ആഫ്രിക്കൻ രാജ്യമായ ഘാനയിൽ നിന്നുള്ള നഴ്സ് നവോമി ഒയുവോ ഓഹെനെ ഓച്ചി പുരസ്കാരം നേടി. യു.എ.ഇ മന്ത്രി നഹ്യാൻ ബിൻ മബാറക് അൽ നഹ്യാൻ ദുബായിൽ പുരസ്കാരം സമ്മാനിച്ചു.

ആഗോള നഴ്സിങ് രംഗത്തെ മികവിന് നൽകുന്ന ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡ് 2025 (Aster Guardians Global Nursing Award 2025) പ്രഖ്യാപിച്ചു. ആഫ്രിക്കൻ രാജ്യമായ ഘാനയിൽ നിന്നുള്ള നവോമി ഒയുവോ ഓഹെനെ ഓച്ചി (Naomi Oyoe Ohene Oti) ആണ് വിജയി. ദുബായ് നഗരത്തിൽ നടന്ന പ്രൗഡോജ്വലമായ ചടങ്ങിൽവച്ചാണ് 2.5 ലക്ഷം യു.എസ് ഡോളർ സമ്മാനത്തുകയുള്ള പുരസ്കാരം പ്രഖ്യാപിച്ചത്.

യു.എ.ഇ സഹിഷ്ണുത-സഹവർത്തിത്വം വകുപ്പിന്റെ ചുമതലുള്ള മന്ത്രിയും കാബിനറ്റ് അംഗവുമായ ഷെയ്ഖ് നഹ്യാൻ ബിൻ മബാറക് അൽ നഹ്യാൻ പുരസ്കാരം സമ്മാനിച്ചു. ആസ്റ്റർ ഡിഎം ഹെൽത്കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ, ആസ്റ്റർ ഡിഎം ഹെൽത്കെയർ എം.ഡിയും ഗ്രൂപ്പ് സി.ഇ.ഒയുമായ അലിഷ മൂപ്പൻ, ആസ്റ്റർ ഡിഎം ഹെൽത്കെയർ ഗവണേൻസ് & കോർപ്പറേറ്റ് അഫെയേഴ്സ് ഗ്രൂപ്പ് ഹെഡും എക്സിക്യൂട്ടൂവ് ഡയറക്ടറുമായ ടി.ജെ വിൽസൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഓങ്കോളജി നഴ്സ് സ്പെഷ്യലിസ്റ്റായ നവോമി, ഘാനയിലെ കോർലെ-ബു ടീച്ചിങ് ആശുപത്രിയിലെ നാഷണൽ റേഡിയോതെറപ്പി ഓങ്കോളജി ആൻഡ് ന്യൂക്ലിയർ മെഡിസിൻ സെന്ററിലെ നഴ്സിങ് ഹെഡ് ആണ്.

2021 മുതൽ ആസ്റ്റർ ഡിഎം ഹെൽത്കെയർ നൽകി വരുന്നതാണ് ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സ് പുരസ്കാരം. നഴ്സിങ് മേഖലയിലെ നേതൃപാടവം, ഗവേഷണം, നവീനത, കമ്മ്യൂണിറ്റി സർവ്വീസ് എന്നിവയ്ക്കാണ് പുരസ്കാരം നൽകുക.

ഇത്തവണ പുരസ്കാരത്തിന്റെ നാലാം പതിപ്പായിരുന്നു. ലോകത്തെ 199 രാജ്യങ്ങളിൽ നിന്നായി 100,000 അപേക്ഷകളിൽ നിന്നാണ് വിജയിയെ കണ്ടെത്തിയത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് അപേക്ഷകളിൽ 28% വർധനയുണ്ടായി – ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡ് അറിയിച്ചു.

ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അധനോം ഗബ്രയെസസ് ഫൈനലിസ്റ്റുകളെ പ്രശംസിച്ചു. ആഗോളതലത്തിൽ നഴ്സുമാരുടെ നിസ്തുലമായ സേവനത്തെ അംഗീകരിക്കുന്നതിൽ ആസ്റ്റർ ഡിഎം ഹെൽത്കെയർ നടത്തുന്ന പ്രവർത്തനത്തെയും അദ്ദേഹം പ്രകീർത്തിച്ചു.

മനുഷ്യ ചരിത്രത്തിലെ ഏറ്റവും കുലീനവും സ്വാധീനവുമുള്ള ജോലികളിൽ ഒന്നാണ് നഴ്സിങ്ങ് എന്ന് ഷെയ്ഖ് നഹ്യാൻ ബിൻ മബാറക് അൽ നഹ്യാൻ പറഞ്ഞു.

"ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡ് വ്യത്യസ്തമായ ഒരു ഉദ്യമമാണ്. ഏതൊരു ആരോഗ്യ സംവിധാനത്തിന്റെയും ആദ്യഘട്ട പ്രതിരോധസേന നഴ്സുമാരാണ്. അവർ പരിചരണം നൽകുന്നു, സാന്ത്വനം നൽകുന്നു, ഏറ്റവും നിർണായകമായ സമയത്ത് പ്രതീക്ഷ നഖുന്നു. അവരുടെ അനുകമ്പയും നിസ്വാർധമായ സേവനവും കൊണ്ട് മനുഷ്യത്വത്തിന്റെ ഏറ്റവും ഉയർന്ന മൂല്യങ്ങളെ പ്രതിനിധാനം ചെയ്യുന്നു." - മന്ത്രി കൂട്ടിച്ചേർത്തു.

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡ് വിനയത്തോടെ സ്വീകരിക്കുകയാണെന്ന് വിജയിയായ നവോമി ഒയുവോ ഓഹെനെ ഓച്ചി പറഞ്ഞു.

"ഈ അംഗീകാരം എന്റേത് മാത്രമല്ല, ഘാനയിലെയും ആഫ്രിക്കയിലെയും ലോകം മുഴുവനുമുള്ള നഴ്സുമാരുടെത് കൂടെയാണ്. അവർ നിശ്ചയദാർഢ്യംകൊണ്ടും അനുകമ്പകൊണ്ടും ധൈര്യംകൊണ്ടും മുന്നോട്ടുപോകുന്നു. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങൾക്ക് മുകളിലായി കാൻസർ ചികിത്സയിലെ അസമത്വങ്ങൾ ഞാൻ നേരിട്ടു കണ്ടു. ഈ വിടവ് പരിഹരിക്കാൻ പരിശീലനവും ആളുകളിലേക്ക് ഇറങ്ങിച്ചെല്ലലും അടിസ്ഥാനപരമായ മാറ്റത്തിനും ഞാൻ ശ്രമിച്ചു. ഈ പുരസ്കാരം ഞങ്ങളുണ്ടാക്കി മാറ്റം കൂടുതൽപ്പേരിലേക്ക് എത്താൻ സഹായിക്കും. ഇത് ആഫ്രിക്കയിലെ അടുത്ത തലമുറ ഓങ്കോളജി നഴ്സുമാരെ പരിശീലിപ്പിക്കാനും അവർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാക്കാനും സഹായിക്കും. എന്റെ യാത്രയുടെ അടിസ്ഥാനം വളരെ ലളിതമായ ഒരു സത്യമാണ് – നഴ്സിങ് വെറുമൊരു ജോലി മാത്രമല്ല, അത് സാമൂഹിക നീതിക്കും തുല്യതയ്ക്കും പ്രതീക്ഷയ്ക്കുമുള്ള ഒരു ശക്തിയാണ്. ഇന്ന്, ഞാൻ നിലകൊള്ളുന്നത് എനിക്ക് വേണ്ടി മാത്രമല്ല, പ്രതിബന്ധങ്ങൾ ഉണ്ടായിട്ടും നവീകരണത്തിനും സേവനത്തിനും വേണ്ടി നിലകൊള്ളുന്ന ആഫ്രിക്കയിലെ ഓരോ നഴ്സുമാർക്കും വേണ്ടിയാണ്."

