Asianet News MalayalamAsianet News Malayalam

2018ൽ ബിസിനസുകാരുടെ ആത്മഹത്യയിൽ വന്‍ വർധന; ജീവനൊടുക്കിയത് 7990 പേർ, പ്രധാന കാരണം കടബാധ്യത

ആത്മഹത്യ ചെയ്തവരിൽ 4970 പേരും കടബാധ്യത മൂലമാണ് ആത്മഹത്യ ചെയ്തത്.  2016 ലും 2017 ലും ആത്മഹത്യ നിരക്ക് താഴേക്ക് പോയിരുന്നു. എന്നാൽ 2018 ൽ 2.7 ശതമാനത്തിന്റെ വർധനവ് ഉണ്ടായി.

7990 business people committed suicide in 2018  NCRB data report
Author
Mumbai, First Published Jan 15, 2020, 4:42 PM IST

ദില്ലി: 2018ൽ എട്ടായിരത്തോളം ബിസിനസുകാർ ആത്മഹത്യ ചെയ്തെന്ന് റിപ്പോർട്ട്. ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യുറോയുടെ കണക്കാണ് പുറത്ത് വന്നത്. 2016 ലും 2017 ലും ആത്മഹത്യ നിരക്ക് താഴേക്ക് പോയിരുന്നു. എന്നാൽ 2018 ൽ 2.7 ശതമാനത്തിന്റെ വർധനവ് ഉണ്ടായെന്നാണ് ദേശീയ ക്രൈം റെക്കോർഡ്‌ ബ്യുറോയുടെ കണക്ക്.

ആത്മഹത്യ ചെയ്ത വ്യക്തികളുടെ തൊഴിൽ സംബന്ധിച്ച പരിശോധനകൾക്ക് ശേഷം തയ്യാറാക്കിയ റിപ്പോർട്ടാണിത്. കര്‍ണാടകത്തിലാണ് ഏറ്റവും കൂടുതൽ പേർ ആത്മഹത്യ ചെയ്തത്. 1113 പേർ. മഹാരാഷ്ട്രയിൽ 969 പേരും തമിഴ്നാട്ടിൽ 931 പേരും ആത്മഹത്യ ചെയ്തു. സംസ്ഥാനങ്ങളിലെ ജിഡിപി കണക്കിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളാണ് ഇവ മൂന്നും.

ദേശീയ ക്രൈം റെക്കോർഡ്‌ ബ്യുറോയുടെ കണക്കുകൾ പ്രകാരം 2015 ൽ 8780 ബിസിനസുകാർ ആത്മഹത്യ ചെയ്തിരുന്നു. 2016 ൽ ഇത് 8573 ആയി കുറഞ്ഞു. 2017ൽ ഇത് വീണ്ടും കുറഞ്ഞ് 7778 ൽ എത്തി. എന്നാൽ 2018 ൽ 7990 ആയി വർധിക്കുകയായിരുന്നു. ആത്മഹത്യ ചെയ്തവരിൽ 4970 പേരും കടം മൂലമാണ് ആത്മഹത്യ ചെയ്തത്. 2017 നെ അപേക്ഷിച്ച് ബാധ്യതകളെ തുടർന്ന് ജീവനൊടുക്കിയവരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. 2017 ൽ ഇത് 5151 ആയിരുന്നു. 

രണ്ടാമത്തെ പ്രധാന കാരണം കുടുംബ പ്രശ്നങ്ങളാണ്. 2017ൽ 30.1 ശതമനം പേരുടെ ആത്മഹത്യയ്ക്ക് കുടുംബ പ്രശ്നങ്ങൾ കാരണമായെങ്കിൽ 2018ൽ ഇത് 30.4 ശതമാനം പേരുടെ ആത്മഹത്യയിലേക്ക് നയിച്ചു. രോഗം, വിവാഹ സംബന്ധമായ പ്രശ്നങ്ങൾ, ലഹരി ഉപഭോഗം, പ്രണയ ബന്ധങ്ങൾ എന്നിവയാണ് മറ്റുള്ളവരെ ആത്മഹത്യയിലേക്ക് എത്തിച്ചത്.

കട ബാധ്യതകൾ തുടർന്ന് ഏറ്റവും കൂടുതൽ പേർ ആത്മഹത്യ ചെയ്തത് മഹാരാഷ്ട്രയിലാണ്. 1541 പേർ. കർണാടകത്തിൽ 1391 പേരും ഇതേ കാരണത്തെ തുടർന്ന് ആത്മഹത്യ ചെയ്തു. ബെംഗളൂരു നഗരത്തിൽ മാത്രം 142 ബിസിനസുകരാണ് കടം കൂടിയതിനെ തുടർന്ന് ആത്മഹത്യ ചെയ്തത്. മുംബൈയിൽ പക്ഷെ കട ബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്ത ബിസിനസുകരുടെ എണ്ണം വെറും 20 ആണ്.

Follow Us:
Download App:
  • android
  • ios