ഇന്ത്യൻ വിപണിയിൽ ആപ്പിളിന്റെ വരുമാനം ആദ്യമായി ഒരുലക്ഷം കോടി രൂപ കടന്നു. ഐഫോൺ ഉൾപ്പെടെയുള്ള പ്രീമിയം ഉൽപ്പന്നങ്ങൾക്കുള്ള ആവശ്യകതയും ഇഎംഐ, എക്സ്ചേഞ്ച് ഓഫറുകളുമാണ് ഈ ചരിത്രനേട്ടത്തിന് കാരണമായത്. ഇതേസമയം പ്രധാന എതിരാളിയായ സാംസങ്ങിന്റെ വരുമാനത്തിൽ നേരിയ ഇടിവ് രേഖപ്പെടുത്തി.
ഇന്ത്യൻ വിപണിയിൽ ആപ്പിൾ ഉൽപ്പന്നങ്ങൾക്കുള്ള സ്വീകാര്യത വർധിക്കുന്നു. 2026 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ ആപ്പിളിന്റെ വരുമാനം ആദ്യമായി ഒരുലക്ഷം കോടി രൂപ കടന്നു. ഐഫോൺ ഉൾപ്പെടെയുള്ള പ്രീമിയം ഉൽപ്പന്നങ്ങൾക്കുള്ള വർധിച്ച ആവശ്യമാണ് കമ്പനിയുടെ വളർച്ചയ്ക്ക് പ്രധാന കരുത്തായത്. വരുമാനത്തിനൊപ്പം ലാഭത്തിലും കമ്പനി വലിയ മുന്നേറ്റം രേഖപ്പെടുത്തി.
വരുമാനത്തിൽ 31 ശതമാനം വർധനവ്
കമ്പനീസ് രജിസ്ട്രാർക്ക് സമർപ്പിച്ച സാമ്പത്തിക രേഖകൾ പ്രകാരം, 2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ ആപ്പിളിന്റെ പ്രവർത്തന വരുമാനം 31% വർധിച്ച് 1,03,853 കോടി രൂപയായി. മുൻ സാമ്പത്തിക വർഷത്തിൽ ഇത് 79,060 കോടി രൂപയായിരുന്നു. ലാഭം 66% ഉയർന്ന് 5,311 കോടി രൂപയിലെത്തി. 2024-25 സാമ്പത്തിക വർഷത്തിൽ 3,196 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം. അന്ന് ലാഭവളർച്ച 16% മാത്രമായിരുന്നു. വരുമാനത്തേക്കാൾ വേഗത്തിൽ ലാഭം ഉയർന്നത് ഇന്ത്യൻ വിപണിയിൽ ആപ്പിളിന്റെ ബിസിനസ് കൂടുതൽ ശക്തമാകുന്നതിന്റെ സൂചനയാണ്. സാമ്പത്തിക കണക്കുകൾ ആദ്യം പുറത്തുവിട്ടത് ഇക്കണോമിക് ടൈംസാണ്.
സാംസങ്ങിന്റെ വരുമാനത്തിൽ ഇടിവ്
അതേസമയം, ആപ്പിളിന്റെ പ്രധാന എതിരാളിയായ സാംസങ്ങിന്റെ മൊബൈൽ ഫോൺ വരുമാനത്തിൽ നേരിയ ഇടിവുണ്ടായി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ സാംസങ്ങിന്റെ ഫോൺ വരുമാനം 1.4% കുറഞ്ഞ് 81,472 കോടി രൂപയായി. എന്നാൽ സ്മാർട്ട്ഫോണുകൾക്ക് പുറമെ ടെലിവിഷനുകൾ, ഗൃഹോപകരണങ്ങൾ തുടങ്ങിയ ഉൽപ്പന്നങ്ങളും സാംസങ് ഇന്ത്യയിൽ വിൽക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്.
