രാജ്യത്ത് ആവശ്യത്തിന് കറന്‍സിയുണ്ടായിട്ടും എടിഎമ്മുകളില്‍ 'നോ ക്യാഷ്' ബോര്‍ഡുകള്‍ പതിവാകുന്നതിന്റെ കാരണം നോട്ടുക്ഷാമമല്ല. ബാങ്കുകളില്‍ നിന്ന് എടിഎമ്മുകളിലേക്ക് പണം എത്തിക്കുന്നതിലെ വിതരണ ശൃംഖലയിലെ പാളിച്ചകളും, യുപിഐ ഇടപാടുകളുടെ വര്‍ദ്ധനവുമാണ് ഈ പ്രതിസന്ധിക്ക് പിന്നില്‍. 

എടിഎമ്മുകളില്‍ ചെന്നാല്‍ 'നോ ക്യാഷ്' ബോര്‍ഡുകള്‍ കാണുന്നത് ഇപ്പോള്‍ ഒരു നിത്യ സംഭവമായി മാറിയിരിക്കുകയാണ്. എന്നാല്‍ രാജ്യത്ത് നോട്ടുക്ഷാമമുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ പ്രകാരം വിപണിയിലുള്ള കറന്‍സിയുടെ അളവ് റെക്കോര്‍ഡ് തലത്തിലാണ്. 12 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ ഇത് 42.56 ലക്ഷം കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. അതായത്, ആവശ്യത്തിന് കറന്‍സി ഇല്ലാത്തതല്ല നിലവിലെ പ്രശ്‌നം. ബാങ്കുകളില്‍ നിന്ന് എടിഎമ്മുകളിലേക്കും അവിടെ നിന്ന് ഉപഭോക്താക്കളിലേക്കും പണം എത്തിക്കുന്ന ശൃംഖലയിലുണ്ടായ വലിയ പാളിച്ചകളാണ് ഇതിന് കാരണം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

1. പണം നിറയ്ക്കുന്നതിലെ വീഴ്ച

എടിഎമ്മുകളില്‍ പണം നിറയ്ക്കാന്‍ ചുമതലയുള്ള സ്വതന്ത്ര എടിഎം ഓപ്പറേറ്റര്‍മാര്‍ക്ക് ആവശ്യത്തിന് പണം ലഭ്യമാകുന്നില്ല. വാണിജ്യ ബാങ്കുകള്‍ ഇവര്‍ക്ക് നല്‍കുന്ന പണത്തിന്റെ അളവില്‍ വന്‍ ഇടിവാണുണ്ടായത്. 2025 നവംബറില്‍ ആവശ്യമായ പണത്തിന്റെ 80 ശതമാനവും എടിഎം ഓപ്പറേറ്റര്‍മാര്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍ 2026 മാര്‍ച്ചില്‍ ഇത് 64 ശതമാനമായും, 2026 ഏപ്രില്‍, മെയ് മാസങ്ങളില്‍ 57 ശതമാനമായും കുറഞ്ഞു. രാജ്യത്തെ എടിഎം ശൃംഖല നിലനിര്‍ത്താന്‍ പ്രതിമാസം 94,000 കോടി രൂപയാണ് വേണ്ടത്. എന്നാല്‍ നിലവില്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ലഭിക്കുന്നത് വെറും 54,000 കോടി രൂപ മാത്രമാണ്. ഇതാണ് പല എടിഎമ്മുകളും ദിവസങ്ങളോളം പണമില്ലാതെ കിടക്കാന്‍ കാരണം.

2. യുപിഐ ഉണ്ടാക്കിയ മാറ്റം

യുപിഐ വഴിയുള്ള ഇടപാടുകള്‍ വന്‍തോതില്‍ കൂടിയതോടെ എടിഎം ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 10 ശതമാനത്തിലധികം ഇടിവാണുണ്ടായത്. എടിഎം ഉപയോഗം പ്രതിവര്‍ഷം വെറും 3 ശതമാനം മാത്രമേ കുറയൂ എന്ന നിഗമനത്തിലായിരുന്നു എടിഎം ഓപ്പറേറ്റര്‍മാരുമായുള്ള കരാറുകള്‍ ഉണ്ടിക്കായിരുന്നത്. എടിഎമ്മില്‍ നടക്കുന്ന ഇടപാടുകളുടെ എണ്ണത്തിന് അനുസരിച്ചുള്ള ഫീസില്‍ നിന്നാണ് ഇവര്‍ക്ക് പ്രധാന വരുമാനം ലഭിക്കുന്നത്. ഉപഭോക്താക്കള്‍ എടിഎം ഉപയോഗിക്കുന്നത് കുറഞ്ഞതോടെ, ഇത്തരം കരാറുകളിലൂടെ എടിഎമ്മുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് ഓപ്പറേറ്റര്‍മാര്‍ക്ക് വന്‍ ബാധ്യതയായി മാറി.

