വേഗത്തില്‍ സാധനങ്ങളെത്തിക്കാനുള്ള സമ്മര്‍ദ്ദം ഡെലിവറി ജീവനക്കാരുടെ സുരക്ഷയെ ബാധിക്കുന്നുവെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് കേന്ദ്ര നിര്‍ദേശം

'10 മിനിറ്റിനുള്ളില്‍ സാധനങ്ങള്‍ വീട്ടിലെത്തിക്കും' എന്ന ക്വിക് കൊമേഴ്‌സ് കമ്പനികളുടെ പരസ്യവാചകം പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതോടെ ഓണ്‍ലൈന്‍ ഡെലിവറി പ്ലാറ്റ്ഫോമുകളേുടെ വേഗം കുറയുമോ? വേഗത്തില്‍ സാധനങ്ങളെത്തിക്കാനുള്ള സമ്മര്‍ദ്ദം ഡെലിവറി ജീവനക്കാരുടെ സുരക്ഷയെ ബാധിക്കുന്നുവെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് കേന്ദ്ര നിര്‍ദേശം വന്നതെങ്കിലും സേവനങ്ങളെ ബാധിക്കില്ലെന്നാണ് കമ്പനികള്‍ വ്യക്തമാക്കുന്നത്.

പ്രവര്‍ത്തനത്തെ ബാധിക്കില്ല

പരസ്യവാചകം മാറ്റിയാലും ദൈനംദിന പ്രവര്‍ത്തനങ്ങളെ ഇത് കാര്യമായി ബാധിക്കില്ലെന്ന് കമ്പനി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഡോമിനോസ് പിസ്സയുടേതുപോലെ 'സമയത്തിനുള്ളില്‍ എത്തിയില്ലെങ്കില്‍ പണം വേണ്ട' എന്ന ഗ്യാരണ്ടി ക്വിക്ക് കൊമേഴ്‌സ് കമ്പനികള്‍ നല്‍കുന്നില്ല. ഉപഭോക്താവിന്റെ ലൊക്കേഷന്‍, ട്രാഫിക്, കാലാവസ്ഥ എന്നിവയനുസരിച്ചാണ് സമയം കാണിക്കുന്നത്. നഗരങ്ങളില്‍ ഡാര്‍ക്ക് സ്റ്റോറുകള്‍ക്ക് (സാധനങ്ങള്‍ സൂക്ഷിക്കുന്ന കേന്ദ്രങ്ങള്‍) 200 മീറ്ററിനുള്ളില്‍ താമസിക്കുന്നവര്‍ക്ക് ഇപ്പോഴും 4-5 മിനിറ്റിനുള്ളില്‍ സാധനങ്ങള്‍ ലഭിച്ചേക്കാം. പരമാവധി 20-30 മിനിറ്റിനുള്ളില്‍ സാധനങ്ങളെത്തിക്കുന്ന രീതി തന്നെയാകും തുടരുക.

കേന്ദ്രത്തിന്റെ നിര്‍ദ്ദേശത്തിന് പിന്നാലെ ഓണ്‍ലൈന്‍ ഡെലിവറി പ്ലാറ്റ്‌ഫോമായ ബ്ലിങ്കിറ്റ് തങ്ങളുടെ ആപ്പിലും പരസ്യങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. '10 മിനിറ്റിനുള്ളില്‍ 10,000-ലധികം ഉല്‍പ്പന്നങ്ങള്‍' എന്ന പ്രധാന പരസ്യവാചകം മാറ്റി '30,000-ലധികം ഉല്‍പ്പന്നങ്ങള്‍ നിങ്ങളുടെ വാതില്‍ക്കല്‍' എന്നാക്കി മാറ്റിയിട്ടുണ്ട്. സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട്, സെപ്‌റ്റോ തുടങ്ങിയവരും സമാന രീതിയില്‍ മാറ്റങ്ങള്‍ വരുത്തും.

ജീവനക്കാരുടെ സുരക്ഷ പ്രധാനം

കഴിഞ്ഞ ക്രിസ്മസ്, പുതുവത്സര ദിനങ്ങളില്‍ ഡെലിവറി ജീവനക്കാരുടെ സംഘടനകള്‍ നടത്തിയ പണിമുടക്കിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ ഇടപെടല്‍. 10 മിനിറ്റ് ഡെലിവറി വാഗ്ദാനം പിന്‍വലിക്കണമെന്നും പഴയ വേതന ഘടന തിരികെ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. അമിത വേഗത്തിനായുള്ള 'അല്‍ഗോരിതം' സമ്മര്‍ദ്ദം ജീവനക്കാരെ അപകടകരമായ ഡ്രൈവിംഗിലേക്ക് തള്ളിവിടുന്നുവെന്നായിരുന്നു പ്രധാന പരാതി. കമ്പനികളുടെ പ്രവര്‍ത്തനത്തെ തടയുകയല്ല, മറിച്ച് അപ്രായോഗികമായ വാഗ്ദാനങ്ങള്‍ ഒഴിവാക്കി സുരക്ഷിതമായ തൊഴില്‍ സാഹചര്യം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്രം വ്യക്തമാക്കി.

വിപണി കുതിക്കും

പരസ്യവാചകങ്ങള്‍ മാറിയാലും ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് തുടങ്ങിയ ഭീമന്‍മാരോട് മത്സരിക്കാന്‍ 'വേഗം' എന്ന ഘടകം അനിവാര്യമാണ്. ഗോള്‍ഡ്മാന്‍ സാക്‌സിന്റെ കണക്കുകള്‍ പ്രകാരം, നിലവില്‍ 600 കോടി ഡോളര്‍ (ഏകദേശം 54,000 കോടി രൂപ) മൂല്യമുള്ള ഈ വിപണി 2030-ഓടെ 4700 കോടി ഡോളറിലേക്ക് വളരും. 2030-ഓടെ രാജ്യത്തെ ഡാര്‍ക്ക് സ്റ്റോറുകളുടെ എണ്ണം മൂന്നിരട്ടിയായി വര്‍ധിച്ച് 7,500-ല്‍ എത്തുമെന്ന് സാവില്‍സ് പി.എല്‍.സി.യുടെ റിപ്പോര്‍ട്ടും പറയുന്നു.