Asianet News MalayalamAsianet News Malayalam

എസ്ബിഐ എംഡി അന്‍ഷുല കാന്തിനെ ലോകബാങ്ക് എംഡിയായി നിയമിച്ചു

ഇനി വേള്‍ഡ് ബാങ്ക് ഗ്രൂപ്പിന്‍റെ ധനകാര്യ, റിസ്ക് മാനേജ്മെന്‍റ് കൈകാര്യം ചെയ്യുന്നത് അന്‍ഷുല ആയിരിക്കും. അനുഷല കാന്തിനെ നിയമിച്ചതില്‍ താന്‍ വളരെ സന്തോഷവാനാണെന്ന് മാല്‍പാസ്സ് പറഞ്ഞു. 

anshula kanth appointed as world bank md and cfo
Author
Delhi, First Published Jul 13, 2019, 1:37 PM IST

ദില്ലി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ അന്‍ഷുല കാന്തിനെ ലോകബാങ്ക് മാനേജിംഗ് ഡയറക്ടറും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറു(സിഎഫ്ഒ)മായി  നിയമിച്ചു. ലോകബാങ്ക്  പ്രസിഡന്‍റ് ഡേവിഡ് മാല്‍പാസ്സ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 

ഇനി വേള്‍ഡ് ബാങ്ക് ഗ്രൂപ്പിന്‍റെ ധനകാര്യ, റിസ്ക് മാനേജ്മെന്‍റ് കൈകാര്യം ചെയ്യുന്നത് അന്‍ഷുലയായിരിക്കും. അന്‍ഷുല കാന്തിനെ നിയമിച്ചതില്‍ താന്‍ വളരെ സന്തോഷവാനാണെന്ന് മാല്‍പാസ്സ് പറഞ്ഞു. ധനകാര്യ, ബാങ്കിംഗ് മേഖലകളില്‍ 35 വര്‍ഷത്തെ പരിചയമുണ്ട് അന്‍ഷുലയ്ക്ക്. റിസ്ക്, ട്രെഷറി, ഫണ്ടിംഗ് , ഓപ്പറേഷന്‍സ് തുടങ്ങിയ മേഖലകളില്‍ നേതൃപാടവമുള്ള ആളാണ് അന്‍ഷുല. അന്‍ഷുലയെ താന്‍ തങ്ങളുടെ ഭരണസമിതിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും മാല്‍പാസ്സ് വ്യക്തമാക്കി.

എസ്ബിഐ എംഡി എന്ന നിലയില്‍ 38 ബില്യണ്‍ ഡോളര്‍ വരുമാനവും 500 ബില്യണ്‍ ആസ്തിയും എസ്ബിഐയ്ക്ക് അന്‍ഷുല നേടിക്കൊടുത്തു. എസ്ബിഐയുടെ മൂലധന അടിത്തറ ഭദ്രമാക്കുന്നതിനും നേട്ടം ഉറപ്പുവരുത്തുന്നതിലുമായിരുന്നു അന്‍ഷുലയുടെ ശ്രദ്ധ. ഇക്കാര്യത്തില്‍ അന്‍ഷുല വലിയ നേട്ടം സ്വന്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു. 

ദില്ലിയിലെ ലേഡി ശ്രീറാം കോളേജിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ഓണേഴ്സും ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയശേഷം 1983ലാണ്  അന്‍ഷുല എസ്ബിഐയുടെ ഭാഗമാകുന്നത്. 2018 സെപ്റ്റംബറിലാണ് എസ്ബിഐ മാനേജിങ് ഡയറക്ടറായി അവര്‍ ചുമതലയേറ്റത്. 
 

Follow Us:
Download App:
  • android
  • ios