വെറും ആറ് മിനിറ്റ്, വായ്പ റെഡി; സൗകര്യമൊരുക്കി ഒരു സർക്കാർ സ്ഥാപനം
ഇ–കൊമേഴ്സ് രംഗത്തെ വമ്പൻമാർക്കു ബദലായാണ് ഓപ്പൺ നെറ്റ്വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് കേന്ദ്ര സർക്കാർ അവതരിപ്പിച്ചത്. ഇത് വഴി ഇനി വായ്പയും ലഭ്യമാക്കുന്നതോടെ കുറഞ്ഞ സമയത്തിനുള്ളിൽ വിദൂര പ്രദേശങ്ങളിൽ പോലും വായ്പ ലഭിക്കും
അപേക്ഷ സമർപ്പിച്ച് ഒരു ചായ കുടിച്ച് തീരുമ്പോഴേക്കും ലോൺ തുക അക്കൗണ്ടിലെത്തുന്നതിനെ കുറിച്ച് ആലോചിക്കാൻ പറ്റുമോ? എന്നാൽ സംഗതി സത്യമാണ്. വെറും 6 മിനിറ്റിനുള്ളിൽ ലോൺ ലഭ്യമാക്കുന്നതിനുള്ള സൗകര്യവുമായി ഒരു സർക്കാർ സ്ഥാപനം രംഗത്തെത്തിയിരിക്കുന്നു. പറഞ്ഞു വരുന്നത് ഓപ്പൺ നെറ്റ്വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് (ONDC) എന്ന സർക്കാർ പ്ലാറ്റ്‌ഫോമിനെക്കുറിച്ചാണ്. 2021 ഡിസംബർ 31-ന് ആരംഭിച്ച ഒഎൻഡിസി രാജ്യത്തെ 1000 നഗരങ്ങളിലും പട്ടണങ്ങളിലുമായി സേവനം എത്തിക്കുന്നു . ഈ പ്ലാറ്റ്‌ഫോമിൽ ഡിജിറ്റൽ ആയി അപേക്ഷ നൽകിയാൽ 6 മിനിറ്റിനുള്ളിൽ വായ്പ അനുവദിക്കും.
ഇ–കൊമേഴ്സ് രംഗത്തെ വമ്പൻമാർക്കു ബദലായാണ് ഓപ്പൺ നെറ്റ്വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് കേന്ദ്ര സർക്കാർ അവതരിപ്പിച്ചത്. ഇത് വഴി ഇനി വായ്പയും ലഭ്യമാക്കുന്നതോടെ കുറഞ്ഞ സമയത്തിനുള്ളിൽ വിദൂര പ്രദേശങ്ങളിൽ പോലും വായ്പ ലഭിക്കും. വായ്പ ലഭ്യമാക്കുന്ന 9 ആപ്പുകളുമായും മൂന്ന് സ്ഥാപനങ്ങളുമായും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഈസി പേ, പൈസ ബസാർ, ടാറ്റ ഡിജിറ്റൽ, തുടങ്ങിയ ആപ്പുകൾ ഇതിൽ ഉൾപ്പെടുന്നു. ഇതിനുപുറമെ, ആദിത്യ ബിർള ഫിനാൻസ്, ഡിഎംഐ ഫിനാൻസ്, കർണാടക ബാങ്ക് തുടങ്ങിയ വലിയ സ്ഥാപനങ്ങളും ഈ പ്ലാറ്റ്‌ഫോമിന്റെ ഭാഗമാകും. കൂടുതൽ കമ്പനികളും ബാങ്കുകളും ഈ വായ്പാ വിതരണ സൗകര്യത്തിൽ ചേരാൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.
വായ്പാ സൗകര്യം ആരംഭിച്ചതിന് ശേഷം ഈ പ്ലാറ്റ്‌ഫോമിൽ ഇൻഷുറൻസ്, മ്യൂച്വൽ ഫണ്ട് തുടങ്ങിയ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് ഒഎൻഡിസി അറിയിച്ചു. വ്യക്തിഗത വായ്പാ സൗകര്യം ആരംഭിച്ചതിന് ശേഷം ജിഎസ്ടി ഇൻവോയ്‌സിന്റെ അടിസ്ഥാനത്തിൽ വായ്പകൾ വിതരണം ചെയ്യാനും ഒഎൻഡിസി പദ്ധതിയിടുന്നുണ്ട്. സെപ്റ്റംബർ അവസാനത്തോടെ ഈ സൗകര്യം ആരംഭിക്കും. ചെറുകിട വ്യവസായികൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ഇത് മാത്രമല്ല, കർഷകർക്ക് വായ്പയും ക്രെഡിറ്റ് കാർഡും നൽകുന്ന സൗകര്യവും ആരംഭിക്കും. ഈ സൗകര്യങ്ങൾ കൂടി വരുന്നതോടെ ഈ പ്ലാറ്റ്‌ഫോമിലെ പ്രതിദിന ഇടപാടുകളുടെ എണ്ണം ഒരു കോടിയിലെത്തും.
അപേക്ഷയ്ക്ക് ആവശ്യമായ രേഖകൾ
6 മിനിറ്റിനുള്ളിൽ ലോൺ സൗകര്യം ലഭിക്കുന്നതിന്, അപേക്ഷകന് ചില പ്രധാന രേഖകൾ ഉണ്ടായിരിക്കണം . ഡിജിലോക്കർ അല്ലെങ്കിൽ കെവൈസിക്കുള്ള ആധാർ, ലോൺ പേയ്‌മെന്റ് നടത്തുന്നതിന് ഇ-നാച്ചുമായുള്ള അക്കൗണ്ട് കണക്ഷൻ, ആധാറിന്റെ ഇ-സൈൻ എന്നിവ ആവശ്യമാണ്.