നിങ്ങൾ ഒരു പുതിയ ലൈഫ് ഇൻഷുറൻസ് പോളിസി എടുക്കാൻ ആഗ്രഹിക്കുകയാണെങ്കിൽ ഈ അഞ്ച് കാര്യങ്ങൾ നിർബന്ധമായി അറിഞ്ഞിരിക്കുക
ഇന്ത്യൻ കുടുംബങ്ങളുടെ ഒരു ഭാഗമാണ് ലൈഫ് ഇൻഷുറൻസ് പോളിസികൾ (Life Insurance policy). ലൈഫ് ഇൻഷുറൻസ് എടുക്കാത്തവർ വളരെ വിരളമാണെന്നു തന്നെ പറയാം. അത്രമേൽ ലൈഫ് ഇൻഷുറൻസ് ഓരോ കുടുംബങ്ങളുടെയും ഭാഗമായിട്ടുണ്ട്. ഓരോ വ്യക്തികളും അവരുടെ കുടുംബങ്ങളുടെ ഭാവി സുരക്ഷിതമാക്കാൻ ഇത്തരം പോളിസികൾ തിരഞ്ഞെടുക്കുന്നു. 2020-ൽ കോവിഡ് (Covid) പകർച്ചവ്യാധി പടർന്നു പിടിച്ചത് മുതൽ ഭൂരിഭാഗം പേരും ലൈഫ് ഇൻഷുറൻസ് പോളിസിയെ കുറിച്ച് കാര്യമായി ചിന്തിച്ച് തുടങ്ങിയിരിക്കുന്നു. നിങ്ങൾ ഒരു പുതിയ ലൈഫ് ഇൻഷുറൻസ് പോളിസി എടുക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനു മുമ്പ് അഞ്ച് കാര്യങ്ങൾ നിർബന്ധമായും പരിശോധിക്കണം.
1. ഇൻഷുററുടെ ട്രാക്ക് റെക്കോർഡ്
ഒരു ലൈഫ് ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കുന്നതിന് മുമ്പ് തീർച്ചയായും ഇൻഷുററുടെ ട്രാക്ക് റെക്കോർഡ് (Track record) പരിശോധിച്ചിരിക്കണം. അതെന്തിനാനെന്നാൽ കമ്പനി കൃത്യസമയത്ത് ക്ലെയിം തുക നൽകുന്നുണ്ടോ അതോ മോശം ഉപഭോക്തൃ സേവനമാണോ എന്നെല്ലാം പോളിസി എടുക്കുന്നതിന് മുൻപ് തന്നെ മനസിലാക്കിയിരിക്കണം. ഇങ്ങനെ പരിശോധിച്ച് വിവിധ ഇൻഷുറൻസ് കമ്പനികളെ താരതമ്യം നടത്തിയ ശേഷം മാത്രം ഒരു പോളിസി തിരഞ്ഞെടുക്കുക.
2. ക്ലെയിം സെറ്റിൽമെന്റ് റേഷ്യോ (Claim Settlement Ratio)
ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ ക്ലെയിം സെറ്റിൽമെന്റ് റേഷ്യോ (CSR) പരിശോധിക്കണം. ഇൻഷുറൻസ് കമ്പനി ഉപഭോക്താക്കൾക്ക് നൽകുന്ന ക്ലെയിമുകളുടെയും കമ്പനിക്ക് ലഭിച്ച മൊത്തം ക്ലെയിമുകളുടെയും അനുപാതമാണിത്. അതിനാൽ ക്ലെയിം സെറ്റിൽമെന്റ് റേഷ്യോ ഉയർന്ന കമ്പനി തിരഞ്ഞെടുക്കുന്നതായിരിക്കും ഉചിതം. ഓരോ വർഷവും ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (IRDA) ആണ് ലൈഫ് ഇൻഷുറൻസ് കമ്പനികളുടെ ക്ലെയിം സെറ്റിൽമെന്റ് റേഷ്യോ പുറത്തുവിടുന്നത്.
3. കമ്പനിയുടെ പ്രൊഫൈൽ
ലൈഫ് ഇൻഷുറൻസ് കൗൺസിൽ നടത്തിയ സർവേ പ്രകാരം നിക്ഷേപകർക്ക് പലപ്പോഴും കമ്പനികളിൽ അവിശ്വാസം ഉണ്ടായേക്കാം. ഇങ്ങനെ വരുമ്പോൾ സാമ്പത്തിക വിദഗ്ധരായ സുഹൃത്തുക്കളിൽ നിന്ന് ഫീഡ്‌ബാക്ക് എടുക്കുകയും പുരോഗതികൾ ഓൺലൈൻ അവലോകങ്ങളിൽ നിന്നും മനസിലാക്കുകയും ശേഷം മാത്രം ശരിയായ തെരെഞ്ഞെടുപ്പ് നടത്തുകയും ചെയ്യണം.
4. തെരെഞ്ഞുപ്പ്
ആളുകളെ ആശയക്കുഴപ്പത്തിലാക്കുന്ന നിരവധി പ്ലാനുകൾ ഇൻഷുറൻസ് കമ്പനികൾ നൽകാറുണ്ട്. അതിനാൽ തന്നെ ആവശ്യങ്ങൾ കൃത്യമായി തിരിച്ചറിഞ്ഞ് വേണം പോളിസി എടുക്കാൻ. അതായത് ഇൻഷുറൻസ് കമ്പനികളുടെ വിവിധ ഓഫറുകളിൽ നിന്ന് ഉപഭോക്താവിന് യഥാർത്ഥ ആവശ്യങ്ങൾതിരിച്ചറിഞ്ഞ് പോളിസി തിരഞ്ഞെടുക്കാൻ സാധിക്കണം.
5. സേവനം
ഉപഭോക്താവിന് ഇൻഷുറൻസ് ക്ലെയിം നൽകുന്നതിന്റെ പ്രധാന ഘട്ടങ്ങൾ വിശദീകരിക്കുക, ഉപഭോക്താവിന് പരമാവധി വിവരങ്ങൾ നൽകൽ തുടങ്ങിയ സേവനത്തിൽ ഉൾപ്പെടുത്താവുന്നതാണ്. ഒരു ഉപഭോക്താവെന്ന നിലയിൽ പക്ഷപാതരഹിതമായ തീരുമാനം എടുക്കുന്നതിന് ഇത്തരത്തിലുള്ള മാനദണ്ഡങ്ങൾ പരിശോധിക്കേണ്ടത് നിർണായകമാണ്.
