2026 ഒക്ടോബര്‍ 1 മുതല്‍ പ്രവാസികളുടെ ഉടമസ്ഥതയിലുള്ള വസ്തു വാങ്ങുന്ന ഇന്ത്യക്കാര്‍ക്ക് ടാക്‌സ് ഡിഡക്ഷന്‍ ആന്‍ഡ് കളക്ഷന്‍ അക്കൗണ്ട് നമ്പര്‍ (ടാന്‍) നിര്‍ബന്ധമല്ലാതാകും. ഈ പുതിയ നിയമം വരുന്നതോടെ, പാന്‍ കാര്‍ഡ് വിവരങ്ങള്‍ ഉപയോഗിച്ച് നികുതി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. 

പ്രവാസികളുടെ ഉടമസ്ഥതയില്‍ നാട്ടിലുള്ള വീടോ സ്ഥലമോ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത. ഇത്തരം ഇടപാടുകള്‍ക്കായി ഇനി 'ടാന്‍' എടുക്കേണ്ടി വരില്ല. 2026 ഒക്ടോബര്‍ 1 മുതലാണ് ഈ പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നത്. നിലവില്‍ ഒരു റെസിഡന്റ് ഇന്ത്യന്‍ (ഇന്ത്യയില്‍ താമസിക്കുന്നയാള്‍) മറ്റൊരു റെസിഡന്റ് ഇന്ത്യക്കാരനില്‍ നിന്ന് വസ്തു വാങ്ങുമ്പോള്‍ ടാന്‍ നമ്പര്‍ ആവശ്യമില്ല. എന്നാല്‍ ഒരു പ്രവാസിയില്‍ നിന്നാണ് വസ്തു വാങ്ങുന്നതെങ്കില്‍, വാങ്ങുന്നയാള്‍ ടാന്‍ എടുക്കണമെന്ന് നിര്‍ബന്ധമായിരുന്നു. സാധാരണക്കാരായ പലര്‍ക്കും ഈ രജിസ്‌ട്രേഷന്‍ നടപടികള്‍ വലിയൊരു തലവേദനയായിരുന്നു. പുതിയ നിയമം വരുന്നതോടെ, പ്രവാസികളില്‍ നിന്ന് വസ്തു വാങ്ങുന്ന സാധാരണക്കാര്‍ക്കും ഹിന്ദു അവിഭക്ത കുടുംബങ്ങള്‍ക്കുംഈ നിബന്ധനയില്‍ നിന്ന് ഇളവ് ലഭിക്കും. ഇനി മുതല്‍ പാന്‍ കാര്‍ഡ് വിവരങ്ങള്‍ മാത്രം ഉപയോഗിച്ച് നികുതി നടപടികള്‍ പൂര്‍ത്തിയാക്കാം.

എന്താണ് ടാന്‍ ?

ആദായനികുതി വകുപ്പില്‍ നിന്ന് നല്‍കുന്ന 10 അക്കങ്ങളുള്ള ഒരു നമ്പറാണ് ടാന്‍. നികുതി ഉറവിടത്തില്‍ തന്നെ ഈടാക്കാന്‍ ബാധ്യതയുള്ള വ്യക്തികളാണ് സാധാരണയായി ഇത് എടുക്കേണ്ടത്. ഒരൊറ്റ തവണ മാത്രം വസ്തു കൈമാറ്റം നടത്തുന്നവര്‍ക്ക് ഈ നമ്പര്‍ എടുക്കുന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍

ടിഡിഎസ് ഒഴിവാക്കില്ല: ടാന്‍ വേണ്ട എന്ന് വെച്ചാല്‍ നികുതി ഒഴിവാക്കി എന്നല്ല അര്‍ത്ഥം. പ്രവാസിയില്‍ നിന്ന് വാങ്ങുന്ന വസ്തുവിന്മേല്‍ നിയമപരമായ ടാക്‌സ് പിടിക്കുകയും അത് സര്‍ക്കാരിലേക്ക് അടയ്ക്കുകയും വേണം.

നികുതി നിരക്ക്: ഇന്‍കം ടാക്‌സ് നിയമത്തിലെ സെക്ഷന്‍ 393 പ്രകാരമായിരിക്കും നികുതി ഈടാക്കുക. ദീര്‍ഘകാല ലാഭത്തിന് 12.5 ശതമാനം നിരക്കിലും, കുറഞ്ഞ കാലയളവിലേതാണെങ്കില്‍ വരുമാനത്തിന് അനുസരിച്ചുള്ള സ്ലാബ് നിരക്കിലും നികുതി നല്‍കണം.

രേഖകള്‍ സുരക്ഷിതം: ടാന്‍ ഒഴിവാക്കിയാലും ഇടപാടുകള്‍ സുതാര്യമായിരിക്കും. പാന്‍ കാര്‍ഡ് വഴി വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനാല്‍, നികുതി അടച്ചതിന്റെ വിവരങ്ങള്‍ വില്‍ക്കുന്നയാളുടെ ഫോം 168, ആനുവല്‍ ഇന്‍ഫര്‍മേഷന്‍ സ്റ്റേറ്റ്മെന്റ് എന്നിവയില്‍ കാണാന്‍ സാധിക്കും.

പ്രവാസികള്‍ ശ്രദ്ധിക്കാന്‍

വസ്തു വില്‍ക്കുന്ന പ്രവാസികളെ സംബന്ധിച്ച് ഒരു പ്രധാന വെല്ലുവിളി നിലനില്‍ക്കുന്നുണ്ട്. ലാഭത്തിന്മേല്‍ മാത്രമല്ല, വസ്തു വില്‍ക്കുമ്പോള്‍ ലഭിക്കുന്ന മൊത്തം തുകയുടെ അടിസ്ഥാനത്തിലാണ് ടിഡിഎസ് പിടിക്കുന്നത്. ഇത് എന്‍ആര്‍ഐകള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. ഇത് ഒഴിവാക്കാന്‍ കുറഞ്ഞ നിരക്കിലോ പൂജ്യം നിരക്കിലോ നികുതി അടയ്ക്കാവുന്ന 'ലോവര്‍ ടാക്‌സ് സര്‍ട്ടിഫിക്കറ്റിനായി' വില്‍ക്കുന്നയാള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ചുരുക്കത്തില്‍, 2026 ഒക്ടോബര്‍ മുതല്‍ പ്രവാസികളുമായുള്ള വസ്തു ഇടപാടുകള്‍ സാധാരണക്കാര്‍ക്ക് കൂടുതല്‍ വേഗത്തിലും എളുപ്പത്തിലും പൂര്‍ത്തിയാക്കാന്‍ സാധിക്കും.