ക്രെഡിറ്റ് കാർഡുണ്ടോ? അമിത ഫീസും പിഴകളും എങ്ങനെ ഒഴിവാക്കാം
ഒരു ക്രെഡിറ്റ് കാർഡിനായി അപേക്ഷിക്കുമ്പോൾ നിങ്ങൾ നൽകേണ്ട ചാർജുകളെ കുറിച്ചും പിഴകൾ കുറിച്ചും വ്യക്തമായ ധാരണ ഉണ്ടാകണം

ഇന്ന് കൂടുതൽ ആളുകളും ക്രെഡിറ്റ് കാർഡ് സ്വന്തമാക്കാൻ താല്പര്യപ്പെടുന്നവരാണ്. കാരണം അടിയന്തര ഘട്ടങ്ങളിൽ പണമില്ലെങ്കിലും സാധനങ്ങൾ വാങ്ങാനും ബില്ലുകൾ അടയ്ക്കാനും ക്രെഡിറ്റ് കാർഡ് ഉണ്ടെങ്കിൽ എളുപ്പമാണ്.മാത്രമല്ല, വിലകൂടിയ സാധനങ്ങൾ ഒറ്റയടിക്ക് വാങ്ങാൻ പണമില്ലാത്തപ്പോൾ, ഇഎംഐ ആയി വാങ്ങാനും ക്രെഡിറ്റ് കാർഡ് സഹായിക്കുന്നു. എന്നാൽ ശ്രദ്ധിക്കേണ്ടത് ക്രെഡിറ്റ് കാർഡുകൾ ഈടാക്കുന്ന ചാർജുകളും പിഴയുമാണ്.
ക്രെഡിറ്റ് കാർഡ് പരിധി കടക്കുകയോ, തിരിച്ചടവ് മുടങ്ങുകയോ ആണെങ്കിൽ ക്രെഡിറ്റ് കാർഡ് ചാർജുകളോടൊപ്പം പിഴയും വന്നേക്കാം. ഒരു ക്രെഡിറ്റ് കാർഡിനായി അപേക്ഷിക്കുമ്പോൾ നിങ്ങൾ നൽകേണ്ടുന്ന ചാർജുകൾ കുറിച്ചും പിഴകൾ കുറിച്ചും വ്യക്തമായ ധാരണ ഉണ്ടാകണം. ഇങ്ങനെ വന്നാൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ അമിത ചാർജ് വരാതെയും പിഴകൾ വരാതെയും സൂക്ഷിക്കാനാകും. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ;
ALSO READ: വരുന്നു, ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര മാൾ; മുകേഷ് അംബാനിയുടെ വ്യവസായ തന്ത്രം ഇങ്ങനെ
വാർഷിക ഫീസ്:
ബാങ്കുകൾ ഇടയ്ക്കിടെ ക്രെഡിറ്റ് കാർഡുകൾ സൗജന്യമായി നൽകും, ഇവയിൽ പലതിനും വാർഷിക ഫീസുകൾ ഉണ്ടാകില്ല. വാർഷിക ഫീസുകൾ ഈടാക്കുന്നത്തിൽ തന്നെ കാർഡിനെ ആശ്രയിച്ച് ഫീസിൽ വ്യത്യാസമുണ്ടാകും. കാർഡ് എടുക്കുമ്പോൾ വാർഷിക ഫീസ് അറിഞ്ഞശേഷം മാത്രം ഏതു വേണമെന്ന് തെരഞ്ഞെടുക്കുക.
പലിശ നിരക്ക്:
ഓരോ മാസവും അല്ലെങ്കിൽ ബില്ലിംഗ് സൈക്കിളിലും ക്രെഡിറ്റ് കാർഡിലെ മുഴുവൻ തുകയും അടച്ചില്ലെങ്കില് പലിശ നൽകേണ്ടതായി വരും. കാർഡ് എടുക്കുമ്പോൾ തന്നെ പലിശയെ കുറിച്ച് ധാരണ ഉണ്ടായിരിക്കണം. മൊത്തം കുടിശ്ശിക തുക അടയ്ക്കാത്തപ്പോൾ മാത്രമേ പലിശ ബാധകമാകുകയുള്ളു. പലിശ ഒഴിവാക്കാനുള്ള ഏറ്റവും മികച്ച മാർഗം ഓരോ മാസവും ബിൽ പൂർണ്ണമായി അടയ്ക്കുക എന്നതാണ്.
ഓവർ-ലിമിറ്റ് ഫീസ്:
കാർഡ് എടുക്കുമ്പോൾതന്നെ ചെലവ് പരിധി അറിയണം. ബാങ്കുകൾ പറഞ്ഞിട്ടുള്ള പരിധിയേക്കാൾ കൂടുതൽ ചെലവാക്കുകയാണെങ്കിൽ തീർച്ചയായും നിങ്ങളിൽ നിന്ന് ഒരു വലിയ തുക ഓവർ-ലിമിറ്റ് ഫീസായി ബാങ്കുകൾ ഈടാക്കും. ഭൂരിഭാഗം ബാങ്കുകളും കുറഞ്ഞത് 100 രൂപയും മാക്സിമം 500 രൂപയും വരെയാണ് ഈടാക്കുക.
ALSO READ: പാരിസിലേക്ക് പറക്കാം വെറും 25,000 രൂപയ്ക്ക്! എയർഇന്ത്യയുടെ വമ്പൻ ഡിസ്‌കൗണ്ട് ഇന്ന് അവസാനിക്കും
അന്താരാഷ്ട്ര ഇടപാടുകൾ:
ക്രെഡിറ്റ് കാർഡ് കമ്പനികൾ തങ്ങളുടെ കാർഡുകൾ ലോകമെമ്പാടും ഉപയോഗിക്കാമെന്ന് പറയുമ്പോൾ പോലും പലപ്പോഴായി വിദേശ ഇടപാടുകൾക്ക് അധിക ചെലവുകൾ വരുന്ന കാര്യം എടുത്തുപറയാറില്ല. ഇങ്ങനെ അന്താരാഷ്ട്ര ഇടപാടുകൾ നടത്തുമ്പോൾ കാർഡിനെ ആശ്രയിച്ച് ഫീസ് വ്യത്യാസപ്പെടുന്നു, അല്ലെങ്കിൽ ഇടപാട് മൂല്യത്തിനനുസരിച്ച് ഫീസ് വ്യത്യാസപ്പെടുന്നു.
പിഴ
ക്രെഡിറ്റ് കാർഡ് കുടിശിക അടയ്ക്കാൻ കഴിയുന്നില്ലെങ്കിൽ ഏറ്റവും കുറഞ്ഞ തുക അടയ്ക്കാനുള്ള ഒരു ഓപ്ഷൻ ബാങ്കുകൾ നൽകും. , അതും അടയ്ക്കാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ ബാങ്ക് ലേറ്റ് പേയ്‌മെന്റ് ചാർജ് ഈടാക്കും. അടയ്‌ക്കേണ്ട ഏറ്റവും കുറഞ്ഞ തുകനിശ്ചിത തീയതിയിലോ അതിനുമുമ്പോ അടച്ചാൽ പിഴ ഒഴിവാക്കാം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം