അദാനി ഗ്രൂപ്പിന്റെ ഏഴ് ലിസ്റ്റ് ചെയ്ത കമ്പനികളുടെ വാര്‍ഷിക റിപ്പോര്‍ട്ടുകളിലാണ് ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അദാനി ഗ്രൂപ്പ്, 2024-25 സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാരിലേക്ക് അടച്ച നികുതിയില്‍ ഗണ്യമായ വര്‍ധന. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 29 ശതമാനം വര്‍ധനയാണ് നികുതി അടവില്‍ ണ്ടായിരിക്കുന്നത്. മൊത്തം 74,945 കോടി രൂപയാണ് നികുതിയിനത്തില്‍ അദാനി ഗ്രൂപ്പ് അടച്ചത്. തൊട്ടു മുന്‍ സാമ്പത്തിക വര്‍ഷം ഇത് 58,104 കോടി രൂപയായിരുന്നു. നേരിട്ടുള്ള നികുതികളും അല്ലാതെ അടയ്ക്കുന്ന നികുതികളും ജീവനക്കാരുടെ സാമൂഹിക സുരക്ഷാ ഫണ്ടിലേക്കുള്ള വിഹിതവും ഇതില്‍ ഉള്‍പ്പെടുന്നു. ഈ വലിയ തുക ഏകദേശം മുംബൈ മെട്രോയുടെ നിര്‍മ്മാണ ചെലവിന് തുല്യമാണെന്നും, ഒരു ആധുനിക ഒളിമ്പിക്‌സ് സംഘടിപ്പിക്കാന്‍ ഏകദേശം ആവശ്യമായ പണമാണിതെന്നും ഗ്രൂപ്പ് പ്രസ്താവനയില്‍ പറയുന്നു.
മൊത്തം 74,945 കോടി രൂപയില്‍, നേരിട്ടുള്ള നികുതികള്‍ 28,720 കോടി രൂപയും, അല്ലാതെ അടച്ച നികുതികള്‍ 45,407 കോടി രൂപയും, മറ്റ് സംഭാവനകള്‍ 818 കോടി രൂപയുമാണ്. അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള പ്രമുഖ കമ്പനികളായ അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ് (AEL), അദാനി സിമന്റ് ലിമിറ്റഡ് (ACL), അദാനി പോര്‍ട്സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ (APSEZ), അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് (AGEL) എന്നിവയാണ് ഈ വലിയ നികുതി സംഭാവനകളില്‍ മുന്‍പന്തിയില്‍.
അദാനി ഗ്രൂപ്പിന്റെ ഏഴ് ലിസ്റ്റ് ചെയ്ത കമ്പനികളുടെ വാര്‍ഷിക റിപ്പോര്‍ട്ടുകളിലാണ് ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ, ഈ ഏഴ് കമ്പനികള്‍ക്ക് കീഴിലുള്ള എന്‍ഡിടിവി, എസിസി, സംഗ്വി ഇന്‍ഡസ്ട്രീസ് തുടങ്ങിയ മറ്റ് മൂന്ന് ലിസ്റ്റ് ചെയ്ത കമ്പനികള്‍ അടച്ച നികുതിയും ഈ കണക്കില്‍ ഉള്‍പ്പെടുന്നു. നികുതി സുതാര്യത തങ്ങളുടെ പ്രവര്‍ത്തനത്തിന്റെ പ്രധാന ഭാഗമാണെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി. തങ്ങളുടെ വളര്‍ച്ചയ്‌ക്കൊപ്പം സാമൂഹിക ഉത്തരവാദിത്തവും ഉറപ്പാക്കാനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നതെന്നും, ഇത് ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസനത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും ഗ്രൂപ്പ് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.


