ഉയർന്ന ശമ്പളം വാങ്ങിയിട്ടും സമ്പാദ്യമില്ലാതെ ബുദ്ധിമുട്ടുന്നവർക്ക്, 20 മിനിറ്റിനുള്ളിൽ ചെയ്യാവുന്ന 5 ഘട്ടങ്ങളുള്ള ഒരു ഫിനാൻഷ്യൽ ഓഡിറ്റ് നടത്താവുന്നതാണ്. അനാവശ്യ ചെലവുകൾ കണ്ടെത്താനും, ഇഎംഐകൾ നിയന്ത്രിക്കാനും, മികച്ച സമ്പാദ്യശീലം വളർത്താനുമുള്ള പ്രായോഗിക വഴികൾ നോക്കാം.

ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്നവരില്‍ പലര്‍ക്കും മാസമാദ്യം തന്നെ പഴ്‌സ് കാലിയാകുന്ന അവസ്ഥയുണ്ട്. എത്ര കിട്ടിയിട്ടും തികയുന്നില്ല, സമ്പാദ്യം ഒന്നുമില്ല എന്ന പരാതിക്കാരാണ് മിക്കവരും. ഇതിനൊരു ശാശ്വത പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ് സെബിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസറായ അഭിജിത് കുമാര്‍. വെറും 20 മിനിറ്റ് കൊണ്ട് ചെയ്യാവുന്ന, അഞ്ച് ഘട്ടങ്ങളുള്ള ഫിനാൻഷ്യൽ ഓഡിറ്റിങ്ങിലൂടെ ഈ പ്രശ്‌നം പരിഹരിക്കാമെന്ന് അദ്ദേഹം ലിങ്ക്ഡ്ഇനില്‍ കുറിച്ചു.

പ്രതിമാസം 2.1 ലക്ഷം രൂപ ശമ്പളം വാങ്ങുന്ന ഒരു വ്യക്തിയെ ആണ് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. ഇത്രയും വലിയ തുക ശമ്പളം വാങ്ങിയിട്ടും അടിയന്തര ആവശ്യങ്ങള്‍ക്കായി 40,000 രൂപ പോലും മാറ്റിവെക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. ഒരു ഫിനാൻഷ്യൽ ഓഡിറ്റ് നടത്തിയപ്പോഴാണ് ഇതിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ വ്യക്തമായത്. അവ എന്തൊക്കെയാണെന്ന് നോക്കാം.

ഇഎംഐകള്‍ കൃത്യമായി കണക്കുകൂട്ടുക

കഴിഞ്ഞ മൂന്ന് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ പരിശോധിച്ച് നോ-കോസ്റ്റ് ഇഎംഐകള്‍ ഉള്‍പ്പെടെ പ്രതിമാസം അടയ്ക്കുന്ന മുഴുവന്‍ തുകയും എത്രയെന്ന് കണക്കാക്കുക. നിങ്ങളുടെ ആകെ ഇഎംഐകള്‍ എപ്പോഴും വരുമാനത്തിന്റെ 40 ശതമാനത്തില്‍ താഴെ നില്‍ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഭവനവായ്പ മാത്രം ശമ്പളത്തിന്റെ 30 ശതമാനത്തില്‍ കൂടാനും പാടില്ല.

അനാവശ്യ ചെലവുകള്‍ കണ്ടെത്തുക

ഉപയോഗിക്കാത്ത ജിം മെമ്പര്‍ഷിപ്പ്, ആപ്പുകളുടെ സബ്‌സ്‌ക്രിപ്ഷനുകള്‍, ഡെലിവറി ഫീസുകള്‍ തുടങ്ങിയവ എത്രയെന്ന് കണ്ടെത്തുക. പലര്‍ക്കും 4,000 മുതല്‍ 9,000 രൂപ വരെ ഇങ്ങനെ അറിയാതെ നഷ്ടപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. ഇവ പിന്നീടൊരിക്കല്‍ ക്യാൻസൽ ചെയ്യാം എന്ന് കരുതി വെക്കാതെ അന്ന് തന്നെ കാന്‍സല്‍ ചെയ്യുക എന്നതാണ് അഭിജിത്തിന്റെ നിര്‍ദ്ദേശം.

എസ്ഐപി തീയതി ഒന്നിലേക്കോ രണ്ടിലേക്കോ മാറ്റുക

മാസാവസാനം ബാക്കിയുള്ളത് നിക്ഷേപിക്കാം എന്ന് കരുതിയാല്‍ ചിലപ്പോള്‍ ഒന്നും ബാക്കിയുണ്ടാവില്ല. ശമ്പളം അക്കൗണ്ടില്‍ എത്തുന്ന 1-ാം തീയതിയോ 2-ാം തീയതിയോ തന്നെ എസ്ഐപിക്കായി ഓട്ടോ ഡെബിറ്റ് സജ്ജമാക്കുക. സമ്പാദ്യശീലം വളര്‍ത്താന്‍ ഒരാള്‍ക്ക് ചെയ്യാവുന്ന ഏറ്റവും മികച്ച മാറ്റമാണിതെന്ന് അദ്ദേഹം പറയുന്നു.

6 മാസത്തേക്കുള്ള എമര്‍ജന്‍സി ഫണ്ട്

കുറഞ്ഞത് 6 മാസത്തേക്കുള്ള ചെലവുകള്‍ക്കായുള്ള ഒരു തുക എമര്‍ജന്‍സി ഫണ്ടായി മാറ്റിവെക്കണം. ഇത് സാധാരണ സേവിങ്‌സ് അക്കൗണ്ടിലോ ഓഹരി വിപണിയിലോ നിക്ഷേപിക്കുന്നതിന് പകരം, എളുപ്പത്തില്‍ പിന്‍വലിക്കാന്‍ സാധിക്കുന്ന ലിക്വിഡ് ഫണ്ടുകളിലോ ഫിക്‌സഡ് ഡെപ്പോസിറ്റുകളിലോ സൂക്ഷിക്കുക.

യഥാര്‍ത്ഥ സമ്പാദ്യ നിരക്ക് കണ്ടെത്തുക

പ്രതിമാസ ശമ്പളത്തില്‍ നിന്ന് എത്ര രൂപ സമ്പാദിക്കുന്നുണ്ടെന്ന് ശതമാനക്കണക്കില്‍ കണ്ടെത്തുക. ഇത് 10 ശതമാനത്തില്‍ താഴെയാണെങ്കില്‍ നിങ്ങള്‍ക്ക് മികച്ച ശമ്പളമുണ്ടെങ്കിലും പണം എങ്ങനെയൊക്കെയോ ചോര്‍ന്നുപോകുന്നുണ്ടെന്ന് ഉറപ്പിക്കാം. 10 മുതല്‍ 20 ശതമാനം വരെയാണെങ്കില്‍ കുഴപ്പമില്ല എന്ന് പറയാം. എന്നാല്‍ 25 ശതമാനത്തിന് മുകളിലാണ് സമ്പാദ്യമെങ്കില്‍ നിങ്ങള്‍ മികച്ച രീതിയില്‍ സമ്പത്ത് വളര്‍ത്തുന്നുണ്ടെന്ന് മനസ്സിലാക്കാം.