വാഹന ഇന്‍ഷുറന്‍സ് എടുത്ത കാലയളവില്‍ ക്ലെയിമുകള്‍ ഒന്നും ചെയ്തിട്ടില്ലെങ്കില്‍ ലഭിക്കുന്ന 'നോ ക്ലെയിം ബോണസ്' (NCB) ഉപയോഗിച്ച് പ്രീമിയം തുകയില്‍ 50% വരെ ലാഭിക്കാം. ഈ ബോണസ് വാഹനത്തിനല്ല, ഉടമയ്ക്കാണ് ലഭിക്കുന്നത് എന്നതിനാല്‍ പുതിയ വാഹനം വാങ്ങുമ്പോഴും ഇത് പ്രയോജനപ്പെടുത്താന്‍ സാധിക്കും.

വാഹനം സ്വന്തമായുള്ളവര്‍ക്ക് ഇന്‍ഷുറന്‍സ് തുകയില്‍ വലിയൊരു തുക ലാഭിക്കാന്‍ സഹായിക്കുന്ന ഒന്നാണ് 'നോ ക്ലെയിം ബോണസ്' അഥവാ എന്‍സിബി. ഇന്‍ഷുറന്‍സ് എടുത്ത കാലയളവില്‍ അപകടങ്ങളോ മറ്റ് കേടുപാടുകളോ വന്ന് ക്ലെയിം ഒന്നും ചെയ്തിട്ടില്ലെങ്കില്‍ കമ്പനികള്‍ പോളിസി ഉടമയ്ക്ക് നല്‍കുന്ന ഒരു പ്രതിഫലമാണിത്. ഇത് കൃത്യമായി ഉപയോഗപ്പെടുത്തിയാല്‍ ഇന്‍ഷുറന്‍സ് പ്രീമിയം പകുതിയോളം കുറയ്ക്കാന്‍ സാധിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Add Asianetnews as a Preferred SourcegooglePreferred

എന്താണ് നോ ക്ലെയിം ബോണസ്?

ഇന്‍ഷുറന്‍സ് പുതുക്കുമ്പോള്‍ 'ഓണ്‍ ഡാമേജ്' (സ്വന്തം വാഹനത്തിനുണ്ടാകുന്ന കേടുപാടുകള്‍) പ്രീമിയത്തില്‍ ലഭിക്കുന്ന കിഴിവാണിത്. ആദ്യത്തെ ഒരു വര്‍ഷം ക്ലെയിം ഒന്നും ചെയ്തിട്ടില്ലെങ്കില്‍ പ്രീമിയത്തില്‍ 20 ശതമാനം ഇളവ് ലഭിക്കും. തുടര്‍ച്ചയായ അഞ്ച് വര്‍ഷം വരെ ക്ലെയിം ഇല്ലാതെ പോളിസി കൊണ്ടുപോയാല്‍ ഈ ഇളവ് 50 ശതമാനം വരെ വര്‍ധിക്കും. ഒരു ഉദാഹരണമെടുത്താല്‍, നിങ്ങളുടെ വാഹനത്തിന്റെ പ്രീമിയം 35,000 രൂപയാണെങ്കില്‍ ആദ്യത്തെ ക്ലെയിം രഹിത വര്‍ഷത്തിന് ശേഷം 7,000 രൂപ കുറയും. അഞ്ച് വര്‍ഷം തുടര്‍ച്ചയായി ക്ലെയിം ചെയ്തില്ലെങ്കില്‍ 17,500 രൂപ വരെ ലാഭിക്കാന്‍ സാധിക്കും.

