ദില്ലി: ജെറ്റ് എയര്‍വേസിന്‍റെ ബി737 വിമാനങ്ങള്‍ ലീസിന് എടുക്കാനുളള പദ്ധതിയില്‍ നിന്ന് എയര്‍ ഏഷ്യ പിന്മാറി. ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബജറ്റ് എയര്‍ലൈനാണ് എയര്‍ ഏഷ്യ ഇന്ത്യ. വിമാനങ്ങള്‍ കൈകാര്യം ചെയ്യാനുളള ബുദ്ധിമുട്ട് മൂലമാണ് പിന്‍മാറ്റമെന്നാണ് ലഭിക്കുന്ന വിവരം. 

"ബജറ്റ് എയര്‍ലൈനുകള്‍ക്ക്, ഒരേ തരം വിമാനങ്ങളാണ് നല്ലത് അതിനാല്‍ പിന്‍മാറുന്നു" എന്നാണ് എയര്‍ ഏഷ്യയുമായി ബന്ധപ്പെട്ട സീനിയര്‍ എക്സിക്യൂട്ടീവ് ഒരു പ്രമുഖ ദേശീയ മാധ്യമത്തോട് പറഞ്ഞത്. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ 17 നാണ് ജെറ്റ് എയര്‍വേസ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്. ഇതോടെ മുഖ്യ എതിരാളികളായ സ്പൈസ് ജെറ്റ്, വിസ്താര തുടങ്ങിയവര്‍ ജെറ്റിന്‍റെ നാരോ ബോഡി വിമാനങ്ങള്‍ ലീസിന് ഏറ്റെടുത്ത് സര്‍വീസ് നടത്തി വരികയാണിപ്പോള്‍.

സ്പൈസ് ജെറ്റ് 20 ഉം വിസ്താര നാലും വിമാനങ്ങള്‍ വീതമാണ് ഏറ്റെടുത്തത്. എയര്‍ ഏഷ്യ ആദ്യം വിമാനങ്ങള്‍ ഏറ്റെടുക്കാനുളള താല്‍പര്യം ഡിജിസിഎ (ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) അറിയിച്ചിരുന്നെങ്കിലും പിന്നീട് പിന്‍മാറുകയായിരുന്നു. എയര്‍ ഏഷ്യ ഇപ്പോള്‍ വിമാനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനെ സംബന്ധിച്ച ആലോചനയിലാണ്. അടുത്ത 18 മാസം കൊണ്ട് ഇപ്പോഴുളള 21 വിമാനങ്ങളില്‍ നിന്ന് ഫ്ലീറ്റ് സൈസ് ഇരട്ടിയാക്കാനാണ് കമ്പനിയുടെ ആലോചന.

2014 ജൂണ്‍ 12 ന് സേവനം ആരംഭിച്ച വിമാനക്കമ്പനിക്ക് ഇപ്പോള്‍ ആഭ്യന്തര വ്യോമയാന മേഖലയില്‍ 6.2 ശതമാനം വിപണി വിഹിതമുണ്ട്.