പാലക്കാട് സ്വദേശിയായ പ്രേംകുമാർ ബാം​ഗ്ലൂരിൽ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു. 

പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പിൽ കേരളത്തിന് പുറത്തും പോലീസിൽ പരാതി നൽകുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരുകയാണ്. കർണാടകയിൽ തട്ടിപ്പിന് ഇരായായവർ ചേർന്ന് നിരവധി വാട്സാപ്പ് പ്രതിഷേധ കൂട്ടായ്മകൾ രൂപീകരിച്ചാണ് പോലീസിനെ സമീപിക്കുന്നത്. കർണാടകയ്ക്ക് പുറമേ തമിഴ്നാട്, ആന്ധ്രപ്രദേശ്, ദില്ലി തുടങ്ങിയ സംസ്ഥാനങ്ങളിലും നിരവധി ആളുകളാണ് പോലീസിനെ സമീപിക്കുന്നത്. 

കർണാടകയിൽ തട്ടിപ്പിന് ഇരയായവർ കേരള പോലീസിനും ഓൺലൈൻ വഴി പരാതികൾ അയ്ക്കുന്നുണ്ട്. ബാം​ഗ്ലൂരിൽ നിന്നും ഓൺലൈൻ വഴി ലഭിച്ച പരാതികൾ കോന്നിയിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ ചേർത്തിട്ടുണ്ടെന്ന് കേരള പോലീസിൽ നിന്ന് പരാതിക്കാർക്ക് മറുപടി ലഭിച്ചു. കേരളത്തിന് പുറമേ കർണാടകം, തമിഴ്നാട്, ആന്ധ്രപ്രദേശ്, ദില്ലി തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം പോപ്പുലർ ഫിനാൻസിന് ശാഖകളുണ്ട്. പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങളു‌‍ടെ ഭാ​ഗമായി കേരള പോലീസ് ദില്ലിയിലും മറ്റ് സംസ്ഥാനങ്ങളിലും പോയി തെളിവ് ശേഖരിക്കുമെന്ന് വ്യക്തമാക്കി. 

പോപ്പുലർ ഫിനാൻസ് നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ബാം​ഗ്ലൂർ യശ്വന്തപുര പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പോപ്പുലർ ഫിനാൻസിന്റെ മത്തിക്കെരെ ബ്രാഞ്ചിതെതിരെ മലയാളിയായ പ്രേംകുമാർ എന്ന വ്യക്തിയാണ് പരാതി നൽകിയത്. തന്റെ 31 ലക്ഷം രൂപ തട്ടിച്ചു എന്ന് ആരോപിച്ചാണ് അദ്ദേഹം കർണാടക പോലീസിനെ സമീപിച്ചത്. ഇദ്ദേഹം കോന്നി പോലീസിനും ഇ- മെയിൽ വഴി പരാതി സമർപ്പിച്ചു. ഇത് നിലവിലുളള എഫ്ഐആറിൽ ചേർത്തതായി പ്രേംകുമാറിന് മറുപടിയും ലഭിച്ചു. 

നൽകിയത് പോപ്പുലർ ട്രേഡേഴ്സിന്റെ പേരിലുളള സർട്ടിഫിക്കറ്റ്

കഴിഞ്ഞ 10 വർഷമായി പോപ്പുലർ ഫിനാൻസിന്റെ കസ്റ്റമറായിരുന്നു താനെന്ന് പ്രേംകുമാർ പറഞ്ഞു. പല തവണയായി സ്വന്തം പേരിലും മക്കളുടെ പേരിലും നിക്ഷേപിച്ചിരുന്ന പണമാണ് നഷ്‌ടമായത്. തുടക്കത്തിൽ നിക്ഷേപത്തിന് 15 ശതമാനം വരെ പോപ്പുലർ ഫിനാൻസ് പലിശ നൽകുമായിരുന്നു. പിന്നീട് ഇത് 12 ശതമാനമായി കുറഞ്ഞു. 2020 ജൂൺ വരെ പലിശ ലഭിച്ചു, പിന്നീട് നിക്ഷേപത്തിന് പലിശ ലഭിച്ചില്ലെന്നും പ്രേംകുമാർ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനോട് പറഞ്ഞു. 

കേരളത്തിൽ പാലക്കാട് സ്വദേശിയായ പ്രേംകുമാർ ബാം​ഗ്ലൂരിൽ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു. തന്റെ ആകെയുളള സമ്പാദ്യമാണ് തട്ടിപ്പിൽ പ്രതിസന്ധിയിലായതെന്ന് അ​ദ്ദേഹം പറഞ്ഞു. നിക്ഷേപത്തിന് പലിശ കൃത്യസമയത്ത് ലഭിക്കാതെയായപ്പോൾ ശാഖയിൽ അന്വേഷിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചിരുന്നില്ല. പിന്നീട് മത്തിക്കെരെ ശാഖ പോപ്പുലർ ഫിനാൻസ് പൂട്ടുകയാണുണ്ടായത്. തുടർന്ന് പരാതിയുമായി യശ്വന്തപുര പോലീസിനെ സമീപിക്കുകയായിരുന്നു. നിരവധി പേർ മത്തിക്കെരെ ശാഖയിൽ മാത്രം തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് പ്രേംകുമാർ പറയുന്നു.

തട്ടിപ്പിൽ നീതി തേടി മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും നിക്ഷേപകർ പരാതികളായിച്ചിട്ടുണ്ട്. ബാം​ഗ്ലൂരിലെ തട്ടിപ്പിന് ഇരായായ നിക്ഷേപകരുടെ കൂട്ടായ്മ നിയമ പോരാട്ടത്തിന് തയ്യാറെടുക്കുകയാണിപ്പോൾ. 

"പോപ്പുലർ ട്രേഡേഴ്സ് എന്ന പേരിലാണ് നിക്ഷേപങ്ങളുടെ ഡിപ്പോസിറ്റ് സർട്ടിഫിക്കറ്റ് ഫിനാൻസിൽ നിന്ന് നൽകിയിരുന്നത്. കഴിഞ്ഞ വർഷം നിക്ഷേപിച്ച അഞ്ച് ലക്ഷം രൂപയ്ക്ക് ലഭിച്ചത് മൈ പോപ്പുലർ മറൈൻ പ്രോഡക്ടസ് എൽഎൽപി എന്ന പേരിലുളള സർട്ടിഫിക്കറ്റാണ്, " പ്രേംകുമാർ കൂട്ടിച്ചേർത്തു.

കർണ്ണാടകയിൽ നിന്ന് ആയിരത്തോളം നിക്ഷേപകരുടെ 200 കോടിയോളം രൂപ നഷ്ടപ്പെട്ടതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. സാമ്പത്തിക തട്ടിപ്പിന് ഇരയായ നിക്ഷേപകരുടെ വാട്സാപ്പ് കൂട്ടായ്മ ബാം​ഗ്ലൂർ സിറ്റി പോലീസ് കമ്മീഷണറെ സമീപിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലായി 2,000 കോടി രൂപയുടെ വൻ തട്ടിപ്പ് പോപ്പുലർ ‌ഫിനാൻസ് ഉടമകൾ നടത്തിയതായാണ് കേരള പോലീസിന്റെ അന്വേഷണത്തിൽ ബോധ്യമായത്.