ജോൺസൺ ആൻഡ് ജോൺസൺ പൗഡർ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചതിന് ശേഷം കാൻസർ ബാധിച്ചുവെന്ന് അവകാശപ്പെടുന്ന 67,000-ത്തിലധികം ആളുകളിൽ നിന്ന് ജോൺസൺ & ജോൺസൺ കേസുകൾ നേരിടുന്നുണ്ട്

ന്യൂയോർക്ക്: പ്രമുഖ അമേരിക്കൻ കമ്പനിയായ ജോൺസൺ ആൻഡ് ജോൺസൺസിന് 362 കോടി രൂപ പിഴയിട്ട് കാലിഫോർണിയ കോടതി. ജോൺസൺ ആൻഡ് ജോൺസണിന്റെ ബേബി പൗഡർ ഉപയോ​ഗിച്ചത് അണ്ഡാശയ അർബുദത്തിന് കാരണമായെന്ന് കാണിച്ച് രണ്ട് സ്ത്രീകൾ നൽകിയ കേസിലാണ് വിധി വന്നത്. സ്ത്രീകൾക്ക് 40 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ ജ‍ഡ്ജി ആവശ്യപ്പെട്ടു.

കാലിഫോർണിയയിൽ താമസിക്കുന്ന കെൻ്റ്, ഷുട്സ് എന്നവർക്കാണ് അർബുദം ബാധിച്ചത്. കെന്റിന് 2014 ലും ഷുൾട്സിന് 2018 ലും അണ്ഡാശയ അർബുദം സ്ഥിരീകരിച്ചു. ഈ രണ്ട് സ്ത്രീകളും കഴിഞ്ഞ 40 വർഷമായി കുളിച്ചതിന് ശേഷം ജോൺസൺ ആൻഡ് ജോൺസൺ ബേബി പൗഡർ ഉപയോഗിച്ചതായി പറഞ്ഞു. വിചാരണയിൽ അവർ സാക്ഷികളെ നിരത്തുകയും ശസ്ത്രക്രിയകളും നിരവധി തവണ കീമോതെറാപ്പിയും നടത്തിയ തെളിവുകളും ഹാജരാക്കി.

വാദങ്ങൾ

കമ്പനിക്ക് തീർച്ചയായും ഇതിന്റെ അപകടങ്ങളെ കുറിച്ച് അറിയാമെന്നും അവർ ഇത് മൂടി വെക്കുവാൻ ശ്രമിക്കുകയാണെന്നും സ്ത്രീകളുടെ അഭിഭാഷകനായ ആൻഡി ബിർച്ച്‌ഫീൽഡ് പറഞ്ഞു. എന്നാൽ ഈ കേസിൽ തെളിവുകളൊന്നും ഇല്ലെന്നും ശരീരത്തിന് പുറത്ത് ഇടുന്ന പൗഡർ പ്രത്യുത്പാദന അവയവങ്ങളിലേക്ക് ബാധിക്കുന്ന രീതിയിൽ ഒരു പഠനവും കാണിക്കുന്നില്ലെന്നും ജോൺസൺ ആൻഡ് ജോൺസണിന്റെ അഭിഭാഷകയായ അലിസൺ ബ്രൗൺ പറഞ്ഞു. ഈ വിധിക്കെതിരെ ഉടൻ അപ്പീൽ നൽകുമെന്നും അലിസൺ ബ്രൗൺ പറഞ്ഞു.

ജോൺസൺ ആൻഡ് ജോൺസൺ പൗഡർ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചതിന് ശേഷം കാൻസർ ബാധിച്ചുവെന്ന് അവകാശപ്പെടുന്ന 67,000-ത്തിലധികം ആളുകളിൽ നിന്ന് ജോൺസൺ & ജോൺസൺ കേസുകൾ നേരിടുന്നുണ്ട്. ഇവയിലൊക്കെതന്നെ, തങ്ങളുടെ ഉൽപ്പന്നങ്ങൾ സുരക്ഷിതവും ആസ്ബറ്റോസ് രഹിതവും ക്യാൻസറിന് കാരണമാകുന്നില്ലെന്നും കമ്പനി വാദിക്കുന്നു.

മിക്ക കേസുകളിലും അണ്ഡാശയ കാൻസർ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതേസമയം ചിലർക്ക് അപൂർവവും എന്നാൽ മാരകവുമായ ഒരു കാൻസറായ മെസോതെലിയോമ പിടിപ്പെട്ടതായും കോസുണ്ട്. .