വാഹനത്തിനല്ല, ഉടമയ്ക്കാണ് മുന്‍ഗണന

എന്‍സിബിയുടെ ഏറ്റവും വലിയ പ്രത്യേകത അത് വണ്ടിക്കല്ല, മറിച്ച് ഉടമയ്ക്കാണ് ലഭിക്കുന്നത് എന്നതാണ്. അതുകൊണ്ട് തന്നെ പഴയ കാര്‍ വില്‍ക്കുമ്പോഴോ പുതിയ കാര്‍ വാങ്ങുമ്പോഴോ നിങ്ങളുടെ ബോണസ് പുതിയ കാറിലേക്ക് മാറ്റാന്‍ സാധിക്കും. ഇന്‍ഷുറന്‍സ് കമ്പനി മാറിയാലും ഈ ബോണസ് ലഭിക്കും.

ചെറിയ ക്ലെയിമുകള്‍ ലാഭമോ നഷ്ടമോ?

ചെറിയ തുകയുടെ റിപ്പയറുകള്‍ക്ക് വേണ്ടി ഇന്‍ഷുറന്‍സിനെ ആശ്രയിക്കുന്നത് പലപ്പോഴും ദീര്‍ഘകാലാടിസ്ഥാനത്തില്‍ നഷ്ടമുണ്ടാക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഐഡിവിയും എന്‍സിബിയും ഒന്നല്ല: വാഹനത്തിന്റെ മാര്‍ക്കറ്റ് വിലയാണ് ഐഡിവി. എന്‍സിബി ലഭിക്കുന്നത് കൊണ്ട് വണ്ടിയുടെ വില കുറയുന്നില്ല, മറിച്ച് നിങ്ങള്‍ അടയ്‌ക്കേണ്ട ഇന്‍ഷുറന്‍സ് തുക മാത്രമാണ് കുറയുന്നത്.

90 ദിവസത്തെ നിയമം: ഇന്‍ഷുറന്‍സ് കാലാവധി കഴിഞ്ഞാല്‍ 90 ദിവസത്തിനുള്ളില്‍ അത് പുതുക്കിയില്ലെങ്കില്‍ നിങ്ങളുടെ ബോണസ് ആനുകൂല്യം പൂര്‍ണ്ണമായും നഷ്ടപ്പെടും.

മോഷണം: വണ്ടി മോഷണം പോവുകയും പോളിസി തുക ക്ലെയിം ചെയ്യുകയും ചെയ്താല്‍ എന്‍സിബി പൂജ്യമാകും.

ബോണസ് എങ്ങനെ മാറ്റാം?

പഴയ വണ്ടി വില്‍ക്കുമ്പോള്‍ ആ വിവരം ഇന്‍ഷുറന്‍സ് കമ്പനിയെ അറിയിച്ച് 'എന്‍സിബി റിട്ടെന്‍ഷന്‍ സര്‍ട്ടിഫിക്കറ്റ്' കൈപ്പറ്റണം. വണ്ടി വാങ്ങുന്നയാള്‍ക്ക് നിങ്ങളുടെ ബോണസ് ആനുകൂല്യം ലഭിക്കില്ല. അത് നിങ്ങള്‍ക്ക് പുതിയ വണ്ടി വാങ്ങുമ്പോള്‍ ഉപയോഗിക്കാം.

എന്‍സിബി നിലനിര്‍ത്താന്‍ 'ആഡ് ഓണ്‍'

ഇപ്പോള്‍ പല കമ്പനികളും 'എന്‍സിബി പ്രൊട്ടക്ട്' എന്ന അധിക പരിരക്ഷ നല്‍കുന്നുണ്ട്. ഇത് എടുത്താല്‍, ഒരു തവണ ക്ലെയിം ചെയ്താലും നിങ്ങളുടെ ബോണസ് പൂര്‍ണ്ണമായും നഷ്ടപ്പെടില്ല. ചില പ്ലാനുകളില്‍ ബോണസ് തുക പൂജ്യമാകുന്നതിന് പകരം ഒരു പടി താഴേക്ക് മാത്രമാണ് കുറയുക. ഇത് വര്‍ഷങ്ങളായുള്ള നിങ്ങളുടെ ലാഭം സംരക്ഷിക്കാന്‍ സഹായിക്കും