Asianet News MalayalamAsianet News Malayalam

അഫ്ഗാനിസ്ഥാനിൽ ജനം കൂട്ടത്തോടെ പണം പിൻവലിച്ചു, ബാങ്കുകൾ കാലിയായി; താലിബാന്റെ നില പരുങ്ങലിൽ

രാജ്യത്തെ ഭൂരിഭാഗം ബാങ്കുകളും ഇപ്പോൾ പ്രവർത്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അവശേഷിക്കുന്നവ ഭാഗികമായ സേവനങ്ങൾ മാത്രമാണ് നൽകുന്നത്

Afghan financial system faces existential crisis as people withdrew money and world nations stopped funding
Author
Kabul, First Published Oct 2, 2021, 3:52 PM IST

കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഭരണം പിടിച്ച താലിബാന് കടുത്ത വെല്ലുവിളിയായി ബാങ്കിങ് രംഗത്തെ തകർച്ച. ജനങ്ങൾ കൂട്ടത്തോടെ ബാങ്കുകളിലേക്ക് തങ്ങളുടെ നിക്ഷേപം പിൻവലിക്കാൻ എത്തിയതോടെ നിലനിൽപ്പ് തന്നെ അപകടത്തിലായെന്ന് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ ഇസ്ലാമിക് ബാങ്ക് ഓഫ് അഫ്ഗാനിസ്ഥാന്റെ സിഇഒ സയ്യദ് മൂസ ഖലീം അൽ-ഫലാഹി ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. 

ലോകരാഷ്ട്രങ്ങൾ അഫ്ഗാനിസ്ഥാനുള്ള സാമ്പത്തിക സഹായം മരവിപ്പിച്ചതും ഉപഭോക്താക്കൾ ഭയത്തെ തുടർന്ന് തങ്ങളുടെ പണമെല്ലാം ബാങ്കുകളിൽ നിന്ന് പിൻവലിച്ചതുമാണ് കാരണം. ഇപ്പോൾ രാജ്യത്തെ ബാങ്കുകളിൽ നിന്നെല്ലാം വലിയ തുകകളാണ് പിൻവലിക്കപ്പെടുന്നത്. അത് മാത്രമല്ല, ആരും പണം നിക്ഷേപിക്കാൻ ബാങ്കിലേക്ക് എത്തുന്നുമില്ല.

രാജ്യത്തെ ഭൂരിഭാഗം ബാങ്കുകളും ഇപ്പോൾ പ്രവർത്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അവശേഷിക്കുന്നവ ഭാഗികമായ സേവനങ്ങൾ മാത്രമാണ് നൽകുന്നത്. കഴിഞ്ഞ മാസം അഫ്ഗാനിസ്ഥാൻ സെൻട്രൽ ബാങ്കിലെ 9.5 ബില്യൺ ഡോളർ വരുന്ന ആസ്തി അമേരിക്ക മരവിപ്പിച്ചിരുന്നു. ന്യൂയോർക്കിലെ ഫെഡറൽ റിസർവ് ബാങ്കിന്റെ അധീനതയിലാണ് ഈ പണത്തിൽ ഭൂരിഭാഗവുമുള്ളത്.

അഫ്ഗാനിസ്ഥാന് തങ്ങളുടെ പഴയ സാമ്പത്തിക സ്രോതസുകളെ ഇനി ആശ്രയിക്കാനാവില്ലെന്നാണ് ഐഎംഎഫ് നിലപാട്. ലോകബാങ്കും അഫ്ഗാനിസ്ഥാനിലെ പദ്ധതികൾക്കുള്ള സാമ്പത്തിക സഹായം നിർത്തുകയാണ്. ഐക്യരാഷ്ട്ര സഭയാകട്ടെ അഫ്ഗാനിസ്ഥാനുള്ള സാമ്പത്തിക സഹായം തുടരണമെന്ന നിലപാടിലാണ്.

പാശ്ചാത്യ രാജ്യങ്ങൾ സഹായിച്ചില്ലെങ്കിൽ അഫ്ഗാനിസ്ഥാന് ചൈനയെയും റഷ്യയെയും ആശ്രയിക്കേണ്ടി വരുമെന്ന് അൽ-ഫലാഹി പറയുന്നു. അധികം വൈകാതെ ഇതുമായി ബന്ധപ്പെട്ട ചർച്ച ഫലം കാണുമെന്നും അദ്ദേഹം പറഞ്ഞു. ചൈന ഇതിനോടകം താലിബാന് അഫ്ഗാൻ ഭരണത്തിനായി സാമ്പത്തിക സഹായം നൽകിയിട്ടുണ്ട്. ഇനിയും പണം നൽകുമെന്നാണ് ഇവരുടെ നിലപാട്.

Follow Us:
Download App:
  • android
  • ios