പശ്ചിമേഷ്യയിലെ യുദ്ധം കാരണം ഉല്‍പാദന ചെലവ് വർദ്ധിച്ചതും കുപ്പികൾക്ക് ക്ഷാമം നേരിടുന്നതും ബിയർ വില വർദ്ധനവിലേക്ക് നയിക്കുന്നു. വില കൂട്ടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിർമ്മാതാക്കൾ സംസ്ഥാന സർക്കാരുകളെ സമീപിച്ചിട്ടുണ്ട്. ബിയറിന് പുറമെ വിദേശ മദ്യത്തിനും വില കൂടാൻ സാധ്യതയുണ്ട്.
പശ്ചിമേഷ്യയിലെ യുദ്ധവും സംഘര്‍ഷങ്ങളും കാരണം ഉല്‍പാദന ചെലവ് കൂടിയതോടെ ബിയറിനും വില വര്‍ദ്ധിപ്പിക്കാനൊരുങ്ങുകയാണ് കമ്പനികള്‍. കുപ്പികളുടെ ക്ഷാമവും നിര്‍മ്മാണ ചെലവ് വര്‍ദ്ധിച്ചതുമാണ് ബിയര്‍ നിര്‍മ്മാതാക്കളെ ഈ നീക്കത്തിന് പ്രേരിപ്പിക്കുന്നത്. വില കൂട്ടാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നിര്‍മ്മാതാക്കള്‍ വിവിധ സംസ്ഥാന സര്‍ക്കാരുകളെ സമീപിച്ചുകഴിഞ്ഞു.

കുപ്പിയിലൊതുങ്ങാത്ത പ്രതിസന്ധി
ബിയര്‍ നിര്‍മ്മാണത്തെക്കാള്‍ വലിയ കടമ്പ അത് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതാണെന്ന് ബ്രൂവേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ഡയറക്ടര്‍ ജനറല്‍ വിനോദ് ഗിരി പറയുന്നു. ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന ബിയറിന്റെ 80 ശതമാനവും ഗ്ലാസ് കുപ്പികളിലാണ്. എന്നാല്‍ യുദ്ധം കാരണം രാജ്യത്ത് ഗ്ലാസ് നിര്‍മ്മാണത്തിനാവശ്യമായ വാതകത്തിന് ക്ഷാമം നേരിടുകയും ഉല്‍പ്പാദനച്ചെലവ് കുത്തനെ കൂടുകയും ചെയ്തു. ബിയർ വില കൂടാനുള്ള പ്രധാന കാരണങ്ങള്‍ എന്തൊക്കെെയാണെന്ന് നോക്കാം.
ബിയറിന്റെ ആകെ വിലയുടെ 40-45 ശതമാനവും കുപ്പിയുടെ ചെലവാണ്. ഫാക്ടറി നിരക്കില്‍ ഒരു ഒഴിഞ്ഞ കുപ്പിക്ക് 12 മുതല്‍ 15 രൂപ വരെയാണ് വില. അലുമിനിയം ക്യാനുകള്‍ക്ക് 8-9 രൂപയുമാണ് ചെലവ് വരുന്നത്. ഗ്ലാസ് ഫാക്ടറികളിലെ ഉല്‍പ്പാദനച്ചെലവ് ഏകദേശം 20 ശതമാനത്തോളം വര്‍ദ്ധിച്ചിട്ടുണ്ട്. അധിക തുക നല്‍കാന്‍ തയ്യാറായാല്‍ പോലും ആവശ്യത്തിന് കുപ്പികള്‍ കിട്ടാനില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഇന്ത്യയില്‍ ക്യാനുകള്‍ നിര്‍മ്മിക്കുന്നത് രണ്ട് പ്രധാന ബഹുരാഷ്ട്ര കമ്പനികള്‍ മാത്രമാണ്. ആവശ്യത്തിന് ക്യാനുകള്‍ ഇല്ലാത്തതിനാല്‍ ഇവ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യേണ്ടി വരുന്നു. യുദ്ധം കാരണം കപ്പല്‍ ഗതാഗത ചെലവ് കൂടിയത് ഇതിന്റെയും വില വര്‍ദ്ധിപ്പിച്ചു.
വിദേശ മദ്യത്തിനും വില കൂടാന്‍ സാധ്യത
ബിയറിന് പിന്നാലെ വിദേശ മദ്യത്തിനും വില കൂട്ടണമെന്ന ആവശ്യവുമായി കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ആല്‍ക്കഹോളിക് ബിവറേജ് കമ്പനീസും രംഗത്തെത്തിയിട്ടുണ്ട്. ലോകത്തെ മൊത്തം അസംസ്‌കൃത എണ്ണയുടെ 20 ശതമാനത്തോളം ഉല്‍പ്പാദിപ്പിക്കുന്നത് പശ്ചിമേഷ്യയിലാണ്. യുദ്ധം കാരണം എണ്ണ വിതരണം തടസ്സപ്പെട്ടത് ചരക്ക് നീക്കത്തെയും പാക്കേജിംഗ് മേഖലയെയും സാരമായി ബാധിച്ചുവെന്ന് സിഐഎബിസി ഡയറക്ടര്‍ ജനറല്‍ ആനന്ദ് എസ്. അയ്യര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരുകള്‍ പച്ചക്കൊടി കാണിച്ചാല്‍ ഉടന്‍ തന്നെ പുതിയ വില വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരും. മദ്യത്തിന്റെ വില വര്‍ദ്ധിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി അത്യാവശ്യമാണ്. മറ്റ് നിത്യോപയോഗ സാധനങ്ങളെപ്പോലെ കമ്പനികള്‍ക്ക് സ്വന്തം നിലയ്ക്ക് വില കൂട്ടാന്‍ കഴിയില്ല.


