ആദായനികുതി റിട്ടേൺ ഫയൽ ചെയ്യേണ്ട സമയം തീരാനിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട ജൂലൈ മാസത്തിലെ നിർണായക തീയതികൾ നികുതിദായകർ അറിഞ്ഞിരിക്കേണ്ടതുണ്ട്. ടിഡിഎസ് അടയ്ക്കൽ, ഐടിആർ ഫയലിംഗ്, വിവിധ ഫോമുകൾ സമർപ്പിക്കൽ എന്നിവയുടെ അവസാന തീയതികളും, അവ പാലിച്ചില്ലെങ്കിൽ ഉണ്ടാകുന്ന പിഴയും മറ്റ് പ്രത്യാഘാതങ്ങളും നോക്കാം. 

ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട സമയമാണിത്. അതുകൊണ്ടു തന്നെ നികുതിദായകരെ സംബന്ധിച്ചിടത്തോളം ഈ ജൂലൈ മാസം വളരെ നിര്‍ണായകമാണ്. നിങ്ങള്‍ ഒരു ശമ്പളക്കാരനോ, ബിസിനസുകാരനോ അല്ലെങ്കില്‍ തൊഴിലുടമയോ ആകട്ടെ, നികുതിയുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ ഈ മാസം പൂര്‍ത്തിയാക്കേണ്ടതുണ്ട്. അവസാന തീയതികള്‍ മറന്നാല്‍ പിഴയും പലിശയും മറ്റ് ശിക്ഷാ നടപടികളും നേരിടേണ്ടി വരും. ജൂലൈയില്‍ നിര്‍ബന്ധമായും ഓര്‍മ്മിച്ചിരിക്കേണ്ട ആറ് പ്രധാന തീയതികള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജൂലൈ 7: ടിഡിഎസ് അടയ്‌ക്കേണ്ട അവസാന തീയതി

ത്രൈമാസ അടിസ്ഥാനത്തില്‍ നികുതി അടയ്ക്കാനുള്ളവര്‍ ഏപ്രില്‍- ജൂണ്‍ പാദത്തില്‍ പിടിച്ച ടിഡിഎസ് ജൂലൈ 7നകം അടയ്ക്കേണ്ടതാണ്.

ജൂലൈ 15: റിപ്പോര്‍ട്ടിങ് തീയതികള്‍

സര്‍ക്കാര്‍ ഓഫീസുകള്‍, സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍, അംഗീകൃത ഡീലര്‍മാര്‍, ഐഎഫ്എസി യൂണിറ്റുകള്‍, പ്രവാസി നിക്ഷേപകരുമായി ഇടപാട് നടത്തുന്ന ഇടനിലക്കാര്‍ തുടങ്ങിയവര്‍ക്ക് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 15 ആണ്.

ജൂലൈ 30: ടിഡിഎസ് ചലാന്‍- കം- സ്റ്റേറ്റ്‌മെന്റ്

ജൂണ്‍ മാസത്തില്‍ ഈടാക്കിയ പ്രത്യേക ടിഡിഎസിന്റെ ചലാന്‍- കം- സ്റ്റേറ്റ്‌മെന്റ് നികുതിദായകര്‍ ജൂലൈ 30-നകം ഫയല്‍ ചെയ്തിരിക്കണം.

ജൂലൈ 31: ഐടിആര്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതി

വ്യക്തിഗത നികുതിദായകര്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട തീയതിയാണിത്. 2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഐടിആര്‍-1 , ഐടിആര്‍-2 എന്നിവ ഈ തീയതിക്കകം സമര്‍പ്പിക്കണം. ഇനി ഈ തീയതി കഴിഞ്ഞാലും 2026 ഡിസംബര്‍ 31 വരെ പിഴയോടെ ബി-ലേറ്റഡ് ഐടിആര്‍ ഫയല്‍ ചെയ്യാവുന്നതാണ്.

ജൂലൈ 31: ത്രൈമാസ ടിഡിഎസ്, ടിസിഎസ് റിട്ടേണുകള്‍

ജൂണ്‍ 30-ന് അവസാനിച്ച പാദത്തിലെ വിവിധ ത്രൈമാസ ടിഡിഎസ്, ടിസിഎസ് റിട്ടേണുകള്‍ ഫയല്‍ ചെയ്യേണ്ടതും ജൂലൈ അവസാനമാണ്. ശമ്പളം, പ്രവാസികള്‍ക്ക് നല്‍കിയ തുക എന്നിവയുമായി ബന്ധപ്പെട്ട ടിഡിഎസ് സ്റ്റേറ്റ്‌മെന്റുകളും ഇതില്‍ ഉള്‍പ്പെടുന്നു.

ജൂലൈ 31: പ്രധാനപ്പെട്ട ആദായനികുതി ഫോമുകള്‍

നിരവധി പ്രധാന ഫോമുകളും ജൂലൈ 31-നകം സമര്‍പ്പിക്കേണ്ടതുണ്ട്. വാടകയിനത്തില്‍ സെക്ഷന്‍ 80ജിജി പ്രകാരം ഇളവ് നേടാനുള്ള ഫോം 10ബിഎ, കുടിശ്ശികയായോ മുന്‍കൂട്ടിയോ ലഭിച്ച ശമ്പളത്തിന് നികുതി ഇളവ് ലഭിക്കുന്നതിനുള്ള ഫോം 10ഇ, വിദേശ വരുമാനം, റോയല്‍റ്റി എന്നിവയിലെ ഇളവുകള്‍ക്കുള്ള ഫോം 10എച്ച്, 10സിസിഇ, 10സിസിഡി എന്നിവ ഇതില്‍പ്പെടുന്നു.

അവസാന തീയതി കഴിഞ്ഞാല്‍ എന്ത് സംഭവിക്കും?

ജൂലൈ 31-നകം ഐടിആര്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ നികുതിദായകര്‍ക്ക് പിഴയും അടയ്ക്കാനുള്ള നികുതിയുടെ മേല്‍ പലിശയും നല്‍കേണ്ടി വരും. ബിസിനസ്സിലോ മൂലധനത്തിലോ ഉണ്ടായ ചില നഷ്ടങ്ങള്‍ അടുത്ത വര്‍ഷത്തേക്ക് മാറ്റാനുള്ള ആനുകൂല്യവും ഇതിലൂടെ നഷ്ടപ്പെടും. എങ്കിലും, 2026 ഡിസംബര്‍ 31 വരെ ബി-ലേറ്റഡ് ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ അവസരമുണ്ട്. മൊത്തം വരുമാനം 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ളവര്‍ ജൂലൈ 31-ന് ശേഷവും ഡിസംബര്‍ 31-ന് മുന്‍പും ഐടിആര്‍ ഫയല്‍ ചെയ്താല്‍ 5,000 രൂപ വരെ ലേറ്റ് ഫീ നല്‍കേണ്ടി വരും. നികുതി നല്‍കേണ്ട വരുമാനം 5 ലക്ഷം രൂപ വരെയുള്ളവര്‍ക്ക് പിഴത്തുക 1,000 രൂപയായിരിക്കും.