സാമ്പത്തിക കാര്യങ്ങളിൽ മലയാളികൾക്കിടയിൽ നിലനിൽക്കുന്ന ചില തെറ്റിദ്ധാരണകളെക്കുറിച്ച് നോക്കിയാലോ?. വീട് വാങ്ങുന്നത്, നിക്ഷേപം, കടം, ഇൻഷുറൻസ്, ഫിക്സഡ് ഡെപ്പോസിറ്റ് എന്നിവയെക്കുറിച്ചുള്ള പൊതുവായ മിഥ്യാധാരണകൾ നോക്കാം. 

എല്ലാ കാര്യങ്ങൾക്കും ഒരു നല്ല വശവും ഒരു ചീത്ത വശവും ഉണ്ടെന്നത് സാമ്പത്തികമായ കാര്യങ്ങളിലും ബാധകമാണ്. അത് പോലെത്തന്നെ പല കാര്യങ്ങളിലും അനാവശ്യ തെറ്റിധാരണകൾ വക്കുന്നതും നമ്മൾ മലയാളികളുടെ ഒരു ശീലമാണ്. ആരോ പണ്ട് പഠിപ്പിച്ചു തന്നതോ, പറഞ്ഞു തന്നതോ ആയ തെറ്റിദ്ധാരണ അത് പോലെ ഇപ്പോഴും പലരും ഉറപ്പായും പിന്തുടർന്നു പോരുന്നുമുണ്ടാകും. ഇത്തരത്തിൽ ഫിനാൻഷ്യൽ കാര്യങ്ങളിൽ ഇപ്പോഴും നമ്മുടെ സമൂഹത്തിൽ വച്ച് പുലർത്തിപ്പോരുന്ന ചില തെറ്റിദ്ധാരണകൾ ഏതൊക്കെയാണെന്ന് നോക്കാം.

ഇതിൽ വളരെ സാധാരണമായി നമ്മൾ കേൾക്കാറുള്ള ഒന്നാണ് വീടിനെ സംബന്ധിച്ചാണ്. വാടക കൊടുക്കുന്നത് പണം പാഴാക്കലാണെന്നും വാങ്ങുന്നത് എപ്പോഴും നല്ലതാണെന്നും പൊതുവേ ഒരു വിശ്വാസമുണ്ട്. ഇരുപതുകളിലോ മുപ്പതുകളിലോ ഒരിക്കലെങ്കിലും ഈ വാചകം കേൾക്കാത്ത ആരുമുണ്ടാകില്ല. എന്നാൽ ഇത് മറ്റ് പല കാര്യങ്ങളെയും ആശ്രയിച്ചിരിക്കുന്നു. വീടിന്റെ നിർമാണച്ചെലവ്, മെയിന്റനൻസ്, ഇൻഷുറൻസ്, സ്റ്റാമ്പ് ഡ്യൂട്ടി, ഡിസൈൻ, വലിപ്പം തുടങ്ങിയവയെല്ലാം ഇതിനെ സ്വാധീനിക്കുന്നുണ്ട്.

നിക്ഷേപങ്ങൾ പണക്കാർക്ക് വേണ്ടി മാത്രം പറഞ്ഞിട്ടുള്ള പണിയാണെന്നാണ് ഇപ്പോഴും പലരുടെയും ധാരണ. എന്നാൽ ചെറിയ തുക, എത്രയും നേരത്തെ നിക്ഷേപിക്കാൻ ആരംഭിക്കുക എന്നതാണ് ഇവിടെ അപ്ലൈ ചെയ്യാവുന്ന റൂൾ. റിസ്ക് ഫാക്ടറും, നിങ്ങൾക്ക് നിക്ഷേപിക്കാവുന്ന തുകയും, കാലാവധിയുമെല്ലാം നോക്കി അനുയോജ്യമായ ഒരു നിക്ഷേപ രീതി തിരിച്ചറിയാം. ഇതിന് സാമ്പത്തിക വിദഗ്ദരുടെ സഹായവും തേടാം.

എല്ലാ ബാധ്യതകളും വെറും ബാധ്യതകൾ തന്നെയാണെന്നാണ് നമ്മളിപ്പോഴും കരുതുന്നത്. എന്നാൽ അത് അങ്ങനെയല്ല. മോർട്ട്ഗേജുകൾ അല്ലെങ്കിൽ വിദ്യാഭ്യാസ ലോണുകൾ തുടങ്ങിയവ നിങ്ങളെ വളരാൻ സഹായിക്കുന്നതോ അല്ലെങ്കിൽ ഒരു തരം നിക്ഷേപമോ ആണ്. ഭാവിയിൽ നിങ്ങൾക്ക് ഉപകാരപ്പെടുന്നവയെ അങ്ങനെ മുഴുവൻ ബാധ്യതയായി കണക്കു കൂട്ടേണ്ടതില്ല.

ഇനി മറ്റൊന്ന് എനിക്ക് ഒരു ഇൻഷുറൻസിന്റെയും ആവശ്യമില്ല എന്നുള്ളതാണ്. ഇക്കാലത്ത് ഒരു അസുഖം വന്ന് ആശുപത്രിയിൽ കിടക്കേണ്ടി വന്നാൽ ഉണ്ടായേക്കാവുന്ന ബിൽ തുക നമുക്ക് അറിയാത്തതല്ല. കുറച്ചധികം കിടക്കേണ്ടി വന്നാൽ സേവ് ചെയ്ത് വച്ച പണം ഒറ്റയടിക്കും തീരുകയും ചെയ്യും. അതിലും എത്രയോ നല്ലത് ചെറുപ്പത്തിൽ ഒരു ഹെൽത്ത് ഇൻഷുറൻസ് എടുത്ത് അത് റിന്യൂ ചെയ്ത് പോകുന്നതാണ്.

റിസ്ക് എടുക്കാൻ ഒട്ടും കൂടുതൽ താൽപര്യമില്ലാത്ത ആളുകൾ തെരഞ്ഞെടുക്കുന്ന നിക്ഷേപ മാർഗമാണ് ഫിക്സഡ് ജെപ്പോസിറ്റ്. കൃത്യമായ പലിശ ലഭിക്കുമെന്നതും, നിക്ഷേപിച്ച പണം ലഭിക്കുമെന്നതും ഇതിന്റെ നേട്ടങ്ങളാണ്. എന്നാൽ, പണപ്പെരുപ്പത്തിന്റെ ആംഗിളിൽ ചിന്തിക്കുമ്പോൾ ഇത് അത്ര വലിയ ലാഭം തരുന്നില്ല. 6-7% പണപ്പെരുപ്പം ഉണ്ടാകുമ്പോൾ ബാങ്കുകൾ പരമാവധി നൽകുന്നത് 6-7% പലിശയാണ്. ഇവിടെ പണം യഥാർത്ഥത്തിൽ വളരുന്നില്ല എന്ന് മനസിലാക്കണം.