക്കെ വലിയ ബാധ്യതയാകുന്ന ഈ അവസ്ഥയെ 'ആപ്പ് ട്രാപ്പ് ഇക്കണോമി' എന്നാണ് ഓണ്‍ലൈന്‍ ലോകം ഇപ്പോള്‍ വിശേഷിപ്പിക്കുന്നത്.
'വെറും 99 രൂപയല്ലേ' എന്ന കെണി
പല ഉപഭോക്താക്കളെയും സംബന്ധിച്ചിടത്തോളം ഇതിന് പിന്നിലെ മനഃശാസ്ത്രം വളരെ ലളിതമാണ്.ഒരു സബ്സ്‌ക്രിപ്ഷന്‍ മാത്രം എടുക്കുമ്പോള്‍ അത് വലിയൊരു തുകയായി തോന്നില്ല. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓഫറുകള്‍, ട്രയല്‍ പ്ലാനുകള്‍, കുറഞ്ഞ പ്രതിമാസ നിരക്കുകള്‍ എന്നിവയിലൂടെയാണ് ഈ പ്ലാറ്റ്ഫോമുകള്‍ ആളുകളെ ആകര്‍ഷിക്കുന്നത്. ഇത് ചെലവ് കുറവാണെന്ന തോന്നല്‍ ഉണ്ടാക്കുന്നു. എന്നാല്‍ വിനോദം, ഭക്ഷണം, ഷോപ്പിംഗ്, ക്ലൗഡ് സ്റ്റോറേജ്, ഫിറ്റ്‌നസ് തുടങ്ങി പല ആപ്പുകളിലായി ഈ ചെറിയ തുകകള്‍ കൂടിച്ചേരുമ്പോഴാണ് യഥാര്‍ത്ഥ പ്രശ്‌നം തുടങ്ങുന്നത്. യുപിഐ, ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകള്‍ വഴി പണം തനിയെ അക്കൗണ്ടില്‍ നിന്ന് പോകുന്നതിനാല്‍ പലരും ഈ സബ്സ്‌ക്രിപ്ഷനുകളുടെ കാര്യം തന്നെ മറന്നുപോകുന്നു. ക്യാന്‍സല്‍ ചെയ്യാമെന്ന് കരുതിയാലും 'അത് പിന്നീട് ചെയ്യാം' എന്ന് കരുതി മാറ്റിവെക്കും.
ദില്ലിയിൽ ജോലി ചെയ്യുന്ന ഒരു യുവതി എന്‍ഡിടിവിയോട് പങ്കുവെച്ച അനുഭവവും സമാനമാണ്. താന്‍ തീരെ ഉപയോഗിക്കാത്ത ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് പോലും പണം നല്‍കുന്നുണ്ടെന്ന് അവര്‍ പറയുന്നു. സബ്സ്‌ക്രിപ്ഷന്‍ എടുക്കാത്ത ഏതെങ്കിലും പ്ലാറ്റ്ഫോമില്‍ പുതിയ സിനിമയോ സീരീസോ ഇറങ്ങിയാലോ എന്നോര്‍ത്താണ് പണം നല്‍കുന്നത്, അവര്‍ പറഞ്ഞു. എന്നാല്‍ ജോലി കഴിഞ്ഞ് ക്ഷീണിച്ച് വരുമ്പോള്‍ പണം നല്‍കിയതൊന്നും കാണാന്‍ അവര്‍ക്ക് സമയം കിട്ടാറില്ല. അതേസമയം, ഓരോ മാസവും എന്റെ അക്കൗണ്ടില്‍ നിന്നും കൃത്യമായി പണം പോയിക്കൊണ്ടിരുന്നു. അവര്‍ പറയുന്നു. ഇപ്പോള്‍ ഒരേസമയം ഒരു ഒടിടി പ്ലാറ്റ്ഫോം മാത്രം ഉപയോഗിക്കുന്ന 'റൊട്ടേഷന്‍ സിസ്റ്റം' ആണ് അവര്‍ പിന്തുടരുന്നത്.
ചെലവാക്കുന്ന രീതി മാറുന്നു
പഴയ തലമുറ ഭൗതിക സാധനങ്ങള്‍ വാങ്ങാന്‍ പണം ചെലവാക്കിയിരുന്നെങ്കില്‍, ഇന്നത്തെ തലമുറയുടെ ചെലവുകള്‍ കൂടുതലും സബ്സ്‌ക്രിപ്ഷനുകള്‍, ഡിജിറ്റല്‍ സേവനങ്ങള്‍ എന്നിവയിലേക്കാണ് മാറുന്നത്. ഫുഡ് ഡെലിവറി മെമ്പര്‍ഷിപ്പുകള്‍, ഗെയിമിംഗ് സബ്സ്‌ക്രിപ്ഷനുകള്‍, എഐ ടൂളുകള്‍ എന്നിവ പലരുടെയും സ്ഥിരം ചെലവുകളായി മാറിക്കഴിഞ്ഞു.എന്നാല്‍ വീട്ടുവാടകയോ ഇഎംഐയോ പോലെയല്ല ഇത്തരം ചെലവുകള്‍. പല ആപ്പുകളിലായി കിടക്കുന്നതിനാല്‍ ഇവ പെട്ടെന്ന് ശ്രദ്ധയില്‍പ്പെടില്ല. ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ പരിശോധിക്കുമ്പോള്‍ മാത്രമാണ് പലരും ഈ തുകയുടെ വലുപ്പം മനസ്സിലാക്കുന്നത്.
സബ്സ്‌ക്രിപ്ഷനുകള്‍ വെട്ടിക്കുറച്ച് യുവാക്കള്‍
നഗരങ്ങളില്‍ വിലക്കയറ്റവും ജീവിതച്ചെലവും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍, തങ്ങളുടെ പണം എങ്ങോട്ടാണ് പോകുന്നതെന്നതിനെക്കുറിച്ച് യുവ പ്രൊഫഷണലുകള്‍ കൂടുതല്‍ ബോധവാന്മാരാകുന്നുണ്ട്. പലരും ഇപ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയിട്ടുണ്ട്:
- മാസാമാസം സബ്സ്‌ക്രിപ്ഷനുകള്‍ പരിശോധിക്കുക.
- ഉപയോഗിക്കാത്ത ആപ്പുകള്‍ ക്യാന്‍സല്‍ ചെയ്യുക.
- അംഗത്വങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുക.
ഒരു 99 രൂപ എന്നത് ഒറ്റനോട്ടത്തില്‍ വലിയ തുകയായി തോന്നില്ലെങ്കിലും, ഇത്തരം ചെറിയ ചെലവുകള്‍ ഒത്തുചേരുമ്പോള്‍ അത് മാസവരുമാനത്തില്‍ വലിയൊരു വിള്ളല്‍ വീഴ്ത്തുന്നുണ്ടെന്ന് യുവതലമുറ തിരിച്ചറിഞ്ഞു കഴിഞ്ഞു. അതിനാല്‍ അനാവശ്യമായ ഓട്ടോ-റിന്യൂവലുകള്‍ ഒഴിവാക്കി, ഡിജിറ്റല്‍ ചെലവുകള്‍ നിയന്ത്രിക്കാനാണ് പലരും ഇപ്പോള്‍ ശ്രമിക്കുന്നത്.


