അപ്രതീക്ഷിതമായി വലിയൊരു പണച്ചെലവ് വരുമ്പോള്‍ നമ്മുടെ മുന്നിലുള്ള രണ്ട് എളുപ്പവഴികളാണ് ക്രെഡിറ്റ് കാര്‍ഡും പേഴ്‌സണല്‍ ലോണും. പെട്ടെന്ന് പണം കയ്യിലെത്തുമെങ്കിലും ഇവ രണ്ടും രണ്ട് രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്.
അപ്രതീക്ഷിതമായി വലിയൊരു പണച്ചെലവ് വരുമ്പോള്‍ നമ്മുടെ മുന്നിലുള്ള രണ്ട് എളുപ്പവഴികളാണ് ക്രെഡിറ്റ് കാര്‍ഡും പേഴ്‌സണല്‍ ലോണും. പെട്ടെന്ന് പണം കയ്യിലെത്തുമെങ്കിലും ഇവ രണ്ടും രണ്ട് രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ശരിയായ തിരിച്ചറിവില്ലാതെ ഇതില്‍ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുത്താല്‍ നിങ്ങളുടെ കടബാധ്യത ഇരട്ടിയായേക്കാം. കാഴ്ചയില്‍ പലിശ നിരക്കിലെ വ്യത്യാസം മാത്രമാണ് പ്രധാനമെന്ന് തോന്നുമെങ്കിലും, പലിശ കണക്കാക്കുന്ന രീതിയും തിരിച്ചടവ് കാലാവധിയും പരിശോധിക്കുമ്പോള്‍ ഇവ തമ്മില്‍ വലിയ അന്തരമുണ്ട്.
ക്രെഡിറ്റ് കാര്‍ഡ്: 'മിനിമം ഡ്യൂ' എന്ന ചതിക്കുഴി
ഹ്രസ്വകാല ആവശ്യങ്ങള്‍ക്കാണ് ക്രെഡിറ്റ് കാര്‍ഡുകള്‍ അനുയോജ്യം. ബില്‍ തുക കൃത്യസമയത്ത് പൂര്‍ണ്ണമായും അടച്ചുതീര്‍ത്താല്‍ പലിശ നല്‍കേണ്ടി വരുന്നില്ല എന്നതാണ് ഇതിന്റെ മെച്ചം. എന്നാല്‍ തിരിച്ചടവ് മുടങ്ങിയാല്‍ കഥ മാറും. ഇന്ത്യയില്‍ ക്രെഡിറ്റ് കാര്‍ഡുകളുടെ വാര്‍ഷിക പലിശ 30 മുതല്‍ 45 ശതമാനം വരെയാണ്. പലിശ കണക്കാക്കുന്നത് മാസത്തിലല്ല, ഓരോ ദിവസവുമാണ്. തിരിച്ചടയ്ക്കാന്‍ ബാക്കിയുള്ള തുകയുടെ മേല്‍ പലിശ കൂട്ടുപലിശയായി വര്‍ധിച്ചുകൊണ്ടിരിക്കും. 'മിനിമം ഡ്യൂ' മാത്രം അടച്ചുപോകുന്ന രീതി കടം തീര്‍ക്കാന്‍ സഹായിക്കില്ലെന്ന് മാത്രമല്ല, വര്‍ഷങ്ങളോളം നിങ്ങളെ കടക്കാരനായി നിലനിര്‍ത്തുകയും ചെയ്യും. കുറഞ്ഞ തുകയാണെങ്കില്‍, അത് ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ തിരിച്ചടയ്ക്കാന്‍ ഉറപ്പുള്ളപ്പോള്‍ മാത്രം ക്രെഡിറ്റ് കാര്‍ഡിനെ ആശ്രയിക്കുന്നതാണ് ബുദ്ധി.
