Asianet News MalayalamAsianet News Malayalam

തുടര്‍ ഓഹരി വിൽപനയിൽ നിന്നും പിന്മാറി അദാനി ഗ്രൂപ്പ്: നിക്ഷേപകര്‍ക്ക് പണം തിരികെ നൽകും

മുന്നോട്ടുള്ള യാത്രയിൽ പലതരം പ്രതിസന്ധികൾ അദാനി ഗ്രൂപ്പിന് മുന്നിലുണ്ട്. വിദേശ ബാങ്കുകൾ പലതും അദാനി കമ്പനികളുടെ ബോണ്ടുകൾ സ്വീകരിക്കില്ലെന്ന് നിലപാട് ഇതിനോടകം എടുത്തു കഴിഞ്ഞു

Adani Enterprises Calls Off FPO
Author
First Published Feb 1, 2023, 11:21 PM IST

മുംബൈ: അദാനി എൻറർപ്രൈസസിൻറെ തുടർ ഓഹരി വില്പന റദ്ദാക്കി. നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കാനാണ് തീരുമാനമെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി. പണം തിരികെ നൽകുമെന്നാണ് വാഗ്ദാനം. ഓഹരി വിപണിയിൽ വൻ തിരിച്ചടി നേരിടുന്നതിനിടെയാണ് ഓഹരി വിൽപനയിൽ നിന്നും പിന്മാറുള്ള നാടകീയ തീരുമാനം.

ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും വലിയ തുടർ ഓഹരി വിൽപനയാണ് അദാനി ഗ്രൂപ്പ് പാതിവഴിയിൽ ഉപേക്ഷിക്കുന്നത്. വരും ദിവസങ്ങളിലും അദാനി ഗ്രൂപ്പിൻ്റെ ഓഹരിവില താഴേക്ക് ഇടിയാം എന്നാണ് നിഗമനം. ഈ സാഹചര്യത്തിലാണ് വിപണിയിലെ ചാഞ്ചാട്ടവും നിക്ഷേപകരുടെ താത്പര്യവും മുൻനിർത്തി കൊണ്ട് അദാനി ഗ്രൂപ്പ് നിർണായക തീരുമാനം എടുത്തത്. ഓഹരി വിൽപനയ്ക്ക് നിശ്ചയിച്ച ഓഹരി വിലയും നിലവിലെ ഓഹരി വിലയും ഇന്നത്തെ കണക്കിൽ ആയിരം രൂപയ്ക്ക് അടുത്ത് വ്യത്യാസം ഉണ്ട്. ഈ സാഹചര്യത്തിൽ നിക്ഷേപർക്ക് മുതൽ മുടക്ക് തിരികെ കിട്ടാൻ ഏറെക്കാലം എടുത്തേക്കാം. അദാനി ഗ്രൂപ്പിൻ്റെ എല്ലാ കമ്പനികളും ഓഹരിവിപണിയിൽ തിരിച്ചടി നേരിടുന്ന സാഹചര്യത്തിൽ സമീപകാലത്തൊന്നും ഒരു തിരിച്ചു വരവിനുള്ള സാധ്യത കമ്പനി മുന്നിൽ കാണുന്നില്ല. ഈ സാഹചര്യത്തിലാണ് ഓഹരി നിക്ഷേപകരുടെ താത്പര്യം മുൻനിർത്തി അദാനി ഗ്രൂപ്പ് സുപ്രധാന തീരുമാനത്തിലേക്ക് എത്തിയത്. 

മുന്നോട്ടുള്ള യാത്രയിൽ പലതരം പ്രതിസന്ധികൾ അദാനി ഗ്രൂപ്പിന് മുന്നിലുണ്ട്. വിദേശ ബാങ്കുകൾ പലതും അദാനി കമ്പനികളുടെ ബോണ്ടുകൾ സ്വീകരിക്കില്ലെന്ന് നിലപാട് ഇതിനോടകം എടുത്തു കഴിഞ്ഞു. ഓഹരി മൂല്യം ഇടിഞ്ഞ സാഹചര്യത്തിൽ അദാനി ഗ്രൂപ്പിന് വായ്പ നൽകിയ കമ്പനികൾ പലതും കൂടുതൽ സമ്മർദ്ദവുമായി രംഗത്ത് വന്നേക്കാം. അസാധാരണമായ ഈ പ്രതിസന്ധിയിൽ എന്താവും അദാനി ഗ്രൂപ്പിൻ്റെ അടുത്ത നീക്കം എന്നാണ് ഓഹരി വിപണിയും നിരീക്ഷകരും ഉറ്റുനോക്കുന്നത്. 

അതേസമയം ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം അദാനി ഗ്രൂപ്പിൻറെ ഓഹരി മൂല്യത്തിൽ ഉണ്ടായ ഇടിവ് ഏഴര ലക്ഷം കോടി രൂപ പിന്നിട്ടു. ഇന്ന് വീണ്ടും ഓഹരി വിപണി വ്യാപാരം പുനരാരംഭിക്കാൻ ഇരിക്കെ അദാനി ഗ്രൂപ്പ് ഓഹരികൾ തന്നെയാണ് ശ്രദ്ധാകേന്ദ്രം. ഇന്നലെ അദാനി എൻറർപ്രൈസസിന്റെ മാത്രം ഓഹരി മൂല്യം 25 ശതമാനത്തിലേറെ ഇടിഞ്ഞിരുന്നു. ഇരുപതിനായിരം കോടി രൂപയുടെ തുടർ ഓഹരി വിൽപ്പന ലക്ഷ്യത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞെങ്കിലും നിക്ഷേപകർക്കിടയിൽ അത് വലിയ ചലനങ്ങൾ ഉണ്ടാക്കിയില്ല എന്നതാണ് ഇന്നലത്തെ തിരിച്ചടി നൽകുന്ന സൂചന. എൽഐസിക്കും കഴിഞ്ഞ അഞ്ചുദിവസത്തിനുടെ 65,000 കോടി രൂപയുടെ ഇടിവാണ് ഓഹരി മൂല്യത്തിൽ നേരിട്ടത്. ഹിൻഡൻബർഗ് റിസർച്ചിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചിരുന്നെങ്കിലും ഇതുവരെ അതും ഉണ്ടായില്ല. 

Follow Us:
Download App:
  • android
  • ios