കഴിഞ്ഞ സാമ്പത്തിക വർഷം ബിഹാർ, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ ഏറ്റവും വലിയ വ്യക്തിഗത ആദായനികുതി ദാതാവായി എം.എസ്. ധോണി. ഐപിഎൽ, ബിസിസിഐ പെൻഷൻ, പരസ്യങ്ങൾ, ചെന്നൈയിൻ എഫ്സി പോലുള്ള ബിസിനസ് സംരംഭങ്ങൾ എന്നിവയിലൂടെയാണ് അദ്ദേഹത്തിന്റെ വരുമാനം. ഏകദേശം 1000 കോടി രൂപയാണ് ധോണിയുടെ ആകെ ആസ്തിയായി കണക്കാക്കുന്നത്.
ക്രിക്കറ്റ് മൈതാനത്ത് സിക്‌സറുകള്‍ പായിച്ച് ആരാധകരെ വിസ്മയിപ്പിച്ച മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണി, നികുതി അടയ്ക്കുന്ന കാര്യത്തിലും തന്റെ ഒന്നാം സ്ഥാനം കാത്തുസൂക്ഷിക്കുന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബിഹാര്‍, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ വ്യക്തിഗത ആദായനികുതി അടച്ചയാളെന്ന നേട്ടം ധോണി സ്വന്തമാക്കി. ബിഹാര്‍- ജാര്‍ഖണ്ഡ് പ്രിന്‍സിപ്പല്‍ ചീഫ് ഇന്‍കം ടാക്‌സ് കമ്മിഷണര്‍ ഡോ. ഡി. സുധാകര റാവു ആണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ധോണി കൃത്യമായി എത്ര തുക നികുതി ഇനത്തില്‍ നല്‍കിയെന്ന് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.

ഖജനാവിലേക്ക് 20,000 കോടി
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇരുസംസ്ഥാനങ്ങളില്‍ നിന്നുമായി ആകെ 20,000 കോടി രൂപയാണ് ആദായനികുതി വകുപ്പ് സമാഹരിച്ചത്. ഇതില്‍ സിംഹഭാഗവും ലഭിച്ചത് ജാര്‍ഖണ്ഡില്‍ നിന്നാണ്. 12000 കോടിയാണ് ജാര്‍ഖണ്ഡില്‍ നിന്ന് പിരിച്ചത്. ബിഹാറിലും ജാര്‍ഖണ്ഡിലുമായി ഏകദേശം 5.5 കോടി പാന്‍ കാര്‍ഡ് ഉടമകളുണ്ടെങ്കിലും ഇതില്‍ വെറും 40 ലക്ഷം പേര്‍ മാത്രമാണ് നിലവില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് എന്നത് ശ്രദ്ധേയമാണ്. 2025-ലെ കണക്കുകള്‍ പ്രകാരം ഏകദേശം 1000 കോടി രൂപയാണ് ധോണിയുടെ ആകെ ആസ്തിയായി കണക്കാക്കപ്പെടുന്നത്.
ഐപിഎല്ലിലെ 'തലപ്പൊക്കം'
ഐപിഎല്ലില്‍ ഇന്നും ചെന്നൈ സൂപ്പര്‍ കിങ്സിന്റെ നട്ടെല്ലാണ് ധോണി. 2025 സീസണില്‍ നാല് കോടി രൂപയ്ക്കാണ് ചെന്നൈ ടീം ധോണിയെ നിലനിര്‍ത്തിയത്. കരിയറിന്റെ സുവര്‍ണ്ണ കാലഘട്ടത്തില്‍ സീസണ്‍ ഒന്നിന് 15 കോടി രൂപ വരെ ധോണി പ്രതിഫലമായി വാങ്ങിയിട്ടുണ്ട്.
ബിസിസിഐ നല്‍കുന്ന പെന്‍ഷന്‍
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിനാല്‍ നിലവില്‍ ബിസിസിഐയുടെ സെന്‍ട്രല്‍ കരാറില്‍ ധോണി ഉള്‍പ്പെടുന്നില്ല. എങ്കിലും, രാജ്യത്തിനായി നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് മാസം 70,000 രൂപ പെന്‍ഷനായി ബിസിസിഐ ധോണിക്ക് നല്‍കുന്നുണ്ട്.
പരസ്യങ്ങളിലൂടെ ഒഴുകുന്നത് കോടികള്‍
ധോണി എന്ന ബ്രാന്‍ഡിന് ഇന്നും വിപണിയില്‍ വലിയ മൂല്യമാണുള്ളത്. വിവിധ ബ്രാന്‍ഡുകളുടെ പരസ്യങ്ങളിലൂടെ മാത്രം പ്രതിവര്‍ഷം ഏകദേശം 100 കോടി രൂപയാണ് അദ്ദേഹത്തിന്റെ വരുമാനം. പ്രമുഖ കമ്പനികളുടെയെല്ലാം വിശ്വസ്ത മുഖമായി ധോണി ഇന്നും തുടരുന്നു.
ബിസിനസ് സാമ്രാജ്യവും ആസ്തികളും
റാഞ്ചിയിലുള്ള ധോണിയുടെ കൂറ്റന്‍ ഫാം ഹൗസ് ഏറെ പ്രശസ്തമാണ്. ഇതിന് പുറമെ മുംബൈയിലും പൂനെയിലും ധോണിക്ക് സ്വന്തമായി വസ്തുക്കളുണ്ട്. കേവലം ക്രിക്കറ്റില്‍ മാത്രമല്ല, സ്‌പോര്‍ട്‌സ് രംഗത്തെ മറ്റ് മേഖലകളിലും ധോണിക്ക് നിക്ഷേപമുണ്ട്. ഐഎസ്എല്‍ ഫുട്‌ബോള്‍ ടീമായ ചെന്നൈയിന്‍ എഫ്സിയുടെ സഹ ഉടമയാണ് അദ്ദേഹം.'സെവന്‍' എന്ന സ്‌പോര്‍ട്‌സ് വെയര്‍ ബ്രാന്‍ഡിന്റെ ഉടമസ്ഥാവകാശവും ധോണിക്കുണ്ട്. ഇതുകൂടാതെ വിവിധ സ്റ്റാര്‍ട്ടപ്പുകളിലും ബിസിനസ് സംരംഭങ്ങളിലും ധോണി നിക്ഷേപം നടത്തിയിട്ടുണ്ട്.


