Asianet News MalayalamAsianet News Malayalam

ഇന്ത്യയുടെ 'കോണ്ടം ഭീമൻ'; ശതകോടികളുടെ ബിസിനസ് രാജ്യം കൈവിടുമോ? എച്ച്എൽഎല്ലിൽ ഇടഞ്ഞ് കേന്ദ്രവും കേരളവും

കുടുംബാസൂത്രണത്തിന്റെ ഭാഗമായി 55 വർഷം മുൻപ് ഇന്ത്യയിൽ ആരംഭിച്ച ഒരു കോണ്ടം നിർമ്മാണ കമ്പനിക്ക് വേണ്ടി കേരളം എന്തിനാണ് ഇങ്ങിനെ വാശിപിടിക്കുന്നത്?

All You need to know about HLL auction Moods condom
Author
Thiruvananthapuram, First Published Apr 6, 2022, 1:28 PM IST

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യ വത്കരണവുമായി മുന്നോട്ട് പോകുന്ന കേന്ദ്രസർക്കാർ നടപടിയിൽ കേരളം ഏറ്റവും ഒടുക്കം ഇടഞ്ഞിരിക്കുന്നത് എച്ച് എൽ എല്ലിന്റെ പേരിലാണ്. കുടുംബാസൂത്രണത്തിന്റെ ഭാഗമായി 55 വർഷം മുൻപ് ഇന്ത്യയിൽ ആരംഭിച്ച ഒരു കോണ്ടം നിർമ്മാണ കമ്പനിക്ക് വേണ്ടി കേരളം എന്തിനാണ് ഇങ്ങിനെ വാശിപിടിക്കുന്നത്? കോണ്ടം മാത്രമാണോ എച്ച് എൽ എൽ ഉൽപ്പാദിപ്പിക്കുന്നത്? അല്ല എന്നതാണ് ഉത്തരം. ഏഴ് പതിറ്റാണ്ട് കൊണ്ട് കേരളത്തിന് പുറത്തേക്ക് വളർന്നു പന്തലിച്ച ഈ സ്ഥാപനത്തിന്റെ വളർച്ചയുടെ ഘട്ടങ്ങൾ പ്രധാനപ്പെട്ടതാണ്. 

എച്ച് എൽ എൽ കഥ ഇതുവരെ

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം 'ചെറിയ കുടുംബം സന്തുഷ്ട കുടുംബം' എന്ന ദേശീയ കുടുംബാസൂത്രണ പദ്ധതിയ്ക്ക് രൂപം നൽകിയത് 1950 കളിലായിരുന്നു. ഇതിന്റെ ഭാഗമായാണ് ഗർഭ നിരോധന ഉറകൾക്ക് പ്രചാരമേറുന്നത്. ഇവ പൊതുമേഖലയിൽ തന്നെ നിർമ്മിച്ച് വിതരണം ചെയ്യാനായിരുന്നു ആദ്യത്തെ തീരുമാനം. പ്രകൃതിദത്ത റബ്ബർ ലാറ്റക്സ് കോണ്ടം നിർമ്മിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തിരുവനന്തപുരത്ത് എച്ച് എൽ എൽ പ്രവർത്തനം തുടങ്ങുന്നത്. 1966 മാർച്ച് 1 നായിരുന്നു ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡ് എന്ന സ്ഥാപനം പ്രവർത്തനം തുടങ്ങിയത്. പിന്നീട് ഇങ്ങോട്ട് 144 ദശലക്ഷം വാർഷിക ഉൽപ്പാദന ക്ഷമതയോടെ ആരംഭിച്ച എച്ച് എൽ എൽ അഞ്ചര പതിറ്റാണ്ട് കാലത്തിൽ രാജ്യത്തെ അപൂവം മിനി രത്ന കമ്പനികളുടെ പട്ടികയിൽ വരെ ഇടംപിടിച്ചു.

