അദാനി ഗ്രൂപ്പ് ഇനി എയർപോർട്ടുകളിലും വൈദ്യുതി ബിസിനസ്സിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പൊതുയോഗത്തിൽ അദാനി

ഹിൻഡൻബർഗ് റിപ്പോർട്ടിനെതിരെ ആഞ്ഞടിച്ച് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. റിപ്പോർട്ട് തങ്ങളെ അപകീർത്തിപ്പെടുത്താൻ ഉണ്ടാക്കിയതാണെന്നും ഗൗതം അദാനി ആരോപിച്ചു. ഓഹരിയുടമകളുടെ വാർഷിക പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അദാനി ഗ്രൂപ്പ് ഈ കൊടുങ്കാറ്റിനെ നേരിടുക മാത്രമല്ല, കൂടുതൽ ശക്തമായി ഉയർന്നുവരുകയും ചെയ്തുവെന്നും ഒരു വെല്ലുവിളിക്കും തങ്ങളുടെ അടിസ്ഥാന ശക്തിയെ ദുർബലപ്പെടുത്താൻ കഴിയില്ലെന്നും ഇത് തെളിയിക്കുന്നതായും അദാനി വ്യക്തമാക്കി. ഒരു വശത്ത് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കപ്പെടുന്നതായും, മറുവശത്ത് ഫോളോ-ഓൺ പബ്ലിക് ഓഫറിന്റെ (എഫ്പിഒ) സമയത്ത് രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടതായും അദാനി പറഞ്ഞു. ഈ ഇരട്ട വെല്ലുവിളിയെ അതിജീവിച്ച് അദാനി ഗ്രൂപ്പ് ചുരുങ്ങിയ സമയത്തിനുള്ളിൽ നിരവധി നാഴികക്കല്ലുകൾ പിന്നിട്ടതായി അദ്ദേഹം അവകാശപ്പെട്ടു. ഹിൻഡൻബർഗ് റിപ്പോർട്ടിനെത്തുടർന്ന് അദാനിക്ക് എഫ്പിഒ റദ്ദാക്കേണ്ടി വന്നിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

അദാനി ഗ്രൂപ്പ് ഇനി എയർപോർട്ടുകളിലും വൈദ്യുതി ബിസിനസ്സിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പൊതുയോഗത്തിൽ അദാനി പറഞ്ഞു. കമ്പനിയുടെ ഉടമസ്ഥതയിലുള്ള എൻഡിടിവിയുടെ ആഗോള ഡിജിറ്റൽ ഉപഭോഗം 39% വർദ്ധിച്ചതായി അദ്ദേഹം പറഞ്ഞു. വിമാനത്താവളങ്ങളിലെ യാത്രക്കാരുടെ എണ്ണത്തിൽ ഇരട്ട അക്ക വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അദാനി പവറിന്റെ പ്രവർത്തന ശേഷി 12 ശതമാനം വർധിച്ച് 15,250 മെഗാവാട്ടായി. അതേസമയം, സിഎൻജി സ്റ്റേഷനുകൾ വിപുലീകരിച്ചുകൊണ്ടുള്ള അദാനി ടോട്ടൽ ഗ്യാസ് 900 സ്റ്റേഷനുകൾ പിന്നിട്ടു.

ഗ്രൂപ്പ് കമ്പനികളുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് സംസാരിക്കവെ, അദാനി ഗ്രൂപ്പിന് 59,791 കോടി രൂപ കരുതൽ ശേഖരം ഉണ്ടെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി പറഞ്ഞു. അദാനി ഗ്രൂപ്പിന്റെ സിമന്റ് ഉൽപാദന ശേഷി 67.5 എംടിപിഎയിൽ നിന്ന് 79 എംടിപിഎയായി ഉയർന്നിട്ടുണ്ടെന്നും ഇത് 2028ഓടെ 140 എംടിപിഎയായി ഉയരുമെന്നും ഗൗതം അദാനി പറഞ്ഞു.