തന്റെ കർമ്മപഥത്തിൽ രോഗികളുടെ പരിപാലനം, സ്പെഷ്യലിസ്റ്റ് നഴ്സ് ട്രെയിനിങ്, കാൻസർ ചികിത്സയിൽ തുല്യതയ്ക്ക് വേണ്ടിയുള്ള എന്നിവയിലാണ് നവോമി നിലകൊണ്ടത്. കാനഡയിലെ ക്രോസ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് ഓങ്കോളജി നഴ്സിങ് ട്രെയിനിങ് പ്രോഗ്രാം വികസിപ്പിക്കുന്നതിൽ അവർ നിർണ്ണായക സേവനം നൽകി. ഇതിലൂടെ ഘാനയിലെ പ്രാദേശിക നഴ്സുമാർക്ക് ആഗോളതലത്തിലുള്ള കാൻസർ വിദ്യാഭ്യാസം ലഭിച്ചു.

2015-ൽ ഘാനയുടെ പോസ്റ്റ്ഗ്രാജുവേറ്റ് ഓങ്കോളജി നഴ്സിങ് കരിക്കുലം വികസിപ്പിച്ച വിദഗ്ധ സംഘത്തിൽ അവർ അംഗമായിരുന്നു. ഇതിലൂടെ കുറഞ്ഞത് 60 ഓങ്കോളജി നഴ്സ് സ്പെഷ്യലിസ്റ്റുമാർക്കും 10 ബ്രെസ്റ്റ് കെയർ നഴ്സുമാർക്കും പരിശീലനം നൽകി. 

ആഫ്രിക്കൻ ഭൂഖണ്ഡം മുഴുവൻ അവരുടെ പഠനമികവ് അനുഭവപ്പെടുന്നുണ്ട്. നിലവിൽ ആഫ്രിക്കൻ ഓർഗനൈസേഷൻ ഫോർ റിസർച്ച് ആൻഡ് ട്രെയിനിങ് ഇൻ കാൻസർ (AORTIC) അംഗമാണ് നവോമി. കൂടാതെ ഗ്ലോബൽ ബ്രിഡ്ജസ് ഓങ്കോളജി ജിഎം ഗ്രാന്റിൽ സഹ-ഇൻവെസ്റ്റിഗേറ്റർ പദവിയും വഹിക്കുന്നു. ISNCC സഹ മേധാവി സ്ഥാനത്ത് ഇരുന്ന് അവർ ആഫ്രിക്കയിൽ നിന്നുള്ള 48 നഴ്സുമാർക്ക് പരിശീലനവും നൽകി.

ASCO മൾട്ടിഡിസിപ്ലിനറി കാൻസർ മാനേജ്മെന്റ് കോഴ്സസിന്റെ അന്താരാഷ്ട്ര ഫാക്കൽറ്റി എന്ന നിലയിൽ അന്താരാഷ്ട്ര കാൻസർ വേദികളിൽ അവർ ആഫ്രിക്കൻ നഴ്സുമാർ നേരിടുന്ന യാഥാർത്ഥ്യങ്ങൾ അവതരിപ്പിക്കുന്നു. ദേശീയതലത്തിൽ വലിയ ബഹുമതികൾ അവരെ തേടിയെത്തിയിട്ടുണ്ട്. ഘാനയുടെ ആരോഗ്യവകുപ്പ് ഏർപ്പെടുത്തിയ ഹെൽത് എക്സലൻസ് അവാർഡ്, കൂടാത ഘാന രജിസ്ട്രേഡ് നഴ്സ്സ ആൻഡ് മിഡ് വൈവ്സ് അസോസിയേഷന്റെ ഡോ. ഡോർസിയ കിസ്സെ ഇന്റർനാഷണൽ അവർഡും ലഭിച്ചു.

