കൊച്ചി: ബജറ്റ് എയര്‍ലൈനായ എയര്‍ ഇന്ത്യ എക്സപ്രസ് 14 -ാം വര്‍ഷത്തിലേക്ക്. 2005 ഏപ്രില്‍ 29 ന് പറന്ന് തുടങ്ങിയ എയര്‍ ഇന്ത്യ എക്സപ്രസ് കഴിഞ്ഞ നാല് വര്‍ഷമായി ലാഭത്തിലാണ്. നിലവില്‍ കേരളത്തില്‍ നിന്നാണ് എയര്‍ ഇന്ത്യ എക്സപ്രസ് ഏറ്റവും കൂടുതല്‍ സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്നത്. 

2005 ല്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവടങ്ങളില്‍ നിന്ന് ഒരേസമയം ദുബായിയിലേക്ക് പറന്നാണ് എയര്‍ ഇന്ത്യ എക്സപ്രസ് ആകാശത്ത് സജീവമായത്. ഇന്ധന വിലയിലുണ്ടായ കുതിപ്പും, ഡോളറിന്‍റെ മൂല്യവര്‍ധനയും ഇന്ത്യയിലെ മിക്ക വിമാനക്കമ്പനികളുടെയും ബാലസ്ഷീറ്റില്‍ ബാധ്യത വര്‍ധിച്ചപ്പോഴും എയര്‍ ഇന്ത്യ കൂളായി 250 കോടിയിലധികം രൂപയുടെ അറ്റാദായം നേടിയെടുത്തു. മുന്‍ വര്‍ഷത്തെ ആപേക്ഷിച്ച് പ്രവര്‍ത്തന ചെലവ് കൂടിയതിനാല്‍ ലാഭത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം കുറവ് സംഭവിച്ചിട്ടുണ്ട്. 2017 -18 ല്‍ 262 കോടി രൂപയായിരുന്നു അറ്റാദായം. കഴിഞ്ഞ നാല് വര്‍ഷമായി കമ്പനി ലാഭത്തിലാണ്.  

നിലവില്‍ 25 വിമാനങ്ങളാണ് എയര്‍ ഇന്ത്യ എക്സപ്രസിനുളളത്. ഇതില്‍ 17 വിമാനങ്ങള്‍ പഴയ സംവിധാനങ്ങളോട് കൂടിയവയായിരുന്നു. യാത്രക്കാരുടെ നിരന്തര വിമര്‍ശനങ്ങളെ തുടര്‍ന്ന് പുതിയ സീറ്റുകള്‍ ഘടിപ്പിച്ച് വിമാനങ്ങള്‍ ആധൂനികവല്‍ക്കരിച്ചിരുന്നു. ഓരോ വിമാനത്തിലും 189 സീറ്റുകളാണുളളത്. 

2021 ഓടെ വിമാനങ്ങളുടെ എണ്ണം 36 ആക്കി ഉയര്‍ത്താനാണ് എയര്‍ ഇന്ത്യ എക്സപ്രസിന്‍റെ ആലോചന. നിരവധി ചെറിയ നഗരങ്ങളില്‍ നിന്ന് സര്‍വീസ് തുടങ്ങാനും കമ്പനി ആലോചിച്ച് വരുകയാണ്.