പേഴ്‌സണല്‍ ലോണ്‍: കൃത്യമായ പ്ലാനിംഗ്
ഒരു നിശ്ചിത തുകയെടുത്ത് നിശ്ചിത കാലയളവിനുള്ളില്‍ മാസത്തവണകളായി തിരിച്ചടയ്ക്കാന്‍ പേഴ്‌സണല്‍ ലോണാണ് നല്ലത്. ക്രെഡിറ്റ് കാര്‍ഡിനെ അപേക്ഷിച്ച് പേഴ്‌സണല്‍ ലോണുകളുടെ പലിശ നിരക്ക് കുറവാണ്. സാധാരണയായി ഇത് 12 ശതമാനം മുതല്‍ 20 ശതമാനം വരെയാകാം. പേഴ്‌സണല്‍ ലോണുകളില്‍ നിങ്ങള്‍ അടയ്ക്കുന്ന ഓരോ ഇഎംഐയും പലിശയും മുതലും ഒരുപോലെ കുറയ്ക്കാന്‍ സഹായിക്കുന്നു. ലോണ്‍ എന്നവസാനിക്കുമെന്ന് കൃത്യമായ ധാരണയുള്ളതിനാല്‍ മാനസികമായ സമ്മര്‍ദ്ദവും കുറവായിരിക്കും. എന്നാല്‍ പേഴ്‌സണല്‍ ലോണ്‍ എടുത്തു കഴിഞ്ഞാല്‍ എല്ലാ മാസവും കൃത്യമായി ഇഎംഐ അടയ്ക്കണം
നിങ്ങള്‍ക്ക് അനുയോജ്യം ഏത്?
ക്രെഡിറ്റ് കാര്‍ഡ്: പെട്ടെന്നുണ്ടാകുന്ന ചെറിയ ചെലവുകള്‍, അടുത്ത മാസം തന്നെ തിരിച്ചടയ്ക്കാന്‍ കഴിയുന്ന യാത്രാ ബില്ലുകള്‍, പലിശരഹിത ഇഎംഐ ഓഫറുകള്‍ എന്നിവയ്ക്ക് ഉപയോഗിക്കാം.
പേഴ്‌സണല്‍ ലോണ്‍: ചികിത്സാ ചെലവുകള്‍, വീട് അറ്റകുറ്റപ്പണി, വിവാഹം, ഉയര്‍ന്ന പലിശയുള്ള മറ്റു കടങ്ങള്‍ തീര്‍ക്കുക എന്നിവയ്ക്കായി പേഴ്‌സണല്‍ ലോണ്‍ തിരഞ്ഞെടുക്കാം. തിരിച്ചടയ്ക്കാന്‍ കുറച്ചു മാസങ്ങള്‍ വേണ്ടിവരുമെങ്കില്‍ പേഴ്‌സണല്‍ ലോണാണ് എപ്പോഴും ലാഭകരം.
സിബില്‍ സ്‌കോറിനെ ബാധിക്കുമോ?
ക്രെഡിറ്റ് കാര്‍ഡ് പരിധി പരമാവധി ഉപയോഗിക്കുന്നത് നിങ്ങളുടെ സിബില്‍ സ്‌കോറിനെ ദോഷകരമായി ബാധിച്ചേക്കാം. എന്നാല്‍ പേഴ്‌സണല്‍ ലോണ്‍ തുക സ്‌കോറിനെ നേരിട്ട് ബാധിക്കില്ല. പകരം, ലോണ്‍ കൃത്യമായി തിരിച്ചടയ്ക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് ഹിസ്റ്ററി മെച്ചപ്പെടുത്താന്‍ സഹായിക്കും.
തീരുമാനമെടുക്കും മുന്‍പ്
കടമെടുക്കുന്നതിന് മുന്‍പ് രണ്ട് ചോദ്യങ്ങള്‍ സ്വയം ചോദിക്കുക:
‘എനിക്ക് എത്ര രൂപ ആവശ്യമുണ്ട്’?
'എത്ര കാലം കൊണ്ട് ഇത് തിരിച്ചടയ്ക്കാന്‍ സാധിക്കും'?
ചെറിയ തുകയാണെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാം. തിരിച്ചടവ് മാസങ്ങള്‍ നീണ്ടുനില്‍ക്കുമെങ്കില്‍ പേഴ്‌സണല്‍ ലോണാണ് മികച്ച വഴി. ഹ്രസ്വകാലത്തേക്കുള്ള സൗകര്യങ്ങള്‍ ദീര്‍ഘകാല പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകില്ലെന്ന് ഓര്‍ക്കുക.


