അഡിഡാസിന്റെ പകുതിയോളം ഉൽപ്പന്നങ്ങളും നിർമ്മിക്കുന്നത്, അടുത്തിടെ യുഎസുമായി വ്യാപാര കരാറുകളിൽ ഒപ്പുവച്ച ഏഷ്യൻ രാജ്യങ്ങളിലാണ്.
വാഷിംഗ്ടൺ: യുഎസ് താരിഫുകൾ കാരണം നിർമ്മാണ ചെലവ് കൂടിയതോടെ വില വർദ്ധിപ്പിക്കാൻ ജർമ്മൻ സ്പോർട്സ് വെയർ ഭീമനായ അഡിഡാസ്. 200 മില്യൺ യൂറോ അതായത് 2000 കോടിയോളം അധിക ചെലവാണ് ഇത് കാരണം ഉണ്ടായിരിക്കുന്നത് എന്നാണ് അഡിഡാസ് ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ അമേരിക്കൻ ഉപഭോക്താക്കൾക്ക് വില ഉയർത്തുമെന്ന് കമ്പനി സൂചന നൽകുന്നുണ്ട്.
അഡിഡാസിന്റെ പകുതിയോളം ഉൽപ്പന്നങ്ങളും നിർമ്മിക്കുന്നത്, അടുത്തിടെ യുഎസുമായി വ്യാപാര കരാറുകളിൽ ഒപ്പുവച്ച ഏഷ്യൻ രാജ്യങ്ങളിലാണ്. ഒന്ന് ഇന്തോനേഷ്യ, കമ്പനിയുടെ 19 ശതമാനം ഉത്പന്നങ്ങൾ നിർമ്മിക്കുന്നു. രണ്ട് വിയറ്റ്നാമാണ് 27 ശതമാനം ഉത്പന്നങ്ങൾ നിർമ്മിക്കുന്നു. ഈ മാസം ആദ്യം, വിയറ്റ്നാമിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 20% തീരുവയും ഇന്തോനേഷ്യൻ നിർമ്മിത ഉൽപ്പന്നങ്ങൾക്ക് 19% തീരുവയും ഏർപ്പെടുത്തിയിരുന്നു. അമേരിക്കയിൽ വിൽക്കുന്നതിനായി അഡിഡാസ് ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന യുഎസ് കമ്പനികൾ താരിഫ് നൽകണം. തങ്ങളുടെ മിക്ക ഉൽപ്പന്നങ്ങളും യുഎസിൽ നിർമ്മിക്കാൻ കഴിയില്ലെന്ന് മുമ്പ് തന്നെ അഡിഡാസ് വ്യക്തമാക്കിയിരുന്നു.
യുഎസ് താരിഫുകൾ കമ്പനിയെ ഇതിനകം തന്നെ ബാധിച്ചിട്ടുണ്ടെന്ന് അഡിഡാസ് വ്യക്തമാക്കുന്നുണ്ട്. എന്നാൽ താരിഫുകളുടെ ആഘാതം ഉണ്ടായിരുന്നിട്ടും, നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ അഡിഡാസിന്റെ വിൽപ്പന 7.3% വർദ്ധിച്ച് 12.1 ബില്യൺ യൂറോ ആയി, നികുതിക്ക് മുമ്പുള്ള ലാഭം 549 മില്യണിൽ യൂറോയിൽ നിന്ന് 1 ബില്യൺ യൂറോ ആയി ഉയർന്നു. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള രണ്ടാം പാദത്തിൽ പാദരക്ഷകളുടെ വിൽപ്പന 9% വർദ്ധിച്ചപ്പോൾ വസ്ത്രത്തിൽ നിന്നുള്ള വരുമാനം 17% വർദ്ധിച്ചു.

