ആറ് പതിറ്റാണ്ട് പഴക്കമുള്ള ആദായനികുതി നിയമം മാറി 'ഇന്‍കം ടാക്‌സ് ആക്ട് 2025' പ്രാബല്യത്തില്‍ വന്നു. ശമ്പളക്കാര്‍ക്ക് നികുതിയിളവുകള്‍ വര്‍ധിപ്പിച്ചപ്പോള്‍, എച്ച്.ആര്‍.എ, പാന്‍ കാര്‍ഡ്, ഉയര്‍ന്ന ഇടപാടുകള്‍ എന്നിവയ്ക്ക് നിയമങ്ങള്‍ കര്‍ശനമാക്കി. വിദേശയാത്ര, നിക്ഷേപം, ഐ.ടി.ആര്‍ ഫയലിംഗ് എന്നിവയിലും സുപ്രധാന മാറ്റങ്ങളുണ്ട്.

ആറ് പതിറ്റാണ്ടിലേറെ പഴക്കമുള്ള ആദായനികുതി നിയമം വഴിമാറി ഇന്‍കം ടാക്‌സ് ആക്ട് 2025' ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. നികുതിദായകര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന ഇളവുകളും അതോടൊപ്പം ചില കര്‍ശന നിബന്ധനകളും പുതിയ നിയമത്തിലുണ്ട്. പ്രധാന മാറ്റങ്ങള്‍ താഴെ പറയുന്നവയാണ്:

ഇനി 'ടാക്‌സ് ഇയര്‍' മാത്രം

സാമ്പത്തിക വര്‍ഷം , അസസ്മെന്റ് വര്‍ഷംഎന്നിങ്ങനെയുള്ള ആശയക്കുഴപ്പങ്ങള്‍ ഇനി വേണ്ട. ഇവയ്ക്ക് പകരം 'ടാക്‌സ് ഇയര്‍' എന്ന ഒറ്റ പേര് മാത്രമാകും ഇനി ഉണ്ടാവുക.

ആനുകൂല്യങ്ങളില്‍ വര്‍ധന

ശമ്പളക്കാരായ ജീവനക്കാര്‍ക്ക് സന്തോഷം നല്‍കുന്ന ഒട്ടേറെ പ്രഖ്യാപനങ്ങള്‍ പുതിയ നിയമത്തിലുണ്ട്:

മീല്‍ കാര്‍ഡ്: ഭക്ഷണത്തിനായി കമ്പനികള്‍ നല്‍കുന്ന മീല്‍ കാര്‍ഡുകളുടെ നികുതിയിളവ് പരിധി പ്രതിദിനം 50 രൂപയില്‍ നിന്ന് 200 രൂപയായി ഉയര്‍ത്തി.

സമ്മാനങ്ങള്‍: കമ്പനികള്‍ നല്‍കുന്ന ഗിഫ്റ്റ് വൗച്ചറുകളുടെ നികുതിയിളവ് പരിധി 5,000 രൂപയില്‍ നിന്ന് 15,000 രൂപയായി വര്‍ധിപ്പിച്ചു.

കുട്ടികളുടെ വിദ്യാഭ്യാസം: പഴയ നികുതി ഘടന തിരഞ്ഞെടുക്കുന്നവര്‍ക്ക് കുട്ടികളുടെ വിദ്യാഭ്യാസ അലവന്‍സ് പ്രതിമാസം 100 രൂപയില്‍ നിന്ന് 3,000 രൂപയായും, ഹോസ്റ്റല്‍ അലവന്‍സ് 300 രൂപയില്‍ നിന്ന് 9,000 രൂപയായും കൂട്ടി.

മെട്രോ നഗരങ്ങള്‍: എച്ച്.ആര്‍.എ ഇളവിനായി 50% പരിധി നിശ്ചയിച്ചിട്ടുള്ള മെട്രോ നഗരങ്ങളുടെ പട്ടികയില്‍ ബെംഗളൂരു, ഹൈദരാബാദ്, പൂനെ, അഹമ്മദാബാദ് എന്നിവയെ കൂടി ഉള്‍പ്പെടുത്തി.

എച്ച്.ആര്‍.എ നിയമം കര്‍ശനം

വീട്ടുവാടക ഇളവ് ക്ലെയിം ചെയ്യുന്നവര്‍ക്ക് ഇനി നിബന്ധനകള്‍ കടുക്കും. വാടക നല്‍കുന്ന വീടിന്റെ ഉടമസ്ഥന്റെ പാന്‍ കാര്‍ഡ് വിവരങ്ങളും വാടക നല്‍കിയതിന്റെ കൃത്യമായ രേഖകളും സമര്‍പ്പിക്കേണ്ടത് നിര്‍ബന്ധമാണ്.

പാന്‍ കാര്‍ഡ് നിയമങ്ങളില്‍ മാറ്റം

ഇനി മുതല്‍ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് മാത്രം പാന്‍ കാര്‍ഡിന് അപേക്ഷിക്കാന്‍ കഴിയില്ല. ഓരോ വിഭാഗത്തിനും പ്രത്യേക ഫോമുകള്‍ (വ്യക്തികള്‍ക്ക് ഫോം 93, കമ്പനികള്‍ക്ക് ഫോം 94 എന്നിങ്ങനെ) ഉപയോഗിക്കണം.

