ഇ-കൊമേഴ്‌സ് വിൽപ്പനയിലൂടെ ലുലു ഗ്രൂപ്പിന് വൻ ലാഭം. ആദ്യ സാമ്പത്തിക പാദത്തിൽ 600 കോടി രൂപയുടെ നേട്ടം

കൊച്ചി: ഇ കോമേഴ്സ് - ഓൺലൈൻ വിൽപ്പനയുടെ വളർച്ചയോടെ ലാഭവിഹിതത്തിൽ വൻ കുതിപ്പുമായി ലുലു ഗ്രൂപ്പ്. ആദ്യ സാമ്പത്തിക പാദത്തിൽ 16 ശതമാനം വർധനവോ‌ടെ 69.7 മില്യൺ ഡോളറിന്റെ നേട്ടമാണ് സ്വന്തമാക്കിയത്. ഏകദേശം 600 കോടിയോളം ഇന്ത്യൻ രൂപയുടെ നേട്ടമെന്ന് സാരം. 2.1 ബില്യൺ ഡോളറാണ് വരുമാനം. 26 ശതമാനമാണ് ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെയുള്ള വിൽപ്പനയുടെ വളർച്ച. 93.4 മില്യൺ ഡോളറിന്റെ വിൽപ്പന ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെ നടന്നെന്നാണ് വ്യക്തമാകുന്നത്.

നിക്ഷേപകർ ലുലുവിൽ അർപ്പിച്ച വിശ്വാസത്തിന്റെ ഫലമാണ് നേട്ടമെന്നും റീട്ടെയ്ൽ സേവനം കൂടുതൽ വിപുലമാക്കി സുസ്ഥിരമായ വളർച്ച ഉറപ്പാക്കുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പറഞ്ഞു. ജി സി സിയിലെ 20 പുതിയ സ്ഥലങ്ങളിൽ കൂടി പുതിയ സ്റ്റോറുകൾ തുറക്കാനാണ് ഗ്രൂപ്പിന്റെ തീരുമാനം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതേസമയം ലുലുവുമായി ബന്ധപ്പെട്ട മറ്റൊരു വാർത്ത ഹൈദരാബാദിലെ വമ്പൻ ഷോപ്പിങ് മാൾ ഏറ്റെടുത്തു എന്നതാണ്. ലോകത്താകമാനം നിരവധി റീട്ടെയിൽ ഷോപ്പിങ് മാളുകളുള്ള ലുലു ഇന്റർനാഷണൽ ഷോപ്പിംഗ് മാളുകളുടെ നിരയിലേക്കാണ് ഹൈദരാബാദിലെ കുകട്പള്ളിയിൽ സ്ഥിതിചെയ്യുന്ന മഞ്ജീര മാളും ലുലു ഏറ്റെടുത്തിരിക്കുന്നത്. കമ്പനി പാപ്പരായി പ്രഖ്യാപിക്കപ്പെട്ടതോടെയാണ് മഞ്ജീര റീട്ടെയിൽ ഹോൾഡിംഗ്സിൽ നിന്ന് മാൾ ലുലു ഏറ്റെടുത്തത്. നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ ഉത്തരവനുസരിച്ചാണ് ഈ ഏറ്റെടുപ്പ് നടന്നത്. നേരത്തെ ലുലു ഗ്രൂപ്പ് മഞ്ജീര മാൾ ലീസ് അടിസ്ഥാനത്തിൽ പ്രവർത്തിപ്പിച്ചിരുന്നു. എന്നാൽ ട്രൈബ്യൂണൽ ഉത്തരവ് പ്രകാരം മാളിന്റെ ഉടമസ്ഥാവകാശം ലുലുവിന് ലഭിച്ചു. 2023 ജൂലൈയിൽ, മഞ്ജീര റീട്ടെയിലിനെതിരെ ലോൺ തിരിച്ചടവിന്റെ പേരിൽ ഫിനാൻഷ്യൽ ക്രെഡിറ്റർ കാറ്റലിസ്റ്റ് ട്രസ്റ്റീഷൻ കോടതിയിൽ അപ്പീൽ നൽകിയിരുന്നു. തുടര്‍ന്ന് ജുഡീഷ്യൽ അംഗം രാജീവ് ഭരദ്വാജും ടെക്നിക്കൽ മെമ്പർ സഞ്ജയ് പൂരിയും അടങ്ങിയ ട്രൈബ്യൂണൽ ബെഞ്ച് കോർപ്പറേറ്റ് ഇൻസോൾവൻസി റെസല്യൂഷൻ പ്രോസസ്, അഥവാ പപ്പരത്ത പരിഹാരത്തിന് (CIRP) ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമായുള്ള നടപടികളിൽ, 49 കമ്പനികൾ മഞ്ജീര മാൾ ഏറ്റെടുക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. ഇവയിൽ ഏഴ് കമ്പനികളെ ക്രെഡിറ്റര്‍ കമ്മിറ്റി ലിസ്റ്റ് ചെയ്തു. ഇതിൽ 318 കോടി രൂപയുടെ പരിഹാര പദ്ധതി സമർപ്പിച്ച ലുലു ഇന്റർനാഷണലിനെ ക്രെഡിറ്റര്‍ കമ്മിറ്റി അംഗീകരിക്കുകയും, ട്രൈബ്യൂണലും ഈ തീരുമാനം ശരിവയ്ക്കുകയും ആയിരുന്നു. മ‍ഞ്ജീര മാൾ ലുല ഏറ്റെടുത്തതോടെ വലിയ മാറ്റങ്ങളാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. ഹൈദാരാബദിലെ റീട്ടെയിൽ രംഗത്ത ശക്തമായ സാന്നിധ്യമായി മാൾ ഉയര്‍ന്നുവരുമെന്നാണ് പ്രതീക്ഷ. മാളിന്റെ പേരിലടക്കം വലിയ മാറ്റങ്ങൾ മഞ്ജീര മാളിൽ ഉണ്ടായേക്കും.