നയം മാറ്റി ആമസോൺ മേധാവിയും, ട്രംപിൻ്റെ സത്യപ്രതിജ്ഞ ചടങ്ങിനായ് 8.5 കോടി സംഭാവന ചെയ്യും
ജെഫ് ബെസോസും ട്രംപും തമ്മിൽ മുൻപ് നല്ല ബന്ധമല്ല ഉണ്ടായിരുന്നത്. മുൻപ് ഭരണത്തിൽ വന്നപ്പോൾ ട്രംപ് ആമസോണിനെ വിമർശിച്ചിരുന്നു
നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിനായി 1 മില്യൺ ഡോളർ സംഭാവന ചെയ്യാൻ ആമസോൺ. അതായത് ഏകദേശം എട്ടര കോടിയോളം ഇന്ത്യൻ രൂപ ആമസോൺ സംഭാവനയായി നൽകും. വരാനിരിക്കുന്ന പ്രസിഡൻ്റുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഈ സംഭാവനകൾ എന്നാണ് വ്യവസായ ലോകം വിലയിരുത്തുന്നത്. സംഭാവന കൂടാതെ, ട്രംപിൻ്റെ സത്യപ്രതിജ്ഞ ചടങ്ങിന്റെ വീഡിയോ ആമസോൺ പ്രൈം വഴി സ്ട്രീം ചെയ്യുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
പ്രമുഖ ടെക് കമ്പനികളിൽ ചിലതെല്ലാം ആമസോണിന് മുൻപ് തന്നെ സംഭാവനകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം, ഫേസ്ബുക്ക് ഉടമ മാര്‍ക്ക് സക്കര്‍ബര്‍ഗിന്‍റെ നേതൃത്വത്തിലുള്ള മെറ്റ ഡൊണാള്‍ഡ് ട്രംപിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിനായി ഏതാണ്ട് ഒരു കോടിയോളം രൂപ സംഭാവന നല്‍കും എന്നറിയിച്ചിരുന്നു.
ആമസോൺ സംഭാവന ചെയ്യുന്ന കാര്യം ആദ്യം റിപ്പോർട്ട് ചെയ്തത് ദി വാൾ സ്ട്രീറ്റ് ജേണലാണ്. ആമസോൺ മേധാവി ജെഫ് ബെസോസുമായി അടുത്ത അആഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ് പറഞ്ഞതിന് പിന്നാലെയാണ് റിപ്പോർട്ട്. ജെഫ് ബെസോസും ട്രംപും തമ്മിൽ മുൻപ് നല്ല ബന്ധമല്ല ഉണ്ടായിരുന്നത്. മുൻപ് ഭരണത്തിൽ വന്നപ്പോൾ ട്രംപ് ആമസോണിനെ വിമർശിക്കുകയും ജെഫ് ബെസോസിൻ്റെ ഉടമസ്ഥതയിലുള്ള പത്രമായ വാഷിംഗ്ടൺ പോസ്റ്റിലെ രാഷ്ട്രീയ കാര്യങ്ങൾ റിപ്പോർട്ട് ചെയ്ത ഒരു ആർട്ടിക്കിളിനെ കുറിച്ച് പ്രതികരിക്കുകയും ചെയ്തിരുന്നു. ട്രംപിൻ്റെ മുൻകാല പ്രസംഗങ്ങളെ ജെഫ് ബെസോസും വിമർശിച്ചിരുന്നു.
എന്നാൽ, കഴിഞ്ഞയാഴ്ച, ന്യൂയോർക്കിൽ നടന്ന ന്യൂയോർക്ക് ടൈംസിൻ്റെ ഡീൽബുക്ക് ഉച്ചകോടിയിൽ ട്രംപിൻ്റെ രണ്ടാം വരവിനെ കുറിച്ച് നിക്ക് ശുഭാപ്തിവിശ്വാസമുണ്ടെന്ന് ജെഫ് ബെസോസ് പറഞ്ഞു.