ഉയര്‍ന്ന ഇടപാടുകള്‍ക്ക് പാന്‍ നിര്‍ബന്ധം: വര്‍ഷം 10 ലക്ഷത്തിന് മുകളില്‍ ബാങ്കില്‍ നിക്ഷേപിക്കുന്നവര്‍ക്കും, 5 ലക്ഷത്തിന് മുകളില്‍ വിലയുള്ള വാഹനം വാങ്ങുന്നവര്‍ക്കും, ഹോട്ടല്‍/വിരുന്നുകള്‍ക്കായി 1 ലക്ഷത്തിന് മേല്‍ ചിലവാക്കുന്നവര്‍ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. 20 ലക്ഷത്തിന് മുകളിലുള്ള വസ്തു ഇടപാടുകള്‍ക്കും ഇത് ബാധകമാണ്.

വിദേശയാത്രയ്ക്കും പഠനത്തിനും ചിലവ് കുറയും

വിദേശയാത്രകള്‍ക്കുള്ള ടി.സി.എസ് നിരക്ക് കുറച്ചു. നേരത്തെ 10 ലക്ഷത്തിന് മുകളില്‍ 20 ശതമാനമായിരുന്നത് ഇനി മുതല്‍ തുക എത്രയായാലും 2 ശതമാനം മാത്രമായിരിക്കും. വിദേശ പഠനത്തിനും ചികിത്സയ്ക്കുമായി അയക്കുന്ന പണത്തിന്റെ നികുതിയും 5 ശതമാനത്തില്‍ നിന്ന് 2 ശതമാനമായി കുറച്ചു.

നിക്ഷേപകര്‍ ശ്രദ്ധിക്കാന്‍

ഓഹരി വിപണി: എഫ് ആന്‍ഡ് ഒ ട്രേഡിംഗിനുള്ള സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ ടാക്‌സ് വര്‍ധിപ്പിച്ചു.

ബൈബാക്ക്: കമ്പനികള്‍ ഓഹരികള്‍ തിരിച്ചുവാങ്ങുമ്പോള്‍ ലഭിക്കുന്ന ലാഭത്തിന് ഇനി മുതല്‍ 'ക്യാപിറ്റല്‍ ഗെയിന്‍സ്' ടാക്‌സ് നല്‍കണം.

എസ്.ജി.ബി : സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ നേരിട്ട് സര്‍ക്കാരില്‍ നിന്ന് വാങ്ങിയവര്‍ക്ക് മാത്രമേ കാലാവധി കഴിയുമ്പോള്‍ നികുതിയിളവ് ലഭിക്കൂ. സെക്കന്‍ഡറി മാര്‍ക്കറ്റില്‍ നിന്ന് വാങ്ങുന്നവര്‍ ലാഭവിഹിതത്തിന് നികുതി നല്‍കേണ്ടി വരും.

ടി.ഡി.എസ് : മ്യൂച്വല്‍ ഫണ്ടുകള്‍, ഡിവിഡന്റ് എന്നിവയുടെ ടി.ഡി.എസ് ഒഴിവാക്കാന്‍ ഇനി എല്ലാത്തിനും കൂടി ഒരൊറ്റ സത്യവാങ്മൂലംനല്‍കിയാല്‍ മതിയാകും.

ഐ.ടി.ആര്‍ ഫയലിംഗ്

ശമ്പളക്കാരുടെ ഐ.ടി.ആര്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതി ജൂലൈ 31 ആയി തുടരും. എന്നാല്‍ സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും പ്രൊഫഷണലുകള്‍ക്കുമുള്ള തീയതി ഓഗസ്റ്റ് 31 വരെ നീട്ടി. റിട്ടേണിലെ തെറ്റുകള്‍ തിരുത്താന്‍ ഇനി മാര്‍ച്ച് 31 വരെ (12 മാസം) സമയം ലഭിക്കും.

മറ്റ് പ്രധാന മാറ്റങ്ങള്‍

കമ്പനി വണ്ടി: കമ്പനി നല്‍കുന്ന കാറുകളുടെ നികുതി മൂല്യം 1.6 ലിറ്റര്‍ വരെയുള്ള എന്‍ജിന്‍ ശേഷിയുള്ളവയ്ക്ക് 8,000 രൂപയായും അതിനു മുകളില്‍ 10,000 രൂപയായും നിശ്ചയിച്ചു. ഡ്രൈവര്‍ ഉണ്ടെങ്കില്‍ 3,000 രൂപ അധികമായി കണക്കാക്കും.

അപകട പരിഹാരത്തുക: വാഹനാപകട ക്ലെയിം ട്രൈബ്യൂണലുകളില്‍ നിന്ന് ലഭിക്കുന്ന നഷ്ടപരിഹാരത്തുകയുടെ പലിശയ്ക്ക് ഇനി നികുതി നല്‍കേണ്ടതില്ല. ഇതില്‍ നിന്ന് ടി.ഡി.എസും ഈടാക്കില്ല.