മനുഷ്യര്‍ ചെയ്തിരുന്ന പല ജോലികളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴി ചെയ്യാന്‍ സാധിക്കുന്നതിനാല്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കേണ്ടിവരുമെന്ന് നേരത്തെ സി.ഇ.ഒ. ആന്‍ഡി ജാസ്സി സൂചന നല്‍കിയിരുന്നു

ഗോളതലത്തില്‍ ജീവനക്കാരെ വെട്ടിച്ചുരുക്കുന്നതിന്റെ ഭാഗമായി ഇ-കൊമേഴ്സ് ഭീമനായ ആമസോണ്‍ ഇന്ത്യയിലും 800 മുതല്‍ 1000 വരെ തസ്തികകള്‍ ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. കമ്പനി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതാണ് ഈ കൂട്ടപ്പിരിച്ചുവിടലിന് പ്രധാന കാരണമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്സസ് (എച്ച്.ആര്‍.), ടെക്‌നോളജി ഉള്‍പ്പെടെയുള്ള വിഭാഗങ്ങളിലെ ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകും. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഒഴിവാക്കപ്പെടുന്ന തസ്തികകളുടെ എണ്ണം 1000 കടക്കാനും സാധ്യതയുണ്ട്.

ആഗോളതലത്തില്‍ 14,000 പേരുടെ ജോലി പോകും

ആമസോണ്‍ ആഗോളതലത്തില്‍ 14,000 തസ്തികകള്‍ വെട്ടിക്കുറയ്ക്കുന്നതായി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇന്ത്യയിലെ പിരിച്ചുവിടല്‍ വാര്‍ത്തകളും പുറത്തുവരുന്നത്. ചെലവ് കുറയ്ക്കുന്നതിന്റെയും കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന്റെയും ഭാഗമായാണ് നടപടിയെന്നാണ് ആമസോണ്‍ നല്‍കുന്ന വിശദീകരണം. കമ്പനിയുടെ തന്ത്രപരമായ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് ജീവനക്കാരെ കുറയ്ക്കുന്നതെന്ന് ആമസോണിന്റെ പീപ്പിള്‍ എക്‌സ്പീരിയന്‍സ് ആന്‍ഡ് ടെക്‌നോളജി സീനിയര്‍ വൈസ് പ്രസിഡന്റ് ബെത്ത് ഗലെറ്റി അറിയിച്ചു.

മനുഷ്യര്‍ ചെയ്തിരുന്ന പല ജോലികളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴി ചെയ്യാന്‍ സാധിക്കുന്നതിനാല്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കേണ്ടിവരുമെന്ന് നേരത്തെ സി.ഇ.ഒ. ആന്‍ഡി ജാസ്സി സൂചന നല്‍കിയിരുന്നു. ഇന്റര്‍നെറ്റിന് ശേഷം ലോകത്ത് കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ മാറ്റമാണ് എഐ ഉണ്ടാക്കുന്നതെന്നും കമ്പനി പറയുന്നു.

ഇനിയും പിരിച്ചുവിടലുണ്ടാകുമോ?

2026-ല്‍ ചില പ്രധാന മേഖലകളില്‍ നിയമനം നടത്താന്‍ പദ്ധതിയുണ്ടെങ്കിലും, കൂടുതല്‍ കാര്യക്ഷമത കൈവരിക്കുന്നതിന് ഇനിയും തസ്തികകള്‍ വെട്ടിക്കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന് ബെത്ത് ഗലെറ്റി സൂചന നല്‍കി. ജോലി നഷ്ടപ്പെടുന്ന ജീവനക്കാര്‍ക്ക് ആമസോണിനുള്ളില്‍ പുതിയ തസ്തിക കണ്ടെത്താനായി 90 ദിവസത്തെ സമയം നല്‍കും. അല്ലാത്തവര്‍ക്ക് പിരിച്ചുവിടല്‍ ആനുകൂല്യങ്ങളും, മറ്റ് ജോലികള്‍ കണ്ടെത്താനുള്ള സഹായങ്ങളും ആരോഗ്യ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങളും നല്‍കുമെന്നും കമ്പനി അറിയിച്ചു.