മുംബൈ: ആക്സിസ് ബാങ്കിൽ ഒൻപത് മാസത്തിനിടെ 15,000 ജീവനക്കാര്‍ രാജിവച്ചു. ടയര്‍ 2, ടയര്‍ 3 നഗരങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചതിന് പിന്നാലെ 28,000 പേര്‍ കമ്പനിയിൽ പുതുതായി ജോലിക്ക് ചേര്‍ന്നു. കമ്പനിയിലാകെ 75,000 പേരാണ് ജീവനക്കാരായുള്ളത്.

പോയവര്‍ഷം ഏപ്രിൽ മുതൽ ഡിസംബര്‍ വരെയുള്ള കാലയളവിൽ ജീവനക്കാരുടെ എണ്ണത്തിൽ 12,800 പേരുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2018-19 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ മൂന്ന് പാദങ്ങളിൽ 17 ശതമാനമായിരുന്നു തൊഴിലാളികളുടെ എണ്ണം വര്‍ധിച്ചത്. എന്നാൽ ഇത്തവണ ഇത് 19 ശതമാനമായി വര്‍ധിച്ചു.

അടുത്ത രണ്ട് വര്‍ഷത്തിനുള്ളിൽ 25,000 മുതൽ 30,000 പേര്‍ക്ക് തൊഴിൽ നൽകാനാണ് ബാങ്കിന്റെ ശ്രമം. ആക്സിസ് ബാങ്കിലും സഹോദര സ്ഥാപനങ്ങളിലുമായിരിക്കും നിയമനം നൽകുക. ഈ സാമ്പത്തിക വര്‍ഷത്തിൽ 550 പുതിയ ബ്രാഞ്ചുകൾ ആരംഭിക്കുമെന്നും ബാങ്ക് വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിൽ 400 ബ്രാഞ്ചുകളാണ് ബാങ്ക് ആരംഭിച്ചത്.