വാഹനം അപകടത്തിൽപ്പെടുമ്പോൾ ഇൻഷുറൻസ് ക്ലെയിം നിരസിക്കപ്പെടാതിരിക്കാൻ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. തെറ്റായ വിവരങ്ങൾ നൽകുന്നത്, ചെറിയ അറ്റകുറ്റപ്പണികൾക്ക് ക്ലെയിം ചെയ്യുന്നത്, പഴയ കേടുപാടുകൾ പുതിയ ക്ലെയിമിൽ ഉൾപ്പെടുത്തുന്നത് എന്നിവയൊക്കെ ക്ലെയിം തുക നഷ്ടപ്പെടാൻ കാരണമാകും.

വാഹനം അപകടത്തില്‍പ്പെടുമ്പോഴാണ് പലപ്പോഴും ഇന്‍ഷുറന്‍സ് പോളിസിയുടെ യഥാര്‍ഥ മൂല്യം നാം തിരിച്ചറിയുന്നത്. എന്നാല്‍ ചെറിയതാണെങ്കില്‍ പോലും തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് കാരണം ക്ലെയിം തുക നിരസിക്കപ്പെടാന്‍ സാധ്യതയേറെയാണ്.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍

അപകട സ്ഥലത്തെ തെളിവുകള്‍: അപകടസ്ഥലത്തിന്റെ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തി സൂക്ഷിക്കുന്നത് ക്ലെയിം നടപടികള്‍ എളുപ്പമാക്കും

കൃത്യമായ വിവരങ്ങള്‍ നല്‍കുക: വാഹനം വാങ്ങുമ്പോഴും ഇന്‍ഷുറന്‍സ് എടുക്കുമ്പോഴും മുന്‍പത്തെ ക്ലെയിമുകള്‍, നോ ക്ലെയിം ബോണസ്, വാഹനത്തിന്റെ ഉടമസ്ഥാവകാശം, വരുത്തിയ മാറ്റങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ കൃത്യമായി വെളിപ്പെടുത്തണം. തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് ക്ലെയിം നിരസിക്കപ്പെടാനുള്ള പ്രധാന കാരണമാണ്.

സീറോ ഡെപ്രിസിയേഷന്‍ കവറേജ്: സീറോ ഡെപ്രിസിയേഷന്‍ ആഡ്- ഓണ്‍ ഉണ്ടെങ്കിലും സാധാരണ തേയ്മാനങ്ങള്‍ക്ക് കവറേജ് ലഭിക്കില്ല. എന്‍ജിന്‍ ഓയില്‍, കൂളന്റ്, ബ്രേക്ക് ഓയില്‍, നട്ട്, ബോള്‍ട്ട് തുടങ്ങിയ വസ്തുക്കള്‍ക്ക് പ്രത്യേക ആഡ്-ഓണ്‍ എടുക്കേണ്ടതുണ്ട്. എന്‍ജിന്‍, ടയര്‍ സംരക്ഷണത്തിനും പ്രത്യേക കവറേജ് ആവശ്യമാണ്.

ചെറിയ അറ്റകുറ്റപ്പണികള്‍ക്ക് ക്ലെയിം ചെയ്യരുത്: ചെറിയ അറ്റകുറ്റപ്പണികള്‍ക്ക് ക്ലെയിം ചെയ്താല്‍ നോ ക്ലെയിം ബോണസ് നഷ്ടപ്പെടും. റീന്യൂവല്‍ സമയത്ത് 12,000-15,000 രൂപ ബോണസായി ലാഭിക്കാമെന്നിരിക്കെ 8,000-10,000 രൂപയുടെ റിപ്പയറിങ് ക്ലെയിം സ്വന്തം കൈയില്‍ നിന്ന് അടയ്ക്കുന്നതാണ് ലാഭകരം. എന്നാല്‍ 50,000 രൂപ പോലെയുള്ള വലിയ തുകകള്‍ക്ക് ക്ലെയിം നല്‍കാം.

പഴയ കേടുപാടുകള്‍ പുതിയ ക്ലെയിമില്‍ ഉള്‍പ്പെടുത്തരുത്: പുതിയ അപകടത്തില്‍ പഴയ പോറലുകളോ കേടുപാടുകളോ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചാല്‍ ക്ലെയിം പൂര്‍ണമായും റദ്ദാക്കപ്പെട്ടേക്കാം. പഴയ കേടുപാടുകള്‍ തിരിച്ചറിയാന്‍ സര്‍വേയര്‍മാര്‍ക്ക് സാധിക്കും.

ഉപയോഗിച്ച കാറുകള്‍ വാങ്ങുമ്പോള്‍: വാഹനം മറ്റൊരാളിലേക്ക് കൈമാറുമ്പോള്‍ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഓട്ടോമാറ്റിക്കായി മാറുമെങ്കിലും സ്വന്തം വാഹനത്തിനായുള്ള കവറേജ് പുതിയ ഉടമയുടെ പേരിലേക്ക് മാറ്റേണ്ടതുണ്ട്.

വാഹനം മോഷ്ടിക്കപ്പെട്ടാല്‍: പൊലീസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ഇന്‍ഷുറന്‍സ് കമ്പനിയെയും ആര്‍.ടി.ഒയെയും ഉടന്‍ അറിയിക്കുകയും വേണം. ആര്‍.സി ബുക്കിന്റെ അസലും കാറിന്റെ താക്കോലുകളും നല്‍കാന്‍ വൈകിയാല്‍ പ്രക്രിയ സങ്കീര്‍ണ്ണമാകും.

ടോട്ടല്‍ ലോസ് വാഹനങ്ങള്‍: വാഹനം പൂര്‍ണമായി നശിച്ചതായി പ്രഖ്യാപിച്ചാലും അതിന്റെ അവശിഷ്ടങ്ങള്‍ക്ക് മൂല്യമുണ്ട്. കമ്പനിയുടെ സഹായത്തോടെയോ അല്ലാതെയോ ഇത് വിറ്റഴിക്കാവുന്നതാണ്.

തേര്‍ഡ് പാര്‍ട്ടിയും പേഴ്‌സണല്‍ ആക്‌സിഡന്റ് കവറും: തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് മറ്റുള്ളവര്‍ക്കുണ്ടാകുന്ന നഷ്ടങ്ങള്‍ക്കുള്ളതാണ്. ഓണ്‍-ഡാമേജ് പോളിസി സ്വന്തം വാഹനത്തെ സംരക്ഷിക്കുന്നു. ഉടമയ്ക്ക്/ഡ്രൈവര്‍ക്കുള്ള പേഴ്‌സണല്‍ ആക്‌സിഡന്റ് കവറേജ് 15 ലക്ഷം രൂപയുടേതാണ്, ഇതിന് നിര്‍ബന്ധിത വാര്‍ഷിക പ്രീമിയം 750 രൂപയാണ്.