"ഒരു പരിചരണം നൽകുന്നയാൾ എന്നത് മാത്രമല്ല നഴ്സ് എന്നാൽ നവീനതയും മാറ്റംകൊണ്ടുവരുന്നയാൾ എന്നും മുന്നിൽ നിന്ന് നയിക്കുന്നയാൾ എന്നും കൂടെയാണ് അർത്ഥം. അതിനറെ ഉത്തമ ഉദാഹരണമാണ് നഴ്സ് നവോമി" - ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.

"നവോമിയുടെ സംഭാവനകൾ രോഗികളെ മാത്രമല്ല പ്രചോദിപ്പിക്കുക, മുഴുവൻ ആരോഗ്യസംവിധാനത്തിനും അത് മുതൽക്കൂട്ടാണ്. മറ്റുള്ളവർക്ക് പിന്തുടരാനുള്ള ഉത്തമ മാതൃകയാണ് ഇത്." - ആസ്റ്റർ ഡിഎം ഹെൽത്കെയർ സ്ഥാപക ചെയർമാൻ കൂട്ടിച്ചേർത്തു.
നഴ്സ് നവോമിയുടെത് നിശബ്ദമായ ഹീറോയിസമാണെന്ന് അലിഷ മൂപ്പൻ പറഞ്ഞു.

"ഇതൊരു ശക്തമായ ഓർമ്മപ്പെടുത്തലാണ്, ലോകം മുഴുവൻ ദിവസവും നമ്മുടെ ആശുപത്രികളിൽ, ക്ലിനിക്കുകളിൽ, കമ്മ്യൂണിറ്റികളിൽ നടക്കുന്ന നിശബ്ദമായ ഹീറോയിസത്തിന് തെളിവാണിത്. നവോമിയുടെ നേട്ടങ്ങൾക്ക് മേൽ വെളിച്ചംവീശാനുള്ള ഒരു അവസരമായാണ് ഞങ്ങൾ ഈ പുരസ്കാരത്തെ കാണുന്നത്. അവരുടെ പ്രയത്നത്തെ ആഗോളതലത്തിൽ ഉയർത്തിക്കാണിക്കുന്നതിലൂടെ മനുഷ്യത്വത്തെ ഉയർത്തിപ്പിടിക്കുകയും നമ്മുടെ ആരോഗ്യസംവിധാനത്തെ ഇടതടവുകളില്ലാതെ പ്രവർത്തിക്കാൻ സഹായിക്കുകയും ചെയ്യുന്ന ലക്ഷക്കണക്കിന് നഴ്സുമാരെയും ഞങ്ങൾ ആദരിക്കുകയാണ്."

പത്ത് പേരാണ് അവസാനഘട്ടത്തിൽ മത്സരിക്കാനുണ്ടായിരുന്നത്. മറ്റു മത്സരാർത്ഥികൾ: കാതറീൻ മരീ ഹോളിഡേ (സ്വിറ്റ്സർലണ്ട്), ഈർിത് നാംപ (പാപുവ ന്യൂഗിനി), ഫിറ്റ്സ് ജെറാൾഡ് ദലീന കമോക്കോ (യു.എ.ഇ), ഡോ. ജെഡ് റേ ജെനോബ മൊണ്ടായെർ (ഹോംങ്ക് കോങ് SAR), ഡോ. ഹോസെ അർണോൾഡ് തരിഗ (യു.എസ്.എ), ഖദീജ മൊഹമ്മദ് ജുമ (കെന്യ), മഹേശ്വരി ജഗനാഥൻ (മലേഷ്യ), ഡോ. സുഖ്പാൽ കൌർ (ഇന്ത്യ), വിഭാഭൻ ഗുണവന്ത്ഭായ് സലാലിയ (ഇന്ത്യ).

കർശനമായ റിവ്യൂ പരിപാടികളിലൂടെ നഴ്സുമാരെ തെരഞ്ഞെടുത്തത് Ernst & Young LLP, സ്ക്രീനിങ് ജൂറി പാനൽ, ഗ്രാൻഡ് ജൂറി എന്നിവർ ചേർന്നാണ്.