തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി സംസ്ഥാനത്ത് രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ പ്രവാസികൾക്കും വ്യാപാരികൾക്കും വായ്പ നൽകാനുളള വ്യവസ്ഥകളിൽ കെഎസ്എഫ്ഇ ഇളവ് വരുത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്. കെഎസ്എഫ്ഇ നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ സർക്കാർ കുത്തനെ കൂട്ടുകയും ചെയ്തു. 

മുതർ‌ന്ന പൗരന്മാരുടെ നിക്ഷേപങ്ങൾക്ക് പലിശ നിരക്ക് എട്ടിൽ നിന്ന് 8.50 ശതമാനമായാണ് വർധിപ്പിച്ചത്. ചിട്ടിതുക നിക്ഷേപിക്കുമ്പോള്‍ നല്‍കുന്ന പലിശ 7.75 ശതമാനമാക്കി ഉയര്‍ത്തി. സ്ഥിരനിക്ഷേപ പലിശ 7.25 ശതമാനമാക്കിയും വര്‍ധിപ്പിച്ചു. 180 ദിവസം വരെയുള്ള ഹ്രസ്വകാല നിക്ഷേപത്തിൻ്റെ പലിശ 4.75% ൽ നിന്ന് 7% ആക്കി മാറ്റി. വ്യാപാരികള്‍ക്ക് പരസ്പര ജാമ്യത്തില്‍ ഒരു ലക്ഷം രൂപ വരെ നല്‍കുന്ന പദ്ധതി ആരംഭിക്കും.

2020 ജൂലൈ മുതൽ കെഎസ്എഫ്ഇ കുടിശ്ശിക നിവാരണത്തിന് പ്രത്യേക അദാലത്തുകൾ സംഘടിപ്പിക്കും. അഞ്ച് വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള കുടിശ്ശികയാണെങ്കില്‍ പലിശയും പിഴപ്പലിശയും ഒഴിവാക്കും. അഞ്ച് വർഷത്തിൽ താഴെയായുളള കിട്ടാക്കടത്തിന് പിഴപ്പലിശ ഇളവ് നൽകും. കെഎസ്എഫ്ഇ നൽകാനുളള കുടിശ്ശിക മുടങ്ങിയതിന് കാരണം ഏതെങ്കിലും അത്യാഹിതമാണെങ്കിൽ അദാലത്ത് കമ്മിറ്റികൾക്ക് അത്തരം വിഷയങ്ങളിൽ തിരിച്ചടവിൽ ഇളവ് അനുവദിക്കാൻ അധികാരം ഉണ്ടാകും. 

പലിശയില്‍ 80 ശതമാനം വരെ ഇളവ് നല്‍കാന്‍ അദാലത്ത് കമ്മിറ്റിക്ക് അധികാരം നൽകാനാണ് സംസ്ഥാന സർക്കാർ തീരുമാനം. സംസ്ഥാന സുവര്‍ണ ജൂബിലി ചിട്ടി വീണ്ടും തുടങ്ങാനും ജനമിത്രം സ്വര്‍ണ വായ്പ പാക്കേജില്‍ 5.7 ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ പത്ത് ലക്ഷം രൂപ വരെ സ്വര്‍ണ വായ്പ നൽകുമെന്നും ധനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. നോർക്കയിൽ രജിസ്റ്റർ ചെയ്തിട്ടുളള പ്രവാസികൾക്ക് മൂന്ന് ശതമാനം നിരക്കിൽ ഒരു ലക്ഷം രൂപ വരെ വായ്പ നൽകുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.