Asianet News MalayalamAsianet News Malayalam

തുടര്‍ച്ചയായി രണ്ടാം ദിവസവും അദാനിയുടെ ഓഹരികള്‍ ഇടിഞ്ഞു

 അദാനി ഗ്രൂപ്പിന്‍റെ ചില കമ്പനി ഓഹരി വിലകള്‍ രണ്ടു മുതല്‍ അഞ്ച് ശതമാനം വരെ താഴ്ന്നതായാണ് റിപ്പോര്‍ട്ട്.
 

Adani Group stocks sink for second day on SEBI probe over compliance
Author
Mumbai, First Published Jul 20, 2021, 6:39 PM IST

ദില്ലി: തുടര്‍ച്ചയായ രണ്ടാം ദിവസവും അദാനി ഗ്രൂപ്പിന്‍റെ ഓഹരികളില്‍ ഇടിവ് തുടരുന്നു. കഴിഞ്ഞ ദിവസം അദാനി ഗ്രൂപ്പിന്‍റെ ചില കമ്പനികള്‍ക്കെതിരെ സെബിയും റവന്യു ഇന്റലിജന്‍സും അന്വേഷണം നടത്തുന്നതായി കേന്ദ്രസര്‍ക്കാര്‍ ലോക്സഭയെ അറിയിച്ചതിനെ തുടര്‍ന്നാണ് ഇടിവ് ആരംഭിച്ചത്. അദാനി ഗ്രൂപ്പിന്‍റെ ചില കമ്പനി ഓഹരി വിലകള്‍ രണ്ടു മുതല്‍ അഞ്ച് ശതമാനം വരെ താഴ്ന്നതായാണ് റിപ്പോര്‍ട്ട്.

സെബി ചട്ടങ്ങള്‍ പാലിക്കുന്നതുമായി ബന്ധപ്പെട്ട് ചില അദാനി ഗ്രൂപ്പ് കമ്പനികളെക്കുറിച്ച് സെബി അന്വേഷിക്കുന്നുണ്ടെന്നാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി കഴിഞ്ഞദിവസം പാര്‍ലമെന്‍റില്‍ ചോദ്യത്തിന് ഉത്തരമായി നല്‍കിയത്. അദാനി ടോട്ടല്‍ ഗ്യാസ്, അദാനി ട്രാന്‍സ്മിഷന്‍, അദാനി ഗ്രീന്‍ എനര്‍ജി, അദാനി പവര്‍ എന്നിവയുടെ ഓഹരികള്‍ക്ക് മുംബൈ ഓഹരിവിപണിയില്‍ 5 ശതമാനത്തോളം ഇടിവ് സംഭവിച്ചുവെന്നാണ് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട്. 

അദാനി ഗ്രൂപ്പിന്‍റെ ഫ്ലാഗ്ഷിപ്പ് കമ്പനിയായ അദാനി എന്‍റര്‍പ്രൈസസിന്‍റെ ഓഹരിയിലും 3.2 ശതമാനം ഇടിവ് സംഭവിച്ചിട്ടുണ്ട്. അദാനി പോര്‍ട്ട് ആന്‍റ് എസ്ഇസെഡിന് 2.6 ശതമാനം ഇടിവ് വന്നിട്ടുണ്ട്. 

കഴിഞ്ഞ ജൂണ്‍മാസത്തില്‍ അദാനി ഗ്രൂപ്പിന്‍റെ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപ സ്ഥാപനങ്ങളുടെ (എഫ്പിഐ) അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി റിപ്പോര്‍ട്ട് വന്നിരുന്നു. നാഷണല്‍ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി (എന്‍എസ്ഡിഎല്‍)യാണ് ഈ മരവിപ്പിക്കല്‍ നടത്തിയത് എന്നാണ് അന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. അന്ന് വാര്‍ത്ത പുറത്തുവന്നതോടെ ഓഹരി വിപണിയില്‍ അദാനിയുടെ ഓഹരികള്‍ തകര്‍ച്ച നേരിട്ടിരുന്നു. കള്ളപ്പണം തടയല്‍ നിബന്ധനങ്ങള്‍ പ്രകാരമാണ് എഫ്പിഐ അക്കൗണ്ടുകള്‍ മരവിപ്പിച്ചത് എന്നായിരുന്നു അന്ന് റിപ്പോര്‍ട്ട്.

Follow Us:
Download App:
  • android
  • ios