വാള്‍മാര്‍ട്ട്, ആമസോണ്‍, ടാര്‍ഗെറ്റ് തുടങ്ങിയ റീട്ടെയില്‍ ശൃംഖലകള്‍ ഇന്ത്യയില്‍ നിന്നുള്ള തുണിത്തരങ്ങളുടെയും വസ്ത്രങ്ങളുടെയും ഓര്‍ഡറുകള്‍ നിര്‍ത്തിവച്ചു.

മേരിക്കന്‍ വമ്പന്‍മാരായ വാള്‍മാര്‍ട്ട്, ആമസോണ്‍, ടാര്‍ഗെറ്റ് തുടങ്ങിയ റീട്ടെയില്‍ ശൃംഖലകള്‍ ഇന്ത്യയില്‍ നിന്നുള്ള തുണിത്തരങ്ങളുടെയും വസ്ത്രങ്ങളുടെയും ഓര്‍ഡറുകള്‍ നിര്‍ത്തിവച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയതാണ് ഈ നീക്കത്തിന് കാരണം. എന്‍.ഡി.ടി.വി പ്രോഫിറ്റ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്കുള്ള തീരുവ വര്‍ദ്ധിപ്പിച്ചതോടെ കമ്പനികളുടെ ചെലവ് 30 മുതല്‍ 35 ശതമാനം വരെ കൂടും. അതിനനുസരിച്ച് അമേരിക്കയിലേക്കുള്ള കയറ്റുമതിയില്‍ 40 മുതല്‍ 50 ശതമാനം വരെ കുറവുണ്ടായേക്കും. ഇത് 400-500 കോടി ഡോളറിന്റെ നഷ്ടം വരുത്തിവച്ചേക്കാം എന്നതിനാലാണ് കമ്പനികളുടെ ഈ തീരുമാനം. ലോകത്ത് തുണിത്തരങ്ങളുടെയും വസ്ത്രങ്ങളുടെയും കയറ്റുമതിയില്‍ ആറാം സ്ഥാനത്താണ് ഇന്ത്യ. ഈ സാഹചര്യത്തില്‍, കയറ്റുമതി ഓര്‍ഡറുകള്‍ ഭൂരിഭാഗവും ഇനി ബംഗ്ലാദേശിലേക്കും വിയറ്റ്നാമിലേക്കും പോകാന്‍ സാധ്യതയുണ്ട്. ഈ രാജ്യങ്ങളില്‍ 20 ശതമാനം മാത്രമാണ് തീരുവ.

ഇന്ത്യയുടെ തുണിത്തരങ്ങളുടെ ആകെ കയറ്റുമതിയുടെ 28 ശതമാനവും യുഎസിലേക്കാണ്. 2024 സാമ്പത്തിക വര്‍ഷത്തില്‍ 9.6 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള വസ്ത്രങ്ങളാണ് ഇന്ത്യയില്‍ നിന്നും കയറ്റി അയച്ചത്. 2024-ലെ കണക്കുകള്‍ പ്രകാരം, അമേരിക്കയിലേക്കുള്ള വസ്ത്ര ഇറക്കുമതിയില്‍ 30 ശതമാനവും ചൈനയില്‍ നിന്നായിരുന്നു. 13 ശതമാനം ഇറക്കുമതി വിഹിതവുമായി വിയറ്റ്‌നാം ആണ് രണ്ടാം സ്ഥാനത്ത്. 9.7 ബില്യണ്‍ ഡോളറിന്റെ വസ്ത്രങ്ങള്‍ ഇറക്കുമതി ചെയ്ത ഇന്ത്യ ആണ് മൂന്നാം സ്ഥാനത്ത്. 8 ശതമാനം ആണ് അമേരിക്കയിലെ ഇന്ത്യയുടെ വിപണി വിഹിതം. അമേരിക്കയിലേക്കുള്ള തുണി ഇറക്കുമതിയില്‍ ബംഗ്ലാദേശിന് നിര്‍ണായക സ്ഥാനമുണ്ടായിരുന്നു. എന്നാല്‍ 2024 ലെ രാഷ്ട്രീയ പ്രക്ഷുബ്ധത മൂലം അവരുടെ വിപണി വിഹിതം പിന്നീട് 6 ശതമാനമായി കുറഞ്ഞു.