ഗർഭ നിരോധന മേഖലയിലെ വിവിധ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന ലോകത്തിലെ ഒരേ ഒരു സ്ഥാപനമാണ് ഇന്ന് എച്ച് എൽ എൽ. രണ്ട് ബില്യൺ ഗർഭനിരോധന ഉറകളാണ് പ്രതിവർഷം എച്ച് എൽ എൽ ഇന്ന് നിർമിക്കുന്നത്. ആഗോള കോണ്ടം ഉൽപ്പാദനത്തിന്റെ 10 ശതമാനം വിപണി വിഹിതമാണ് എച്ച് എൽ എല്ലിനുള്ളത്. ലോകത്തെ കോണ്ടം ഉൽപ്പാദക കമ്പനികളിൽ രണ്ടാം സ്ഥാനത്തുള്ളത് ഇന്ന് എച്ച് എൽ എല്ലാണ്. മൂഡ്സ് എന്ന വാണിജ്യ ഉൽപ്പന്ന ബ്രാന്റിന് പുറമെ 72 ഓളം ആരോഗ്യ പരിരക്ഷാ ബ്രാൻഡുകളും എച്ച് എൽ എൽ വിപണിയിലിറക്കുന്നുണ്ട്.

തുടക്കത്തിൽ ഗർഭ നിരോധന ഉറകൾ ഉൽപ്പാദിപ്പിച്ച് തുടങ്ങിയ എച്ച് എൽ എൽ ആരോഗ്യ സംരക്ഷണ രംഗത്ത് വിവിധ തരം ഉൽപ്പന്നങ്ങൾ വികസിപ്പിച്ച് മുന്നോട്ട് പോയത് വളർച്ചയ്ക്ക് കാരണമായി. സ്ത്രീകൾക്ക് വേണ്ടിയുള്ള ആരോഗ്യ സംരക്ഷണ ഉൽപ്പന്നങ്ങൾ, മരുന്നുകൾ, ആശുപത്രി ഉപകരണങ്ങൾ, ബ്ലഡ് കളക്ഷൻ ബാഗുകൾ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിലേക്ക് എച്ച് എൽ എൽ കടന്നത് 1980 - 90 കാലഘട്ടത്തിലാണ്. 1985ൽ കർണാടകയിലെ കനഗലയിലും 1994ൽ തിരുവനന്തപുരത്തെ ആക്കുളത്തും എച്ച് എൽ എൽ പുതിയ ഫാക്ടറികൾ തുറന്നു. പിന്നീട് പല കാലങ്ങളിൽ പലതരം ഉൽപ്പന്നങ്ങളുടെ നിർമ്മാണം ലക്ഷ്യമിട്ട് കൊച്ചി, ഐരാപുരം, കാക്കനാട്, ഇൻഡോർ, മനേസർ, ഭഗവൻപുർ എന്നിവിടങ്ങളിലെല്ലാം എച്ച് എൽ എൽ പുതിയ ഫാക്ടറികൾ തുറന്നു.

രാജ്യത്തിന് പുറത്തും ബിസിനസ്

എച്ച് എൽ എൽ ഉൽപ്പനങ്ങൾ 115 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. കേന്ദ്ര സർക്കാരിന് തടസമില്ലാതെ ഗർഭനിരോധന ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുക വഴി രാജ്യത്തിൻറെ ഗർഭനിരോധന സുരക്ഷാ ഉറപ്പാക്കുന്ന ദൗത്യമാണ് പ്രധാനമായും എച്ച് എൽ എല്ലിനുള്ളത്. 2000ത്തിന്റെ തുടക്കത്തിലാണ് എച്ച് എൽ എൽ ആരോഗ്യ സേവന മേഖലയിലേക്ക് കടന്നത്. അടിസ്ഥാന വികസനം, രോഗ നിർണയം, പ്രൊക്യൂർമെന്റ് കൺസൾട്ടൻസി, ആശുപത്രി നിർമ്മാണം, വാക്സീനുകൾ, മരുന്നുകൾ, റീസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് തുടങ്ങി ആരോഗ്യ രംഗത്തെ സർവ്വ മേഖലകളിലേക്കും എച്ച് എൽ എൽ കടന്നു. 2009 ജനുവരി 1 ൽ എച്ച് എൽ എൽ  ലൈഫ്കെയർ ലിമിറ്റഡ് എന്ന പുതിയ പേര് സ്വീകരിച്ചായി പ്രവർത്തനങ്ങൾ.

