ദില്ലി: ലോക്ക് ഡൗണിനെ തുടർന്ന് ബുക്ക് ചെയ്ത വിമാന ടിക്കറ്റിന്റെ തുക വെള്ളത്തിൽ വരച്ച വര പോലെയായെന്ന സങ്കടം ഇനി വേണ്ട. ലോക്ക് ഡൗൺ തുടങ്ങിയ മാർച്ച് 25 മുതൽ മെയ് മൂന്ന് വരെയുള്ള യാത്രക്കായി ബുക്ക് ചെയ്ത എല്ലാ ടിക്കറ്റുകളുടെയും പണം യാത്രക്കാർക്ക് തിരിച്ച് നൽകണമെന്നാണ് സർക്കാരിന്റെ നിർദ്ദേശം.

വിമാനക്കമ്പനികൾക്കായി പുറപ്പെടുവിച്ച ഉത്തരവിലാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ആഭ്യന്തര അന്താരാഷ്ട്ര വിമാന യാത്രാ ടിക്കറ്റുകളുടെ തുക മടക്കിനൽകണം.

ടിക്കറ്റ് റദ്ദാക്കുന്നതിനുള്ള പ്രത്യേക ചാർജ്ജുകൾ ഈടാക്കാതെ തന്നെ തുക മടക്കിനൽകണമെന്നാണ് നിർദ്ദേശം. ഏപ്രിൽ 14 ന് മുതൽ മെയ് മൂന്ന് വരെയുള്ള രണ്ടാം ലോക്ക് ഡൗൺ കാലത്തേക്കുള്ള യാത്രക്കായി മാർച്ച് 25 മുതൽ ഏപ്രിൽ 14 വരെ ബുക്ക് ചെയ്ത എല്ലാ വിമാനടിക്കറ്റുകളുടെ തുകയും മടക്കി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.