തിരുവനന്തപുരം: എസ്ബിഐ എടിഎമ്മുകളില്‍ 100, 200 തുടങ്ങിയ കുറഞ്ഞ മൂല്യമുളള നോട്ടുകളുടെ ലഭ്യത ഉറപ്പാക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ എസ് വെങ്കിട്ടരാമന്‍. മെഗാ കസ്റ്റമര്‍ മീറ്റില്‍ ഉപഭോക്താക്കളുടെ പരാതികള്‍ക്കും സംശയങ്ങള്‍ക്കും മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. 

35 മുതല്‍ 40 ലക്ഷം രൂപ വരെയാണ് പല എടിഎമ്മുകളുടെയും ശേഷി. കുറഞ്ഞ മൂല്യമുളള നോട്ടുകള്‍ കിട്ടാനായി കൂടുതല്‍ ആളുകള്‍ ഇടപാടുകള്‍ നടത്തുന്നതാണ് ഇവ പെട്ടെന്ന് തീര്‍ന്നുപോകാന്‍ കാരണം. കേരളത്തില്‍ 3,000 രൂപയാണ് എസ്ബിഐ സേവിംഗ്സ് അക്കൗണ്ടുകളിലെ മിനിമം ബാലന്‍സ്. ഇത് ചെറിയ പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഈ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ അവരുടേത് പെന്‍ഷന്‍ അക്കൗണ്ടുകളാക്കി രൂപാന്തരപ്പെടുത്താവുന്നതാണെന്നും അദ്ദേഹം അറിയിച്ചു. 

മിലിട്ടറി പെന്‍ഷന്‍ അക്കൗണ്ട് ഉടമകള്‍ക്ക് പ്രത്യേക സേവനം ലഭ്യമാണെന്നും ചീഫ് ജനറല്‍ മാനേജര്‍ അറിയിച്ചു. എടിഎം കാര്‍ഡില്ലാതെ പണം പിന്‍വലിക്കുന്നത് ഉള്‍പ്പടെയുളള സേവനങ്ങള്‍ നല്‍കുന്ന എസ്ബിഐ യോനോ ആപ്പിനെക്കുറിച്ച് അവതരണവും സംഘടിപ്പിച്ചു.