ഹിന്ദ് ലാബ്സ്

ഡയഗ്നോസ്റ്റിക് ഇമേജിംഗ് സേവനങ്ങൾ ഏറ്റവും കുറഞ്ഞ ചിലവിൽ നൽകുക എന്ന ഉദ്ദേശത്തോടെ എച്ച് എൽ എൽ ആരംഭിച്ച ഹിന്ദ് ലാബ്സ് ഇന്ന് ഇന്ത്യയെമ്പാടും വ്യാപിച്ച ഹെൽത്ത് കെയർ ശൃംഘലയാണ്. മരുന്നുകളും ഇംപ്ലാന്റുകളും  ജീവൻരക്ഷാ ഉപകരണങ്ങളും ജനങ്ങൾക് 60 ശതമാനം വരെ വിലക്കുറവിൽ നൽകുന്നതിനായി അമൃത് എച്ച് എൽ എൽ ഫാർമസി, എച്ച് എൽ എൽ ഒപ്ടിക്കൽസ് എന്നീ ഔട്ട്ലെറ്റുകളും എച്ച് എൽ എൽ നടത്തുന്നുണ്ട്. ഇന്ന് 275 ഹിന്ദ്ലാബ്സുകളും 259 ഫാർമസി ഔട്ട്ലെറ്റുകളുമാണ് എച്ച് എൽ എല്ലിന് കീഴിലുള്ളത്.

വെന്റിഗോ

എച്ച് എൽ എല്ലിന്റെ മറ്റൊരു പ്രധാന ബ്രാൻഡ് ആണ് വെൻഡിഗോ. വെൻഡിഗോ സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീനുകളും ഇൻസിനിറേറ്ററും രാജ്യമെമ്പാടും സ്ഥാപിച്ചിട്ടുണ്ട്. എച്ച് എൽ എല്ലിന്റെ ബ്രാൻഡായ ഹാപ്പി ഡേയ്സ് സാനിറ്ററി നാപ്കിനുകളാണ് വെൻഡിങ് മെഷീനിലൂടെ ലഭിക്കുന്നത്. നവീന സങ്കേതങ്ങളും ഉൽപ്പന്നങ്ങളും വികസിപ്പിക്കുന്നതിനായി സ്വന്തമായി ഒരു അത്യാധുനിക കോർപ്പറേറ്റ് ആർ & ഡി സെന്ററും എച്ച് എൽ എല്ലിൽ പ്രവർത്തിക്കുന്നുണ്ട്. 

അസോസിയേറ്റ് സ്ഥാപനങ്ങൾ

ഇന്ന് എച്ച് എൽ എല്ലിന്റെ കീഴിൽ അഞ്ച് അസോസിയേറ്റ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ആരോഗ്യമേഖലയിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി പ്രവർത്തിക്കുന്ന ഹൈറ്റ്സ്, മികച്ച മാതൃശിശു സംരക്ഷണം ലഭ്യമാക്കുന്ന ലൈഫ്‌സ്പ്രിങ് ആശുപത്രികൾ, ഇന്ത്യയിലെ ഏറ്റവും വലിയ സാമൂഹിക സന്നദ്ധ സംഘടനായ എച്ച് എൽ എഫ് പി പി റ്റി, ഗോവ ആന്റിബയോട്ടിക്സ് & ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ്, ആരോഗ്യരംഗത്തെ പ്രൊഫഷണലുകളെ വാർത്തെടുക്കുന്നതിന് എച്ച് എൽ എൽ മാനേജ്മെന്റ് അക്കാദമി എന്നിവയാണിവ.