3. ചെലവ് കൂടി, ഉപഭോക്താക്കളുടെ രീതിയും മാറി

എടിഎം നടത്തിപ്പുമായി ബന്ധപ്പെട്ട ഇന്ധനം, സുരക്ഷ, ജീവനക്കാരുടെ ശമ്പളം തുടങ്ങിയവയുടെ ചെലവ് ദിനംപ്രതി വര്‍ധിക്കുകയാണ്. ഇതിന് പുറമെ, ഏപ്രില്‍ 1 മുതല്‍ സൗജന്യ പരിധി കഴിഞ്ഞുള്ള ഇടപാടുകള്‍ക്കുള്ള ചാര്‍ജ് 23 രൂപയായി ബാങ്കുകള്‍ ഉയര്‍ത്തി. യുപിഐ വഴിയുള്ള കാര്‍ഡ്ലെസ് എടിഎം പിന്‍വലിക്കലുകളും പല ബാങ്കുകളും സൗജന്യ പരിധിയില്‍ ഉള്‍പ്പെടുത്തി. ഇതോടെ എടിഎമ്മില്‍ പോകുന്ന തവണകള്‍ ഉപഭോക്താക്കള്‍ കുറയ്ക്കുകയും, എന്നാല്‍ എപ്പോഴെങ്കിലും പോകുമ്പോള്‍ വലിയ തുക പിന്‍വലിക്കാന്‍ തുടങ്ങുകയും ചെയ്തു. ആളുകളുടെ ഈ മാറ്റം എടിഎമ്മുകളില്‍ എപ്പോള്‍, എത്ര പണം വേണ്ടിവരുമെന്ന് മുന്‍കൂട്ടി കണക്കാക്കുന്ന സംവിധാനങ്ങളുടെ താളം തെറ്റിച്ചു.

ആര്‍ബിഐയും സര്‍ക്കാരും പറയുന്നത്

രൂപയുടെ മൂല്യമിടിവ് തടയാന്‍ ആര്‍ബിഐ വിദേശനാണ്യ ശേഖരം വിറ്റഴിച്ചത് ബാങ്കിംഗ് മേഖലയിലെ പണലഭ്യതയെ താല്‍ക്കാലികമായി ബാധിച്ചുവെന്ന് ചില സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാല്‍ കറന്‍സി ആവശ്യത്തിനുള്ളത് അച്ചടിയ്ക്കുന്നുണ്ട് എന്നും ബാങ്കുകളില്‍ ആവശ്യത്തിനുള്ള പണം ഉണ്ടെന്നുമാണ് ആര്‍ബിഐയുടെ വിശദീകരണം. വിതരണത്തിലെ പാളിച്ചകളും സ്വതന്ത്ര ഏജന്‍സികളുമായുള്ള കരാര്‍ പ്രശ്‌നങ്ങളുമാണ് എടിഎമ്മുകളിലെ പണമില്ലായ്മക്ക് കാരണം. എടിഎമ്മുകള്‍ വഴി 500 രൂപ നോട്ടുകള്‍ നല്‍കുന്നത് ആര്‍ബിഐ നിര്‍ത്തുന്നുവെന്ന തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ സര്‍ക്കാര്‍ തള്ളിയിട്ടുണ്ട്. 500 രൂപ നോട്ടുകളുടെ ആധിക്യവും 10, 20, 50 രൂപ പോലുള്ള ചെറിയ നോട്ടുകളുടെ കുറവും മൂലമുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നുണ്ട്. ചെറിയ നോട്ടുകള്‍ നല്‍കുന്ന പ്രത്യേക എടിഎമ്മുകളും ഹൈബ്രിഡ് എടിഎമ്മുകളും ബസ് സ്റ്റാന്‍ഡ്, മാര്‍ക്കറ്റ് തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളില്‍ കൂടുതലായി സ്ഥാപിക്കും.