പ്രീമിയം ഫോണുകൾക്ക് ആവശ്യക്കാർ കൂടുന്നു
മെമ്മറി, റാം ചിപ്പുകളുടെ ക്ഷാമം മൂലം സ്മാർട്ട്ഫോൺ വിപണിയിൽ വില വർധിക്കുന്ന സാഹചര്യത്തിലാണ് ആപ്പിളിന്റെ ഈ നേട്ടം. കൗണ്ടർപോയിന്റ് റിസർച്ചിന്റെ കണക്കുകൾ പ്രകാരം, 2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ വിൽപ്പനയുടെ എണ്ണത്തിൽ 2% വളർച്ചയും വിപണിമൂല്യത്തിൽ 9% വളർച്ചയുമുണ്ടായി. 30,000 രൂപയ്ക്കു മുകളിൽ വിലയുള്ള ഫോണുകൾ ഉൾപ്പെടുന്ന പ്രീമിയം വിഭാഗത്തിൽ വിൽപ്പനയുടെ എണ്ണത്തിൽ 12% വർധന രേഖപ്പെടുത്തി. ആപ്പിളിന്റെ വിൽപ്പന വളർച്ച 2024-25 സാമ്പത്തിക വർഷത്തിലെ 11%ത്തിൽനിന്ന് 2025-26ൽ 24%മായി ഉയർന്നതായും റിപ്പോർട്ടുകളുണ്ട്.
വളർച്ചയ്ക്ക് പിന്നിൽ എന്തെല്ലാം?
ഇന്ത്യയിലെ ചെറുപട്ടണങ്ങളിലേക്കുള്ള റീട്ടെയിൽ ശൃംഖലയുടെ വ്യാപനം ആപ്പിളിന് നേട്ടമായി. പ്രമുഖ നഗരങ്ങൾക്കപ്പുറത്തേക്കും ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നതിലൂടെ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്താൻ കമ്പനിക്ക് സാധിച്ചു. നോ-കോസ്റ്റ് ഇഎംഐ, ഉപഭോക്തൃ വായ്പകൾ തുടങ്ങിയ സാമ്പത്തിക സൗകര്യങ്ങളും വിൽപ്പന വർധിപ്പിക്കാൻ സഹായിച്ചു. ബാങ്കുകളുമായും സാമ്പത്തിക സാങ്കേതിക സേവന സ്ഥാപനങ്ങളുമായുമുള്ള പങ്കാളിത്തത്തിലൂടെ വിലകൂടിയ ഫോണുകൾ തവണകളായി വാങ്ങാനുള്ള അവസരം ഉപഭോക്താക്കൾക്ക് ലഭിക്കുന്നു. 80,000 മുതൽ 1,30,000 രൂപ വരെ വിലയുള്ള ഫോണുകൾക്ക് പ്രതിമാസം 3,000 മുതൽ 6,000 രൂപ വരെയുള്ള തവണകളായി പണം അടയ്ക്കാൻ ഇത്തരം പദ്ധതികൾ സഹായിച്ചേക്കാം.
ഓൺലൈൻ ഓഫറുകളും നേട്ടമായി
ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഓൺലൈൻ വ്യാപാര പ്ലാറ്റ്ഫോമുകളിലെ പഴയ ഫോണുകൾ മാറ്റിവാങ്ങുന്നതിനുള്ള എക്സ്ചേഞ്ച് ബോണസുകളും ഐഫോണുകളുടെ വാങ്ങൽച്ചെലവ് കുറയ്ക്കുന്നു. ഇതിലൂടെ കൂടുതൽ പേർക്ക് ആപ്പിൾ ഉൽപ്പന്നങ്ങൾ വാങ്ങാനും കമ്പനിയുടെ ഉൽപ്പന്നശൃംഖലയുടെ ഭാഗമാകാനും സാധിക്കുന്നു. പ്രീമിയം ഫോണുകളോടുള്ള താൽപര്യം, എളുപ്പത്തിലുള്ള ധനസഹായം, വിപണന ശൃംഖലയുടെ വ്യാപനം എന്നിവ ഒരുമിച്ചെത്തിയതാണ് ഇന്ത്യയിൽ ആപ്പിളിന്റെ വരുമാനവും ലാഭവും റെക്കോർഡ് നിലയിലെത്തിക്കാൻ സഹായിച്ചതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.