ദുരന്തമുഖത്ത് ജനത്തിനൊപ്പം

രാജ്യം സുനാമിയും വെള്ളപ്പൊക്കവും പോലുള്ള പ്രകൃതി ദുരന്തങ്ങൾ നേരിട്ടപ്പോൾ ജനങ്ങൾക്ക് മരുന്നുകളും മറ്റ് ആരോഗ്യസംരക്ഷണ ഉൽപ്പന്നങ്ങളും ഉറപ്പാക്കിയതും എച്ച് എൽ എൽ ആണ്. കോവിഡ്-19 മഹാമാരി കാലഘട്ടത്തിൽ അടിയന്തിര മരുന്നുകളുടെയും ഉപകരണങ്ങളുടെയും സംഭരണത്തിനും വിതരണത്തിനുമുള്ള നോഡൽ ഏജൻസിയായി എച്ച് എൽ എല്ലിനെയാണ് തിരഞ്ഞെടുത്തത്. പി പി ഇ കിറ്റ്, എൻ 95 മാസ്ക്, വെന്റിലേറ്റർ തുടങ്ങി 19 ഉൽപ്പന്നങ്ങളുടെ സംഭരണ നിർമ്മാണ വിതരണമാണ് എച്ച് എൽ എൽ ഏറ്റെടുത്തിരുന്നത്.

കോവിഡ് കാലഘട്ടത്തിൽ ആയിരത്തിലധികം എച്ച് എൽ എൽ ജീവനക്കാർ സുരക്ഷാ ഉപകരണങ്ങളുടെ അടിയന്തിര സംഭരണത്തിനായി 24 മണിക്കൂറും പ്രവർത്തിച്ചു. ഇതിന്റെ ഭാഗമായി ഒരു എമർജൻസി റെസ്പോൺസ് സെല്ലും ആരംഭിച്ചു. 2021 ആഗസ്റ്റ് 21 ലെ കണക്ക് പ്രകാരം 28 സംസ്ഥാനങ്ങൾക്കും 7 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി കോവിഡ് പ്രതിരോധത്തിനാവശ്യമായ 436.708 ലക്ഷം എൻ 95 മാസ്ക്, 59873 ലക്ഷം വെന്റിലേറ്ററുകളും എച്ച് എൽ എൽ വിതരണം ചെയ്തു. ഇതിന് പുറമെ മൂന്ന് പാളികളുള്ള പ്രൈല മാസ്ക്, ഹാൻഡ് സാനിറൈ്റസറുകൾ, ഇൻഫ്രാറെഡ് തെർമോമീറ്ററുകൾ എന്നിവയും എച്ച് എൽ എൽ ഇന്ത്യയെമ്പാടും വിതരണം ചെയ്തു. എംടി പി പി ഇ കിറ്റുകൾ ഇറക്കുമതിയും ചെയ്തിരുന്നു.

കൊറോണ പ്രതിരോധത്തിനായി എച്ച് എൽ എൽ കണ്ടെത്തിയ നൂതന സങ്കേതങ്ങളായ ഹാൻഡ് സാനിറൈ്റസർ വെൻഡിംഗ് മെഷീൻ, യുവി സാനിറൈ്റസർ, മെഡിഗാർഡ് ഹാൻഡ് സാനിറൈ്റസറുകൾ, മെയ്ക്ക് ഷുവർ റാപ്പിഡ് ഡയഗ്നോസ്റ്റിക് കിറ്റ് തുടങ്ങിയവയ്ക്ക് രാജ്യമെമ്പാടും സ്വീകാര്യത ലഭിച്ചു.

കൊറോണ വൈറസ് സ്ഥിരീകരിക്കുന്നതിനായി ഇന്ത്യയിൽ ആദ്യത്തെ റാപ്പിഡ് ഡയഗ്നോസ്റ്റിക് കിറ്റ് അവതരിപ്പിച്ചതും എച്ച്എൽഎൽ ആണ്. ഇന്ത്യയിലെ വിവിധ എയർ പോർട്ടുകളിൽ വിദേശത്തു നിന്നുമെത്തുന്നവർക്ക് കോവിഡ് പരിശോധന ഒരുക്കിയതും എച്ച് എൽ എല്ലാണ്. കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എയർപോട്ടുകളിൽ ആന്റിബോഡി ടെസ്റ്റിനുള്ള കിയോസ്കുകളും എച്ച് എൽ എൽ സ്ഥാപിച്ചിരുന്നു.
 

Follow Us:
Download App:
  • android
  • ios