ദില്ലി: ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി രാജ്യത്ത് ടെലിവിഷന്‍ ഉല്‍പ്പാദന രംഗത്തെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി ഇറക്കുമതി തീരുവയില്‍ ഇളവ് നല്‍കി. ടെലിവിഷന്‍ നിര്‍മ്മാണത്തിന് വേണ്ട പ്രധാന സാമഗ്രികള്‍ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്നതിന് എക്‌സൈസ് തീരുവയില്‍ അഞ്ച് ശതമാനം നികുതിയിളവാണ് നല്‍കിയിരിക്കുന്നത്. എല്‍സിഡി, എല്‍ഇഡി, ടെലിവിഷന്‍ പാനല്‍, ചിപ്, പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡ് എന്നിവയ്ക്കെല്ലാം ഇളവ് ലഭിക്കും. താരിഫും ഇന്‍സെന്റീവും വഴി പരമാവധി ആഭ്യന്തര ഉല്‍പ്പാദനമാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. 

ഈയിടെയാണ് കേന്ദ്രസര്‍ക്കാര്‍ ടെലിവിഷന്‍ ഇറക്കുമതിക്ക് നിയന്ത്രണം കൊണ്ടുവന്നത്. 2017 ഡിസംബര്‍ മുതല്‍ 20 ശതമാനം കസ്റ്റംസ് ഡ്യൂട്ടിയാണ് ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ജൂലൈ മുതല്‍ ഇത് നിയന്ത്രിത വിഭാഗത്തിലാവുകയും ചെയ്തു. ഏതായാലും സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ ആഭ്യന്തര ഉല്‍പ്പാദനം പരിപോഷിപ്പിക്കാന്‍ പര്യാപ്തമാണോയെന്ന് വരും നാളുകളില്‍ അറിയാം.