Asianet News MalayalamAsianet News Malayalam

കല്യാണ്‍ ജ്വല്ലേഴ്‌സ് ഐപിഒ പ്രഖ്യാപിച്ചു: ഓഹരിയുടെ നിരക്ക് തീരുമാനമായി; വിശദമായി അറിയാം

172 ഓഹരികളുടെ ഒരു ലോട്ടായാണ് അപേക്ഷിക്കാനാകുക.

kalyan jewellers ipo
Author
Kochi, First Published Mar 11, 2021, 9:52 PM IST

കൊച്ചി: രാജ്യത്തെ പ്രമുഖ ജ്വല്ലറി ബ്രാന്‍ഡായ കല്യാണ്‍ ജ്വല്ലേഴ്‌സ് പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ) പ്രഖ്യാപിച്ചു. ഐപിഒയിലൂടെ 1,175 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. ഓഹരിക്ക് 86-87 രൂപയാണ് നിരക്ക് നിശ്ചയിച്ചിട്ടുളളത്.

മാര്‍ച്ച് 16-18 വരെ ഐപിഒയ്ക്ക് അപേക്ഷിക്കാം. 9.19 കോടി ഓഹരികളിലൂടെ പുതിയ ഓഹരി വില്‍പ്പന വഴി 800 കോടി രൂപ സമാഹരിക്കാനാണ് ജ്വല്ലറി ഗ്രൂപ്പ് പദ്ധതിയിടുന്നത്. ഇതോടൊപ്പം ഓഫര്‍ ഫോര്‍ സെയില്‍ വഴി 4.31 കോടി ഓഹരികള്‍ വിറ്റഴിച്ച് 375 കോടിയും സമാഹരിക്കും.

വാർ‌ബർഗ് പിൻ‌കസ് പിന്തുണയുള്ള ജ്വല്ലറി ശൃംഖല തുടക്കത്തിൽ 1,750 കോടി രൂപ ഐപിഒ വഴി സമാഹരിക്കാൻ പദ്ധതിയിട്ടിരുന്നുവെങ്കിലും വിപണി സാഹചര്യങ്ങൾ കണക്കിലെടുത്ത് ഓഫർ വലുപ്പം 1,175 കോടി രൂപയായി കുറച്ചിട്ടുണ്ട്. പ്രമോട്ടർ ടി എസ് കല്യാണരാമൻ 125 കോടി രൂപയുടെ ഓഹരികളും നിക്ഷേപകനായ ഹൈഡെൽ ഇൻവെസ്റ്റ്‌മെന്റിന്റെ 250 കോടി രൂപയുടെ ഓഹരികളും വിൽക്കുന്നതിനാണ് പദ്ധതിയിടുന്നത്. കല്യാൺ ജ്വല്ലേഴ്സിൽ 27.41 ശതമാനം ഓഹരികളാണ് കല്യാണരാമന് ഉള്ളതെങ്കിൽ ഹൈഡെൽ ഇൻവെസ്റ്റ്‌മെന്റിന് 24 ശതമാനം ഓഹരിയുണ്ട്.

172 ഓഹരികളുടെ ഒരു ലോട്ടായാണ് അപേക്ഷിക്കാനാകുക. ഇത് പ്രകാരം ഒരു ഓഹരിക്ക് 87 രൂപ നിരക്കിൽ 14,964 രൂപയാണ് നിക്ഷേപിക്കാൻ വേണ്ട മിനിമം തുക. രണ്ട് കോടി രൂപ മൂല്യമുള്ള ഓഹരികൾ കമ്പനിയിലെ ജീവനക്കാർക്കായി നീക്കിവെയ്ക്കും. ഓഹരികളുടെ പുതിയ ഇഷ്യുവിൽ നിന്നുള്ള വരുമാനം പ്രവർത്തന മൂലധന ആവശ്യകതകൾക്കും പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കുമായി ഉപയോഗിക്കും. കമ്പനിക്ക് നിലവിൽ 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 107 ഷോറൂമുകളും മിഡിൽ ഈസ്റ്റിൽ 30 ഷോറൂമുകളും ഉണ്ട്. കല്യാൺ ജ്വല്ലേഴ്സ് രാജ്യത്തെ ജ്വല്ലറി വ്യവസായത്തിലെ പ്രമുഖ ബ്രാൻഡാണ്. 

ആക്സിസ് ക്യാപിറ്റൽ, സിറ്റിഗ്രൂപ്പ് ഗ്ലോബൽ മാർക്കറ്റ്സ് ഇന്ത്യ, ഐസിഐസിഐ സെക്യൂരിറ്റീസ്, എസ് ബി ഐ ക്യാപിറ്റൽ മാർക്കറ്റ്സ് എന്നിവയാണ് ആഗോള കോർഡിനേറ്റർമാരും ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാരും.

Follow Us:
Download App:
  • android
  • ios