നികുതി പിരിവ്, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം , കസ്റ്റംസ്, മൂലധനച്ചെലവ് തുടങ്ങിയ മേഖലകളിലെല്ലാം പാകിസ്താന്റെ ഭരണ നിര്‍വഹണത്തിന് വലിയ പോരായ്മകള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു
സാമ്പത്തികമായി ദുര്‍ബലം, രാഷ്ട്രീയമായി അസ്ഥിരത, സാമ്പത്തിക സഹായം തേടി എപ്പോഴും കൈ നീട്ടുന്ന രാജ്യം... അന്താരാഷ്ട്ര നാണയ നിധി പാകിസ്താനെക്കുറിച്ച് നല്‍കുന്ന വിവരണം ഇതാണ്. ഐഎംഎഫ് പുറത്തിറക്കിയ 186 പേജുള്ള 'ഗവേണന്‍സ് ആന്‍ഡ് കറപ്ഷന്‍ ഡയഗ്‌നോസ്റ്റിക് റിപ്പോര്‍ട്ട്' പാകിസ്താനിലെ നയതന്ത്രപരമായ പരാജയങ്ങളും ആഴത്തില്‍ വേരൂന്നിയ അഴിമതിയും ലോകത്തിന് മുന്നില്‍ തുറന്നു കാണിക്കുന്നു. രാജ്യത്തെ സമ്പദ്വ്യവസ്ഥയെ തളര്‍ത്തുന്ന ഏറ്റവും വലിയ അഴിമതി 'എലൈറ്റ് ക്യാപ്ചര്‍' ആണെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. അതായത്, രാജ്യത്തെ പ്രധാന സാമ്പത്തിക മേഖലകളില്‍ സ്വാധീനം ചെലുത്തുന്ന, മിക്കവാറും സര്‍ക്കാരുമായി ബന്ധമുള്ള പ്രത്യേക വിഭാഗം നടത്തുന്ന കൊള്ള. ഈ അധികാര ദുരുപയോഗം പൊതുധനം വകമാറ്റി ചിലവഴിക്കാനും, വിപണികളെ തകിടം മറിക്കാനും, നിക്ഷേപം കുറയ്ക്കാനും ഇടയാക്കുന്നു.
2023 ജനുവരി മുതല്‍ 2024 ഡിസംബര്‍ വരെ പാകിസ്താനില്‍ അഴിമതിയുമായി ബന്ധപ്പെട്ട 5.3 ലക്ഷം കോടി രൂപയാണ് തിരിച്ചുപിടിച്ചത്. എന്നാല്‍, ഈ നഷ്ടത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് ഇതെന്നും, യഥാര്‍ത്ഥ നഷ്ടം ഇതിലും വലുതാണെന്നും ഐഎംഎഫ് എടുത്തുപറയുന്നു.
നീതിന്യായ വ്യവസ്ഥ ദുര്‍ബലം, വിശ്വാസം നഷ്ടപ്പെടുന്നു
പാകിസ്താനിലെ നീതിന്യായ വ്യവസ്ഥ സങ്കീര്‍ണ്ണവും, വേഗത കുറഞ്ഞതും, രാഷ്ട്രീയ ഇടപെടലുകള്‍ക്ക് എളുപ്പത്തില്‍ വഴിപ്പെടുന്നതുമാണെന്ന് ഐഎംഎഫ് കുറ്റപ്പെടുത്തുന്നു. ഈ ദുര്‍ബലത കാരണം കോടതികളെ ആശ്രയിച്ച് കരാറുകള്‍ നടപ്പിലാക്കാനോ സ്വത്തവകാശം സംരക്ഷിക്കാനോ സാധിക്കാതെ വരുന്നത് നിക്ഷേപകരെ അകറ്റുന്നു. സര്‍ക്കാര്‍ നടത്തുന്ന അഴിമതി വിരുദ്ധ ഏജന്‍സികളെ രാഷ്ട്രീയ പ്രതികാരത്തിനായി ഉപയോഗിക്കുന്നു എന്ന് 68% പാകിസ്താനികളും വിശ്വസിക്കുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഉത്തരവാദിത്തമില്ലാത്ത സര്‍ക്കാര്‍ സംവിധാനം
നികുതി പിരിവ്, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം , കസ്റ്റംസ്, മൂലധനച്ചെലവ് തുടങ്ങിയ മേഖലകളിലെല്ലാം പാകിസ്താന്റെ ഭരണ നിര്‍വഹണത്തിന് വലിയ പോരായ്മകള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പാര്‍ലമെന്റിന്റെ അനുമതിയില്ലാതെ തുകകള്‍ വകമാറ്റി ചിലവഴിക്കാന്‍ കഴിയുന്ന രീതികളും, സുതാര്യതയില്ലായ്മയും ഇതിന് പ്രധാന കാരണങ്ങളാണ്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ ആസ്തി പാകിസ്താന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 48% ആണ്. ഇത് വലിയ അഴിമതി സാധ്യതകള്‍ സൃഷ്ടിക്കുകയും സ്വകാര്യ നിക്ഷേപം ഇല്ലാതാക്കുകയും ചെയ്യുന്നു.
സുതാര്യത ഉറപ്പാക്കണമെന്ന് ആവശ്യം
പ്രധാന നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്ന സിവിലിയന്‍-സൈനിക വേദിയായ 'സ്‌പെഷ്യല്‍ ഇന്‍വെസ്റ്റ്മെന്റ് ഫെസിലിറ്റേഷന്‍ കൗണ്‍സിലി'നെക്കുറിച്ചും ഐഎംഎഫ് ആശങ്ക അറിയിച്ചു. ഇത് പ്രധാന സാമ്പത്തിക ഇടപാടുകളില്‍ സ്വന്തം ഇഷ്ടപ്രകാരം തീരുമാനമെടുക്കാന്‍ വഴിയൊരുക്കുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.
മെച്ചപ്പെട്ട സംഭരണ സംവിധാനങ്ങള്‍, നികുതി ഇളവുകള്‍ കുറയ്ക്കല്‍, നീതിന്യായ പ്രകടനങ്ങള്‍ മെച്ചപ്പെടുത്തല്‍ എന്നിവ ഉള്‍പ്പെടുന്ന ഭരണപരമായ പരിഷ്‌കരണങ്ങള്‍ പാകിസ്താന്‍ നടപ്പിലാക്കുകയാണെങ്കില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ജി.ഡി.പി. 5-6.5% വരെ വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്ന് ഐഎംഫ് കണക്കാക്കുന്നു. 1958 മുതല്‍ 25-ല്‍ അധികം തവണ പാകിസ്താന്‍ ഐംഎംഎഫില്‍ നിന്നും വായ്പയെടുത്തിട്ടുണ്ട്.


